പ്രമേഹ രോഗികളായ മലയാളികളുടെ എണ്ണം കൂടുന്നു- ഡോ. പത്മകുമാര്‍

ദുബൈ: പ്രമേഹരോഗികളായ മലയാളികളുടെ എണ്ണം അപകടകരമായ രീതിയിൽ വ൪ധിച്ചുവരുന്നതായി സൺറൈസ് ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് മെഡിക്കൽ ഡയറക്ടറും സീനിയ൪ കൺസൾട്ടൻറ് സ൪ജനുമായ ഡോ. ആ൪. പത്മകുമാ൪. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തിലെ ജനസംഖ്യയിൽ 16-18 ശതമാനം പേരും പ്രമേഹ രോഗികളാണ്. എറണാകുളത്താണ് ഏറ്റവും കൂടുതൽ- 20 ശതമാനം. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത് ദുബൈയിലാണ്. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പ്രമേഹം പൂ൪ണമായും ഇല്ലാതാക്കാൻ കഴിയുമെന്നും ഇതേക്കുറിച്ച് അധികമാളുകളും ബോധവാന്മാരല്ലെന്നും ഡോ. പത്മകുമാ൪ ദുബൈയിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ജനിതക കാരണങ്ങളും തെറ്റായ ആഹാര ശീലങ്ങളുമാണ് മലയാളികളിൽ പ്രമേഹം വ൪ധിക്കാൻ കാരണം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളും ഫാസ്റ്റ്ഫുഡും വ്യായാമമില്ലായ്മയും പൊണ്ണത്തടി വ൪ധിപ്പിക്കുകയും പ്രമേഹമടക്കമുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. 35 വയസ്സുമുതൽ മലയാളികളിൽ കൊഴുപ്പ് വയറിൻെറ ഭാഗത്ത് അടിഞ്ഞുകൂടുന്നു. ഇത് പ്രമേഹം, കൂ൪ക്കം വലി, കൊളസ്ട്രോൾ, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ലോക ശരാശരിയേക്കാൾ 10 വയസ്സ് നേരത്തെ മലയാളികൾ പ്രമേഹബാധിതരാകുന്നതായാണ് കണക്ക്. കടുത്ത പ്രമേഹം മൂലം ഹൃദയാഘാതം, മസ്തിഷ്കാഘാതം, വൃക്ക രോഗങ്ങൾ, നാഡിവീക്കം, കാഴ്ച നഷ്ടപ്പെടൽ തുടങ്ങിയവ ഉണ്ടാകാം.
സ്ളീവ് ഗ്യാസ്ട്രക്ടമി എന്ന താക്കോൽ ദ്വാര ശസ്ത്രക്രിയയാണ് അമിതവണ്ണമുള്ള പ്രമേഹ രോഗികളിൽ സാധാരണ ചെയ്യുന്നത്. കുടലിലെ ഹോ൪മോണായ ജി.എൽ.പി ഒന്നിൻെറ അളവ് കൂട്ടിയാൽ ശരീരത്തിലെ ഇൻസുലിൻെറ അളവ് വ൪ധിപ്പിച്ച് പ്രമേഹം സുഖപ്പെടുത്താമെന്ന തത്വമാണ് ശസ്ത്രക്രിയയിലൂടെ പ്രയോഗവത്കരിക്കുന്നത്. ചെറുകുടലിൻെറ അവസാനഭാഗത്താണ് ജി.എൽ.പി ഒന്ന് കൂടുതലായുള്ളത്. അധികം ദഹിക്കാത്ത ആഹാരം ഈ ഭാഗത്ത് എത്തുന്നത് ഹോ൪മോണിനെ ഉദ്ദീപിപ്പിക്കും. ഇതിനായി ആമാശയത്തിൻെറ വലുപ്പം കുറക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഇത് അനിയന്ത്രിത ദഹനം കുറക്കുകയും ഭക്ഷണം ആമാശയത്തിൽ കെട്ടിക്കിടക്കാതെ ചെറുകുടലിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യുന്നു. ചെറുകുടലിൻെറ അവസാനഭാഗം ആമാശയത്തോട് അടുപ്പിക്കുന്നത് ജി.എൽ.പി ഒന്നിൻെറ ഉൽപാദനം കൂട്ടും. അമിത വണ്ണമില്ലാത്ത രോഗികളിൽ സ്ളീവ് ഗ്യാസ്ട്രക്ടമിയുടെ കൂടെ ഇലിയൽ ഇൻറ൪പൊസിഷൻ എന്ന ചെറുകുടൽ ശസ്ത്രക്രിയ കൂടി ചെയ്യണം. ശരീരത്തിൽ അധികമുള്ള കൊഴുപ്പ് നഷ്ടപ്പെടുക, കൊളസ്ട്രോളിൻെറ അളവ് സാധാരണ നിലയിലാകുക, ശ്വാസം മുട്ടൽ, ഹൃദയാഘാതം എന്നിവക്ക് ശമനമുണ്ടാവുക എന്നീ ഗുണങ്ങൾ കൂടി ശസ്ത്രക്രിയക്കുണ്ട്. 95 ശതമാനത്തിലധികം രോഗികൾക്ക് ഇത്തരത്തിൽ ഇൻസുലിനോ ഗുളികയോ ഇല്ലാതെ പ്രമേഹം പൂ൪ണനിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഈ ശസ്ത്രക്രിയയിൽ ലോകത്തെ വിദഗ്ധരിലൊരാളായ ഡോ. പത്മകുമാ൪ പറഞ്ഞു. പ്രമേഹ രോഗ നിയന്ത്രണത്തിനുള്ള മികച്ച മാ൪ഗമായി ന്യൂ ഇംഗ്ളണ്ട് ജേണൽ ഓഫ് മെഡിസിൻ 2012ൽ ശസ്ത്രക്രിയയെ അംഗീകരിച്ചിട്ടുണ്ട്.
ശസ്ത്രക്രിയക്ക് ചെലവ് അൽപം കൂടുതലാണെങ്കിലും ദീ൪ഘകാലത്തെ വിലകൂടിയ മരുന്നുകൾ ഒഴിവാകുന്നത് രോഗികൾക്ക് സാമ്പത്തിക നേട്ടമാണ്. ആശുപത്രിയിൽ നാലോ അഞ്ചോ ദിവസം മാത്രം ചെലവഴിച്ചാൽ മതി. സൺറൈസ് ഗ്രൂപിൻെറ ദുബൈ ഇൻറ൪നാഷനൽ മോഡേൺ ഹോസ്പിറ്റലിൽ ഈ ശസ്ത്രക്രിയ ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം ബാങ്കോക്കിൽ നടന്ന ഇൻറ൪നാഷനൽ അസോസിയേഷൻ ഓഫ് സ൪ജൻസ്, ഗാസ്ട്രോഎൻട്രോളജിസ്റ്റ് ആൻഡ് ഓങ്കോളജിസ്റ്റ് വേൾഡ് കോൺഗ്രസിൽ ഡോ. പത്മകുമാ൪ വിഷയം അവതരിപ്പിച്ചിരുന്നു. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരിലൊരാളായി അറേബ്യൻ ബിസിനസ് മാഗസിൻ കഴിഞ്ഞ വ൪ഷം ഡോ. പത്മകുമാറിനെ തെരഞ്ഞെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.