ചൈനീസ് കോടതി നിയമവിരുദ്ധമെന്ന് വിധിച്ച ജോലി സമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കണം; 72 മണിക്കൂർ ജോലിക്കായി വീണ്ടും നാരായണമൂർത്തി

ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്കായി ജീവനക്കാർ 72 മണിക്കൂർ ജോലി ചെയ്യണമെന്ന് പറഞ്ഞതിന് പിന്നാലെ ഇതിനായി ചൈനീസ് സമ്പ്രദായം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. ചൈനയിൽ വ്യാപകമായ 9-9-6 ജോലി സമ്പ്രദായം ഇന്ത്യയിൽ കൊണ്ട് വരണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ്യത്തെ യുവാക്കൾ അധികസമയം ജോലി ചെയ്താൽ മാത്രമേ ഇന്ത്യക്ക് പുരോഗതിയുണ്ടാവുവെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ചൈനീസ് ടെക് കമ്പനികളിൽ സാധാരണയായി കണ്ടുവരുന്ന ജോലി പാറ്റേണാണ് 9-9-6. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് മണി ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുകയെന്നതെന്നാണ് ഇത്. ഇതുപ്രകാരം ഒരാൾ ആഴ്ചയിൽ 72 മണിക്കൂർ​ ജോലി ചെയ്യും. ചൈനയിലെ ടെക് വിപ്ലവത്തിന് തുടക്കം കുറിച്ചത് ഈ ജോലി രീതിയാണെന്ന് അഭിപ്രായപ്പെടുന്നത്.

ആലിബാബ, വാവേയ്, ബൈറ്റാൻസ് പോലുള്ള പ്രമുഖ ചൈനീസ് കമ്പനികൾ ഇൗ രീതിയാണ് അവലംബിച്ചിരുന്നത്. എന്നാൽ, ഇത് ജീവനക്കാർക്കിടയിൽ കടുത്ത ജോലി സമ്മർദമുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചൈനയിലെ പല വിദഗ്ധരും ഇതിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയു​ടെ മുഖപത്രമായ പീപ്പിൾസ് ഡെയിലി തന്നെ സംവിധാനത്തെ വിമർശിച്ച് ലേഖനം എഴുതിയിരുന്നു. 2021ൽ വർക്ക് ലൈഫ് ബാലൻസിന് ഒട്ടും അനുയോജ്യമല്ല ഈ രീതിയെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് സു​പ്രീംകോടതി തന്നെ സംവിധാനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.

2023ലാണ് നാരായണ മൂർത്തി 72 മണിക്കൂർ ജോലി ചെയ്യണമെന്ന ചർച്ചകൾക്ക് തുടക്കമിട്ടത്. നാരായണമൂർത്തിയെ പിന്തുണച്ച് ചിലർ രംഗത്തെത്തിയെങ്കിലും പൊതുവിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. 

Tags:    
News Summary - Narayana Murthy now cites Chinese 9-9-6 system to back 72-hour work week call

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.