സാൻഫ്രാൻസിസ്കോ: ചൊവ്വാഴ്ച മുതൽ കോർപറേറ്റ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനൊരുങ്ങി ആമസോൺ. 30,000 പേർക്കാണ് തൊഴിൽ നഷ്ടമാവുക. ഇന്നു മുതൽ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസുകൾ ലഭിച്ചുതുടങ്ങും. ഏതാണ്ട് 1.55 മില്യൺ ജീവനക്കാരാണ് ആമസോണിലുള്ളത്. അതിന്റെ ചെറിയ ശതമാനം ആളുകളെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.
എന്നാൽ കോർപറേറ്റ് ജീവനക്കാരുടെ 10 ശതമാനം വരുമിത്. 2022നു ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് കമ്പനി ചെലവുകൾ കുറക്കുകയും അധിക ജീവനക്കാരെ എടുക്കുന്നത് നിർത്തുകയും ചെയ്തിരുന്നു. 2022ൽ 27,000 പേരെയാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ രണ്ടുവർഷമായി ഡിവൈസസ്, ആശയ വിനിമയം, പോഡ്കാസ്റ്റിങ് എന്നിവയുൾപ്പെടെ ഒന്നിലധികം ഡിവിഷനുകളിലായി ആമസോൺ ആളുകളെ വെട്ടിക്കുറച്ചു വരികയായിരുന്നു. പുതിയ തീരുമാനം പീപ്ൾസ് എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി എന്നറിയപ്പെടുന്ന ഹ്യൂമൻ റിസോഴ്സസ്, ഓപറേഷൻസ്, ഡിവൈസസ് ആൻഡ് സർവീസസ്, ആമസോൺ വെബ് സർവീസസ് എന്നിവയുൾപ്പെടെ വിവിധ ഡിവിഷനുകളെ ബാധിച്ചേക്കാം. ചൊവ്വാഴ്ച മുതൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന ഇ മെയിലുകൾ ലഭിക്കുന്ന ജീവനക്കാരുമായ ആശയ വിനിമയം നടത്താൻ അതത് ടീമുകളുടെ മാനേജർമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഇവർക്ക് ഇതുസംബന്ധിച്ച് തിങ്കളാഴ്ച പരിശീലനം നൽകിയിരുന്നു.
കമ്പനിയിലെ മാനേജർമാരുടെ എണ്ണം കുറക്കുന്നത് ആമസോൺ സി.ഇ.ഒ ആൻഡി ജാസിയുടെ മേൽനോട്ടത്തിലാണ്. ഉദ്യോഗസ്ഥരിൽ കാര്യക്ഷമമായി പ്രവർത്തിക്കാത്തവരെ കണ്ടെത്താനായി ജാസി ഒരു അജ്ഞാത പരാതി ലൈൻ സ്ഥാപിച്ചിരുന്നു. അതിലൂടെ 1500 പ്രതികരണങ്ങളാണ് ലഭിച്ചത്. 450ലേറെ മാറ്റങ്ങൾ കൊണ്ടുവരാനും ഇതുമൂലം സാധിച്ചു. നിർമിത ബുദ്ധി ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുന്നത് കൂടുതൽ തൊഴിലാളികളുടെ ജോലിനഷ്ടത്തിന് കാരണമാകുമെന്ന് ഈ വർഷം ജൂണിൽ ജാസി മുന്നറിയിപ്പു നൽകിയിരുന്നു. ആവർത്തന സ്വഭാവമുള്ളതും സാധാരണവുമായ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നത് വഴിയാണിത്.
എ.ഐ ഉപയോഗിക്കുന്നതിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ കഴിയുമെന്ന് ആമസോൺ തിരിച്ചറിഞ്ഞതായും അതിന്റെ സൂചനയാണ് കാണുന്നതെന്നും ഇ-മാർക്കറ്റർ അനലിസ്റ്റായ സ്കൈ കാനവിസ് വിലയിരുത്തി. ആമസോണിലെ എച്ച്.ആർ വിഭാഗത്തിൽ 15 ശതമാനം ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഫോർച്യുണർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷാദ്യം മുതൽ ജീവനക്കാർ ആഴ്ചയിൽ അഞ്ചുദിവസം കമ്പനിയിൽ നേരിട്ട് വന്ന് ജോലി ചെയ്യണമെന്നതും കർശനമാക്കി. ഇതുമൂലം ആളുകൾ സ്വമേധയാ കൊഴിഞ്ഞുപോകുമെന്നായിരുന്നു കമ്പനി കരുതിയത്. എന്നാൽ അത് സംഭവിച്ചില്ല. അതാണ് പിരിച്ചുവിടലിലേക്ക് നയിച്ചതെന്നും വിലയിരുത്തലുണ്ട്.
ടെക് മേഖലയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്ന വെബ്സൈറ്റായ Layoffs.fyi പ്രകാരം ഈ വർഷം ഇതുവരെ 216 കമ്പനികളിൽ നിന്നായി ഏതാണ്ട് 98,000 ജീവനക്കാരെ പിരിച്ചുവിട്ടുന്നൊണ്. 2024 153,000 പേർക്ക് ജോലി നഷ്ടമായി. ആമസോണിന്റെ ഏറ്റവും വലിയ ലാഭകേന്ദ്രമായ ക്ലൗഡ് കംപ്യൂട്ടിങ് യൂനിറ്റ് എ.ഡബ്ല്യു.എസ്, ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 30.9 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന രേഖപ്പെടുത്തി. മൂന്നാം പാദത്തില്‍ എ.ഡബ്ല്യു.എസ് ഏകദേശം 18 ശതമാനം വില്‍പ്പന വര്‍ധിച്ച് 32 ബില്യണ്‍ ഡോളറിലെത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ 19 ശതമാനം വര്‍ധനവിനേക്കാള്‍ നേരിയ കുറവാണ്. തിങ്കളാഴ്ച ആമസോണ്‍ ഓഹരികള്‍ 1.2 ശതമാനം ഉയര്‍ന്ന് 226.97 ഡോളറിലെത്തി. മൂന്നാം പാദ വരുമാനം വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.