ന്യൂഡൽഹി: ഇന്ത്യയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി വ്യക്തികൾ ചെലവഴിക്കുന്ന പണത്തിന്റെ കണക്കുകൾ പുറത്ത്. 10,380 കോടിയാണ് 2025ൽ ആളുകൾ ചെലവഴിച്ചത്. എഡൽഗിവ് ഹുറുൺ ഇന്ത്യയാണ് പട്ടിക പുറത്തുവിട്ടത്. എച്ച്.സി.എൽ ടെക്നോളജിയുടെ ശിവ്നാടാറാണ് ഏറ്റവും കൂടുതൽ തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത്. 2,708 കോടിയാണ് ശിവ്നാടാറിന്റേയും കുടുംബത്തിന്റേയും സംഭാവന.
പ്രതിദിനം ഏകദേശം 7.4 കോടി രൂപയാണ് നാടാർ സംഭാവന ചെയ്യുന്നത്. വിദ്യാഭ്യാസം, കലാ-സാംസ്കാരിക മേഖലകളിലാണ് നാടാറിന്റെ സംഭാവന. 626 കോടി സംഭാവന ചെയ്ത മുകേഷ് അംബാനിയാണ് പട്ടികയിൽ രണ്ടാമത്. റിലയൻസ് ഫൗണ്ടേഷൻ വഴി വിദ്യാഭ്യാസം, ഗ്രാമീണം, ആരോഗ്യം, വനിതശാക്തീകരണം എന്നീ മേഖലകളിലേക്കാണ് സംഭാവന.
ബജാജ് കുടുംബം 446 കോടി ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 27 ശതമാനം അധിക തുകയാണത്. കുമാർ മംഗളം ബിർള കുടുംബം 440 കോടി രൂപയാണ് സംഭാവനയായി നൽകിയത്. 32 ശതമാനം അധിക തുകയാണ് കുമാർ മംഗളം ബിർള ഇക്കുറി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്.
386 കോടി സംഭാവന ചെയ്ത് ഗൗതം അദാനിയാണ് പട്ടികയിൽ നാലാമത്. 365 കോടി നൽകിയ നന്ദൻ നിലേകേനി, ഹിന്ദുജ കുടുംബം എന്നിവരാണ് പട്ടികയിൽ ആറും ഏഴും സ്ഥാനങ്ങളിൽ. സൈറസ്, അദാർ പൂനേവാല എന്നിവരാണ് പട്ടികയിൽ അവസാനം ഇടംപിടിച്ചത്. 173 കോടിയാണ് ഇരുവരും ചേർന്ന് സംഭാവനയായി നൽകിയത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സംഭാവനയിൽ 21 ശതമാനത്തിന്റെ വർധനയുണ്ടായിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.