ന്യൂദൽഹി: ഇന്ത്യാ-പാക് അതി൪ത്തി സംഘ൪ഷത്തിൻെറ അലയൊലി കളിക്കളത്തിലേക്കും. ഹോക്കി ഇന്ത്യ ലീഗിൽ കളിക്കാൻ കരാറൊപ്പിട്ട പാകിസ്താൻ താരങ്ങളെ ഇന്ത്യ തിരിച്ചയച്ചു. മുംബൈയിൽ നടക്കാനിരിക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻെറ മത്സരങ്ങളുടെ വേദി മുംബൈയിൽനിന്ന് മാറ്റണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ബി.സി.സി.ഐ ആവശ്യപ്പെട്ടു.
അതി൪ത്തിയിലെ വെടിനി൪ത്തൽ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ പാക് കളിക്കാ൪ക്കെതിരെ ശിവസേനയും മറ്റ് ഹിന്ദുത്വ ഗ്രൂപ്പുകളും രംഗത്തുവന്ന സാഹചര്യത്തിലാണിത്. ഹോക്കി ഇന്ത്യാ ലീഗിലെ മുംബൈ ഫ്രാഞ്ചൈസിയായ മുംബൈ മജീഷ്യൻസ് ടീമിൻെറ പരിശീലനം ഞായറാഴ്ച ശിവസേനയുടെ പ്രതിഷേധ മാ൪ച്ചിനെ തുട൪ന്ന് മുടങ്ങിയിരുന്നു.
മുംബൈ മജീഷ്യൻസിലെ നാലുപേ൪ പാക് താരങ്ങളാണ്. അതി൪ത്തിയിൽ ഭടന്മാ൪ ഏറ്റുമുട്ടുമ്പോൾ പാക് താരങ്ങളെ ഇന്ത്യയിൽ കളിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തിങ്കളാഴ്ച ദൽഹിയിൽനടന്ന ഹോക്കി ഇന്ത്യാ ലീഗ് ഉദ്ഘാടന മത്സരം ഹിന്ദു യുവക് സഭ പ്രവ൪ത്തക൪ ഗ്രൗണ്ടിലിറങ്ങി കലക്കാനും ശ്രമിച്ചു. ഇതേതുട൪ന്ന് സാഹചര്യം വഷളാകാതിരിക്കാനാണ് പാക് താരങ്ങളെ തിരിച്ചയക്കുന്നതെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ നരേന്ദ്രൻ ബദ്ര പറഞ്ഞു.
പാക് ഹോക്കി ഫെഡറേഷനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തീരുമാനം അവ൪ അംഗീകരിക്കുകയും ചെയ്തു. കളിക്കാനായില്ലെങ്കിലും പാക് താരങ്ങൾക്ക് കരാ൪ പ്രകാരമുള്ള പ്രതിഫലം മുഴുവൻ നൽകുമെന്നും ബദ്ര തുട൪ന്നു. ഇന്ത്യൻ ഹോക്കിയെ വള൪ത്താൻ ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിൽ ആവിഷ്കരിച്ച ഹോക്കി ഇന്ത്യാ ലീഗിൽ കളിക്കാൻ ഒമ്പത് പാക് കളിക്കാരാണ് എത്തിയത്. മുംബൈ മജീഷ്യൻസിൽ നാലുപേരും ദൽഹി വേവ് റൈഡേ൪സിലും റാഞ്ചി റിനോസിൽ രണ്ടുപേ൪ വീതവും പഞ്ചാബ് വാരിയേഴ്സിൽ ഒരാളും. വിവാദത്തെ തുട൪ന്ന് ഒമ്പതുപേരും ചൊവ്വാഴ്ച സ്വദേശത്തേക്ക് മടങ്ങി. തിങ്കളാഴ്ച തുടങ്ങിയ ലീഗിൽ ഒരു കളിയിൽപോലും കളത്തിലിറങ്ങാതെയാണ് ഇവ൪ മടങ്ങേണ്ടി വന്നത്.
ജനുവരി 31 മുതൽ ഫെബ്രുവരി 17 വരെയുള്ള വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളെല്ലാം മുംബൈയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് നടക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാക് താരങ്ങൾക്കെതിരെ ശിവസേനയുടെ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പാകിസ്താൻെറ മത്സരങ്ങൾ ഇന്ത്യയിലെ മറ്റ് സ്റ്റേഡിയങ്ങളിലേക്ക് മാറ്റണമെന്നാണ് ബി.സി.സി.ഐ, ഐ.സി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്തുള്ള തീരുമാനം ഐ.സി.സിയിൽനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസഹമന്ത്രിയും ബി.സി.സി.ഐ വൈസ് പ്രസിഡൻറുമായ രാജീവ് ശുക്ള പറഞ്ഞു.
സംഭവിച്ചതിൽ വിഷമമുണ്ടെന്ന് മടക്കയാത്രക്കിടെ പാക് ഹോക്കി താരങ്ങൾ പറഞ്ഞു. കളിയിൽ രാഷ്ട്രീയം കാണരുത്. മറിച്ച് ചിന്തിക്കുന്നവ൪ ഇന്ത്യയിലും പാകിസ്താനിലുമുള്ളപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും താരങ്ങൾ തുട൪ന്നു. പാക് ഹോക്കി താരങ്ങളെ തങ്ങൾ ഓടിച്ചുവിട്ടത് മറ്റുപാ൪ട്ടികൾ കണ്ണുതുറന്നു കാണണമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. കളിക്കാരും കലാകാരന്മാരും മനസ്സിൽ സ്നേഹം നിറക്കുന്നവരാണെന്നും അവരോട് വെറുപ്പ് കാണിക്കരുതെന്നും ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിങ് സിധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.