ദേശീയപാത ടാറിങ്ങില്‍ ക്രമക്കേട്, അഴിമതി

മീനങ്ങാടി: ദേശീയപാത 212ൻെറ റീട്ടാറിങ് പ്രവൃത്തികളിൽ ക്രമക്കേടും അഴിമതിയും നടക്കുന്നതായി പരാതി. റോഡ് വീതികൂട്ടി ടാറിങ് നടത്തുന്നുണ്ടെങ്കിലും പാലങ്ങൾക്ക് പഴയ വീതിതന്നെയാണ്.
ഇതിനു പുറമെ പാതയോരത്തെ അക്കേഷ്യയുൾപ്പെടെ മരങ്ങളോട് ചേ൪ത്ത് ടാറിങ് നടത്തുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാര്യാട് ഭാഗത്തും മറ്റുമാണ് ഇങ്ങനെ അപകടം പതിയിരിക്കുന്നത്. ഇതിനുമുമ്പ് ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്.
ടാറിങ് പൂ൪ത്തിയായി വരുന്നതോടെ വാഹനങ്ങളുടെ അമിതവേഗത യാത്രക്കാ൪ക്ക് ഭീഷണിയായി.
രണ്ടു വ൪ഷത്തോളം കുണ്ടും കുഴിയുമായി ദുരിതയാത്രയാണ് യാത്രക്കാ൪ അനുഭവിച്ചത്. കരാറുകാരുടെ കിടമത്സരംമൂലം ടാറിങ് പ്രവൃത്തി അനന്തമായി നീണ്ടു.
ഇതിനുപുറമെ എസ്റ്റിമേറ്റിൽ കോടിക്കണക്കിന് രൂപയുടെ വ൪ധനയും വരുത്തി. പ്രവൃത്തിയിൽ തട്ടിപ്പു നടത്താൻ സഹായകമാകുന്നവിധത്തിലാണ് ഉദ്യോഗസ്ഥരുടെ നിലപാടുകളെന്നും പരാതിയുണ്ട്.
പഴയ റോഡ് ഇളക്കിയും ലെവൽചെയ്തും റബറൈസ്ഡ് റോഡാക്കിമാറ്റുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
എന്നാൽ, ഇളക്കിയ കല്ലും പഴയ ടാറിങ്ങും തന്നെ റോഡിൽ നിരത്തി അതിനുമുകളിലാണ് നൂതനമായ ടാറിങ് പ്രവൃത്തി നടത്തുന്നത്.
ഗുണനിലവാരം കുറഞ്ഞ പാറപ്പൊടിയും കല്ലുമാണ് ഉപയോഗിക്കുന്നതെന്ന് ആക്ഷേപമുണ്ട്. റോഡിൻെറ ഇരുസൈഡുകളിലും 75 സെ.മീ. വീതിയിൽ കുഴിയെടുത്ത് കോൺക്രീറ്റ് ഉറപ്പിച്ചശേഷം ടാറിങ് പ്രവൃത്തി നടത്തണമെന്നാണ് നി൪ദേശമെങ്കിലും ഇരുവശങ്ങളിലും പാറമടകളിൽ നിന്നും ഒഴിവാക്കുന്ന മട്ടിക്കല്ലിട്ട് വീതികൂട്ടിയാണ് പ്രവൃത്തി നടക്കുന്നത്.
റോഡ് ലെവലിങ് പണികൾ നടക്കുന്നുണ്ടെങ്കിലും ഇത് പലയിടത്തും ശാസ്ത്രീയമല്ല.
ടാറിങ് പ്രവൃത്തിക്ക് കി.മീറ്ററിന് ഒരു കോടിയിലധികം രൂപയാണ് ചെലവ്.
ലെവലിങ് കഴിഞ്ഞാൽ (മക്കാഡം) റോഡ് റബറൈസ്ഡ് ചെയ്യുന്ന പ്രവൃത്തി നടക്കാനിരിക്കെ ലെവലില്ലാത്ത റോഡിൽ മക്കാഡം നടത്തിയാൽ വേഗത്തിൽവരുന്ന വാഹനങ്ങൾക്ക് അപകടം സംഭവിക്കുമെന്നും വിദഗ്ധ൪ പറയുന്നു.
റോഡിൻെറ ബലക്ഷയം ഇപ്പോൾ തന്നെ പ്രകടമാവുന്നുണ്ട്. ഇത് അറ്റകുറ്റപ്പണി നടത്തി മുന്നോട്ടുപോവുകയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.