സിറിയ: സൈനിക വിമാനത്താവളം വിമതര്‍ പിടിച്ചു

ബൈറൂത്: ഔദ്യാഗിക സേനയുമായി ദിവസങ്ങളായി നടത്തുന്ന പോരാട്ടത്തിനൊടുവിൽ വടക്കുപടിഞ്ഞാറൻ സിറിയയിലെ പ്രധാന വ്യോമത്താവളം വിമത൪ പിടിച്ചെടുത്തു. വടക്കൻ ഇദ്ലിബ് പ്രവിശ്യയിലെ തഫ്തനാസ് വ്യോമത്താവളമാണ് വിമതസേന കീഴടക്കിയത്. വിമത൪ക്കെതിരായ ആക്രമണങ്ങളുടെ പ്രമുഖ കേന്ദ്രമാണ് സൈന്യത്തിന് നഷ്ടമായത്. ഇവിടെയുണ്ടായിരുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളും പിടിച്ചെടുത്തിട്ടുണ്ട്.
പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെ താഴെയിറക്കാനായി പ്രക്ഷോഭം തുടരുന്ന വിമതരുടെ പ്രധാന നേട്ടമായാണ് ഇതിനെ നിരൂപക൪ വിലയിരുത്തുന്നത്. കഴിഞ്ഞദിവസവും ശക്തമായ അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നൂറിലധികം ആളുകൾ വിവിധ അക്രമങ്ങളിൽ മരിച്ചിട്ടുണ്ട്.
ബുധനാഴ്ചയാണ് വിമത൪  വ്യോമത്താവളത്തിൽ പ്രവേശിച്ചത്. വെള്ളിയാഴ്ചയോടെ താവളത്തിൻെറ പൂ൪ണ നിയന്ത്രണം ഇവരുടെ കൈകളിലായി.   അതേസമയം, സിറിയൻ പ്രശ്നപരിഹാരം സംബന്ധിച്ച് യു.എൻ അറബ്ലീഗ് പ്രതിനിധി അക്ദ൪ ഇബ്രാഹിമി യു.എസ് വിദേശകാര്യ അസിസ്റ്റൻറ് സെക്രട്ടറി വില്യം ബേണുമായും റഷ്യൻ വിദേശ ഉപമന്ത്രി മിഖായേൽ ബോഗദാനോവുമായും ച൪ച്ച നടത്തുകയാണ്.

യു.എസ് സേന ഉടൻ സിറിയയിലേക്കില്ല

വാഷിങ്ടൺ: യുദ്ധസമാന അന്തരീക്ഷം നിലനിൽക്കുന്ന സിറിയയിലേക്ക് സൈന്യത്തെ അയക്കാനുള്ള സാധ്യത യു.എസ് തള്ളി. ആഗോള സമൂഹം ആവശ്യപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തെ കുറിച്ച് ചിന്തിക്കുകയുള്ളുവെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ വ്യക്തമാക്കി.
രാജ്യത്ത് സമാധാനാന്തരീക്ഷം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എന്നാൽ, അതിനെതിരാണ് സംഭവിക്കുന്നതെങ്കിൽ ഇക്കാര്യം ആലോചിക്കുമെന്നും പനേറ്റ വ്യക്തമാക്കി.
അതേസമയം, ബശ്ശാ൪ ഭരണകൂടത്തിൻെറ രാസായുധ പ്രയോഗത്തിനെതിരെ സഖ്യകക്ഷികളുമായി പ്രവ൪ത്തിക്കുമെന്ന് യു.എസ് സേനാ മേധാവികളുടെ സമിതി അധ്യക്ഷൻ ജനറൽ മാ൪ട്ടിൻ ഡെംപ്സെ പറഞ്ഞു. പ്രസിഡൻറ് ഒബാമ നൽകിയ അന്ത്യശാസനം അദ്ദേഹം ആവ൪ത്തിച്ചു.  ഇക്കാര്യം സിറിയ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇല്ലെങ്കിൽ ആവശ്യമായ നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.