മുട്ടം കൊല്ലംകുന്ന് മലയുടെ മുകളിൽ അഗ്നിരക്ഷ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ
വിധേയമാക്കുന്നു
തൊടുപുഴ: ചൂട് കൂടിവരുന്ന സാഹചര്യത്തിൽ തീപിടിത്തം മൂലമുള്ള അപകടങ്ങളുടെ ഭീതിലാണ് ജില്ല. പകലും രാത്രിയുമൊക്കെ ചെറുതും വലുതുമായ നിരവധി ഫയർകോളുകളാണ് ജില്ലയിലെ അഗ്നി ശമന സേന യൂനിറ്റുകളിലേക്ക് എത്തുന്നത്. തിങ്കളാഴ്ച രാത്രി മുട്ടം കൊല്ലംകുന്ന് മലയിൽ വൻ തീപിടിത്തമാണ് നടന്നത്. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച്, ചെങ്കുത്തായ മലനിരകളിൽ ജീവൻ പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തകർ തീയണച്ചത്. കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകട കാരണമായത്.
കൊല്ലംകുന്ന് മലയുടെ മുകൾഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തൊടുപുഴയിൽ നിന്ന് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങൾ മലമുകളിലേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നില്ല.
ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ കാൽനടയായി സഞ്ചരിച്ചാണ് സേനാംഗങ്ങൾ തീപിടിച്ച സ്ഥലത്തെത്തിയത്. വാട്ടർ ടാങ്കറുകൾ എത്തിക്കാനാകാത്ത സാഹചര്യത്തിൽ ഫയർ ബീറ്ററുകൾ, പച്ചിലക്കമ്പുകൾ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാൻ ശ്രമം തുടങ്ങിയത്.
ഒരുവശത്ത് ചെങ്കുത്തായ താഴ്ചയും മറുവശത്ത് ആളിപ്പടരുന്ന തീയും വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഒരു സമരമുറയ്ക്ക് സമാനമായാണ് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പൊരുതി തീ നിയന്ത്രണവിധേയമാക്കിയത്. കാറ്റ് ശക്തമായത് തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കിയെങ്കിലും രക്ഷാപ്രവർത്തകരുടെ കൃത്യസമയത്തെ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി.
പലപ്പോഴും ആളുകളുടെ അശ്രദ്ധ മൂലമാണ് തീപിടിത്തം ഉണ്ടാകുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നല്ല വെയിലുള്ള സമയത്ത് തീയിട്ടാൽ അത് നിയന്ത്രണാതീതമായി മറ്റ് ഭാഗങ്ങളിലേക്ക് ആളിപ്പടരാൻ ഇടയാക്കും.
മറ്റുസമയങ്ങളിൽ തീയിട്ടാലും വെള്ളവും കൂടാതെ പച്ചിലത്തൂപ്പും കരുതിവെക്കേണ്ടതാണ്. കാരണം തീ വ്യാപിച്ചാൽ ഇവ ഉപയോഗിച്ച് തീ ഉടൻ തന്നെ കെടുത്താൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ലോ റേഞ്ച്- ഹൈറേഞ്ച് വ്യത്യാസമില്ലാതെ കനത്ത ചൂടാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്. പറമ്പുകൾക്ക് തീ പിടിക്കുന്നതും കൂടിയിട്ടുണ്ട്. മാലിന്യവും കരിയിലയും കൂട്ടിയിട്ട് കത്തിക്കുന്നത് അപകടങ്ങൾക്ക് കാരമമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അഗ്നി രക്ഷാസേനാംഗങ്ങൾ പറയുന്നത്.
കഴിഞ്ഞ വർഷം 300ന് മുകളിൽ തീപിടിത്ത കോളുകളാണ് ജില്ലയിലെ അഗ്നി രക്ഷ യൂനിറ്റുകളിലേക്ക് എത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ തൊടുപുഴ താലൂക്കിലാണ്. മറ്റിടങ്ങളിൽ എത്തിപ്പെടാൻ പോലും പറ്റാത്ത ഇടങ്ങളാണ്. അവിടങ്ങളിൽ അഗ്നി രക്ഷ സേന എത്തുമ്പേഴേക്കും നാട്ടുകാർ തീ നിയന്ത്രണ വിധേയമാക്കിയിരിക്കും. കാറ്റിന്റെ സ്വാധീനവും തീ പിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ശക്തമായ കാറ്റുണ്ടാകുമ്പോൾ കരിയിലകൾ പറന്ന് അടുത്ത പറമ്പിലേക്കും മറ്റും തീ എത്തും.
അശ്രദ്ധമായി വലിച്ചെറിയുന്ന ചെറിയ സിഗരറ്റ് കുറ്റികൾ പോലും വലിയ തീപിടിത്തത്തിന് കാരണമാകും. തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ സ്വത്തിനും ജീവന് തന്നെയും പല തവണ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്. കാട്ടുതീ പടരുന്ന മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഫയര്‍ഫോഴ്സിനെ കുഴയ്ക്കുന്നത്.
പലപ്പോഴും വാഹനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടുതീ പടര്‍ന്ന് പിടിക്കുന്നത്. പുല്‍മേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പ്രദേശവാസികളുടെയടക്കം സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്.
തീ പടർന്നാൽ അണക്കാൻ ആവശ്യമായ വെള്ളമുണ്ടെന്ന മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം ചപ്പുചവറുകൾ കത്തിക്കാൻ ശ്രമിക്കണമെന്നാണ് അധികൃതർ പറയുന്നത്. ഉണങ്ങിയ പുല്ലിന് അശ്രദ്ധമായി തീയിടുന്നത് വന്യജീവികൾക്കും പരിസ്ഥിതിക്കും വലിയ ഭീഷണിയാണ്. തീയിടുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.