ന്യൂദൽഹി: പാക് അതി൪ത്തിയിൽ ഇന്ത്യൻ സൈനിക൪ക്ക് നേരെ നടന്ന ആക്രമണത്തിൽ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും ലശ്കറെ ത്വയ്യിബ സ്ഥാപകനെന്നും ആരോപിക്കപ്പെടുന്ന ഹാഫിസ് സഈദിൻെറ പങ്ക് സൂചിപ്പിച്ച് ഇന്ത്യ രംഗത്ത്. ഇന്ത്യൻ ഭടന്മാ൪ കൊല്ലപ്പെടുന്നതിന് നാലു ദിവസം മുമ്പ് ഹാഫിസ് സഈദ് പാക്അധീന കാശ്മീരിൽ സന്ദ൪ശനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ വെളിപ്പെടുത്തി.
ഹാഫിസ് സഈദ് അതി൪ത്തി മേഖലയിൽ നടത്തിയ സന്ദ൪ശനത്തെക്കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. അയാൾ അവിടെ ചിലരുമായി സംസാരിച്ചതായും അറിവുണ്ട് -ഷിൻഡെ പറഞ്ഞു. രണ്ടു ഇന്ത്യൻ സൈനിക൪ കൊല്ലപ്പെട്ട അതി൪ത്തിയിലെ വെടിവെപ്പിൽ തീവ്രവാദികളുടെ പങ്കുണ്ടോയെന്ന് ചോദിച്ചപ്പോൾ അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തീവ്രവാദികളുടെ പങ്കുണ്ടെങ്കിൽ അത് പുറത്തുകൊണ്ടുവരുന്നതിൽ അതിയായ താൽപര്യമുണ്ട്. വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഷിൻഡെ തുട൪ന്നു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിചാരണക്കായി കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നവരിൽ പ്രധാനിയാണ് പാകിസ്താനിലെ ജമാഅത്തുദ്ദഅ്വ എന്ന സംഘടനയുടെ നേതാവായ ഹാഫിസ് സഈദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.