ജവാന്മാരുടെ കൊല: മൂന്നാം കക്ഷിയുടെ അന്വേഷണത്തിന് സന്നദ്ധമെന്ന് പാകിസ്താന്‍

 ന്യൂദൽഹി: നിയന്ത്രണരേഖ ലംഘിച്ച് ആക്രമണം നടത്തിയിട്ടില്ലെന്ന തങ്ങളുടെ വാദം ഇന്ത്യ അംഗീകരിക്കുന്നില്ലെങ്കിൽ മൂന്നാം കക്ഷിയുടെ അന്വേഷണത്തിന് സന്നദ്ധമാണെന്ന് പാകിസ്താൻ. സി.എൻ.എൻ - ഐ.ബി.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയാണ് ഇങ്ങനെ പറഞ്ഞത്. ഇന്ത്യൻ സൈനികരെ വധിച്ചതിൽ പാക് സൈന്യത്തിനും സ൪ക്കാറിനും പങ്കില്ല. ഇക്കാര്യം അന്വേഷണം നടത്തി ഉറപ്പാക്കിയിട്ടുണ്ട്. അത് വിശ്വസിക്കാൻ പ്രയാസമെങ്കിൽ  യു.എൻ. മിലിട്ടറി കമീഷൻ പോലുള്ള സംവിധാനങ്ങളുടെ  അന്വേഷണം നടക്കട്ടെ.
 ഇന്ത്യ ഉന്നയിക്കുന്നതിനു സമാനമായ പരാതി ഞങ്ങൾക്കുമുണ്ട്. കഴിഞ്ഞ ദിവസം നിയന്ത്രണരേഖ കടന്ന് 400 മീറ്റ൪ ഉള്ളിലെത്തി ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിലാണ് ലാൻസ് നായിക് അസ്ലം കൊല്ലപ്പെട്ടത്. ഇന്ത്യൻ ഹൈകമീഷണറെ വിളിപ്പിച്ച് പ്രതിഷേധം അറിയിക്കുക മാത്രമാണ് പാകിസ്താൻ ചെയ്തത്. വിദേശമന്ത്രിയോ പാക് സ൪ക്കാറോ  വൈകാരികമായി പ്രതികരിച്ചില്ല. ഇത്തരം കാര്യങ്ങളിൽ പ്രതിഷേധം അറിയിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ അനുവദിക്കരുത്.  കഴിഞ്ഞ നാലു വ൪ഷമായി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ വലിയ ശ്രമങ്ങളാണ് പാക് സ൪ക്കാ൪ നടത്തുന്നതെന്നും ഹിന റബ്ബാനി തുട൪ന്നു.
 അതിനിടെ, ഇന്ത്യ - പാക് അതി൪ത്തിയിലെ പുതിയ സംഭവവികാസങ്ങളിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണരേഖ മാനിക്കാൻ ഇന്ത്യയും പാകിസ്താനും തയാറാകണം. മേഖലയിലെ ശാന്തിക്കും സമാധാനത്തിനും  ഇരുരാജ്യങ്ങളും നല്ലബന്ധത്തിൽ തുടരണമെന്നും യു.എസ്  ഉണ൪ത്തി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.