ബംഗളൂരു: വിദഗ്ധ ചികിത്സക്കായി ബംഗളൂരു സൗഖ്യ ആയു൪വേദ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനിക്ക് അടിയന്തരമായി ലഭ്യമാകേണ്ട വൈദ്യസഹായം നൽകിത്തുടങ്ങിയതായി ആശുപത്രി ഡയറക്ട൪ ഡോ. ഐസക് മത്തായി അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് മഅ്ദനിയെ പരപ്പന അഗ്രഹാര ജയിലിൽനിന്ന് സൗഖ്യയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രിതന്നെ പ്രാഥമിക പരിശോധന പൂ൪ത്തിയാക്കിയ ഡോക്ട൪മാ൪ ചൊവ്വാഴ്ച രക്ത സാമ്പിളുകളും മറ്റും ശേഖരിച്ച് വിശദ പരിശോധനക്ക് അയച്ചു. ഡോ. ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള ഡോക്ട൪മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. മൂക്കിൽ പഴുപ്പ് ബാധിച്ചത് പ്രത്യേക തരം അണുവിൻെറ പ്രവ൪ത്തനംകൊണ്ടാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
ഇതിനുള്ള ചികിത്സയും തുടങ്ങി. കരൾ, വൃക്ക എന്നിവയുടെ പ്രവ൪ത്തനവും ശരീരത്തിലെ പോഷകത്തിൻെറ അളവും നി൪ണയിക്കുന്നതിന് രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭ്യമാവും. അതിനുശേഷം പൂ൪ണ രീതിയിലുള്ള ചികിത്സ തുടങ്ങും. ജയദേവ കാ൪ഡിയോളജി സെൻറ൪, അഗ൪വാൾ കണ്ണാശുപത്രി എന്നിവയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവിടങ്ങളിൽനിന്നുള്ള ചികിത്സ ലഭ്യമാക്കും.
നിരവധി രോഗങ്ങൾ അലട്ടുന്നുണ്ടെങ്കിലും മഅ്ദനി ഉന്മേഷവാനാണെന്നും ഭാര്യയുടെയും മകൻെറയും സാന്നിധ്യം വലിയ ആശ്വാസമാണെന്നും ഡോക്ട൪ മത്തായി പറഞ്ഞു. മഅ്ദനി ആവശ്യപ്പെട്ടതനുസരിച്ച് മാധ്യമം പത്രം എത്തിച്ചുനൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സുപ്രീംകോടതിയുടെ നി൪ദേശത്തെ തുട൪ന്ന് 2011 ജൂണിൽ ബി.ജെ.പി സ൪ക്കാ൪ മഅ്ദനിയെ സൗഖ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 28 ദിവസത്തെ ചികിത്സക്കുശേഷം ആശുപത്രി വിട്ടപ്പോൾ മാസത്തിലൊരിക്കൽ പരിശോധന നടത്തണമെന്നും ആറു മാസം കഴിഞ്ഞ് വീണ്ടും അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ട൪മാ൪ ജയിലധികൃത൪ക്ക് നി൪ദേശം നൽകി. എന്നാൽ, പിന്നീടൊരിക്കലും മഅ്ദനിക്ക് ഇവിടെ ചികിത്സ നൽകാൻ സ൪ക്കാ൪ തയാറായില്ല.
ആരോഗ്യസ്ഥിതി മോശമായിട്ടും ചികിത്സ ലഭ്യമാക്കാൻ അധികൃത൪ തയാറാവാതിരുന്നതോടെയാണ് സ്വന്തം ചെലവിൽ ആശുപത്രിയിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.