മഞ്ചേരി: കേസുമായി മുന്നോട്ടുപോകരുതെന്നാവശ്യപ്പെട്ട് മഞ്ചേരിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻെറ കുടുംബത്തിന് പൊലീസുകാരുടെ ഭീഷണിയെന്ന് പരാതി. മഞ്ചേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വയനാട് പനമരം സ്വദേശി ജയേഷിൻെറ പിതാവ് രവികുമാറും കുടുംബവും കഴിയുന്ന വണ്ടൂ൪ കാരക്കാപറമ്പിലെ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് രവികുമാ൪ പറഞ്ഞു.
രണ്ട് പൊലീസുകാരും പ്രാദേശിക യൂത്ത്കോൺഗ്രസ് ഭാരവാഹിയുമാണ് വീട്ടിലെത്തിയത്. താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും ഭാര്യയും ചെറിയ കുട്ടികളുമായിരുന്നു വീട്ടിലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മ൪ദിച്ചെന്ന പരാതിയും കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും മറ്റും വീട്ടുകാരോട് പറഞ്ഞതായി രവികുമാ൪ പറഞ്ഞു.
ഞായറാഴ്ച രാവിലെ ഒമ്പതിനാണ് പൊലീസുകാ൪ വീട്ടിലെത്തിയത്. പിന്നീട് പ്രാദേശിക യൂത്ത്കോൺഗ്രസ് ഭാരവാഹി പൊലീസുകാ൪ക്കുവേണ്ടി വിളിച്ചുവരുത്തി കേസിൽനിന്ന് പിൻവാങ്ങാൻ സമ്മ൪ദം ചെലുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വണ്ടൂ൪ എസ്.ഐയുടെ മ൪ദനത്തിൽ പരിക്കേറ്റ ജയേഷിനെ മഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ പൊലീസ് മൊഴിയെടുക്കുകയോ കേസ് രജിസ്റ്റ൪ ചെയ്തിട്ടോ ഇല്ല.
അതേസമയം, നിയമനടപടിയുടെ ഏതറ്റംവരെയും പോകുമെന്ന് രവികുമാറും മകൻ ജയേഷും പറഞ്ഞു. എന്തിൻെറ പേരിലാണ് മകനെ മ൪ദിക്കുന്നതെന്ന് ചോദിച്ചപ്പോൾ മോഷണകേസിലെ പ്രതിയാണെന്ന് പറഞ്ഞാണ് മ൪ദിച്ചതെന്ന് ജയകുമാ൪ തിങ്കളാഴ്ച ആശുപത്രിയിലെത്തിയ എൻ.സി.എച്ച്.ആ൪.ഒ ഭാരവാഹികളെ അറിയിച്ചു.
ആദിവാസി യുവാവ് പൊലീസ് മ൪ദനത്തിൽ പരിക്കേറ്റ് മൂന്നു ദിവസം ആശുപത്രിയിൽ കിടന്നിട്ടും സ൪ക്കാറോ പൊലീസോ ആദിവാസി ക്ഷേമ വകുപ്പോ തിരിഞ്ഞുനോക്കാത്തത് ഗൗരവമായി കാണണമെന്നും സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഇവ൪ പറഞ്ഞു. പി.എസ്. അലി അക്ബ൪, അഡ്വ. അബ്ദുൽഷുക്കൂ൪, പി.വി. മുജീബ്റഹ്മാൻ, ജനകീയ മോട്ടോ൪ തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. എ.എ. റഹീം എന്നിവരാണ് ആശുപത്രി സന്ദ൪ശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.