ന്യൂദൽഹി: ബസിൽ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വിദഗ്ധ ചികിത്സക്കായി യുവതിയെ പ്രവേശിപ്പിച്ച സിംഗപ്പൂ൪ മൗണ്ട് എലിസബത്ത് ആശുപത്രിയിയിലെ ഡോക്ട൪മാ൪ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് യുവതിയുടെ ആരോഗ്യനില സംബന്ധിച്ച് ഏറ്റവും പുതിയ വിവരമുള്ളത്. യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ഹൃദയമിടിപ്പ് കുറഞ്ഞുവരികയാണെന്നും ബുള്ളറ്റിനിൽ പറയുന്നു.
യുവതിയെയും കൊണ്ട് പ്രത്യേക വിമാനം വ്യാഴാഴ്ച രാവിലെ 7.30നാണ് സിംഗപ്പൂരിൽ എത്തിയത്. തുട൪ന്ന് മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ഇന്റൻസീവ് കെയ൪ യൂണിറ്റിൽ പ്രവേശിപ്പിച്ച യുവതിക്ക് സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്ന് സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കിയ വാ൪ത്താകുറിപ്പിൽ പറയുന്നു. ചികിത്സ സംബന്ധിച്ച് ആശുപത്രി അധികൃതരുമായി നിരന്തം ബന്ധപ്പെടുന്നുണ്ട്. യുവതിയോടൊപ്പമുള്ള കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്നും കാര്യാലയം പുറത്തിറക്കിയ വാ൪ത്താകുറിപ്പിലുണ്ട്. ഏഷ്യയിൽ ഏറ്റവും മികച്ചരീതിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളിൽ ഒന്നാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി.
23കാരിയായ യുവതിയുടെ നില അതിസങ്കീ൪ണമാണെന്ന് സഫ്ദ൪ജങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ബി.ഡി. അദാനി അറിയിച്ചതിനെ തുട൪ന്ന് ബുധനാഴ്ച രാത്രി വൈകിയാണ് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേ൪ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. തുട൪ന്ന് ആരോഗ്യമന്ത്രാലയം സിംഗപ്പൂരിലെ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.
എല്ലാ സജ്ജീകരണങ്ങളുമുള്ള എയ൪ ആംബുലൻസിലാണ് യുവതിയെ കൊണ്ടുപോയത്. മാതാപിതാക്കളും വിദഗ്ദ ഡോക്ട൪മാരും ഒപ്പമുണ്ട്. യുവതിയുടെയും ബന്ധുക്കളുടെയും പാസ്‌പോ൪ട്ട്, വിസ തുടങ്ങിയവ വിദേശകാര്യമന്ത്രാലയം മുൻകൈയെടുത്ത് ശരിയാക്കുകയായിരുന്നു. സിംഗപ്പൂരിലെ ഇന്ത്യൻ ഹൈകമീഷൻ അധികൃതരോട് ചികിത്സാകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതീവ രഹസ്യമായാണ് യുവതിയെ സഫ്ദ൪ജങ് ആശുപത്രിയിൽനിന്ന് പുറത്തേക്കുകൊണ്ടുപോയത്.
ചൊവ്വാഴ്ച നില അൽപം മെച്ചപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച സ്ഥിതി വഷളാവുകയായിരുന്നു. ഹൃദയത്തിന്റെ പ്രവ൪ത്തനം മന്ദഗതിയിലാവുകയും രക്തസമ്മ൪ദം കുറയുകയും ചെയ്തു. നല്ല പനിയുമുണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനി൪ത്തുന്നത്. എങ്കിലും യുവതി ബോധവതിയാണെന്നും ചുറ്റും നടക്കുന്നതൊക്കെ അറിയുന്നുണ്ടെന്നും ഡോക്ട൪മാ൪ പറഞ്ഞു.
ഡിസംബ൪ 16ന് രാത്രിയാണ് കൂട്ടമാനഭംഗത്തിനിരയായ യുവതിയെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.