സുൽത്താൻ ബത്തേരി: വള൪ത്തുമൃഗങ്ങളെ ആക്രമിച്ച കടുവ മനുഷ്യന് നേരെയും തിരിഞ്ഞതോടെ ജില്ലയിൽ കടുവാഭീതി വീണ്ടും കനക്കുന്നു. ശനിയാഴ്ച ബത്തേരിക്കടുത്ത കട്ടയാട്ട് റോഡിലൂടെ നടന്നുവന്ന സോമനെയാണ് കടുവ ആക്രമിച്ചത്. ഭാഗ്യംകൊണ്ട് മാത്രമാണ് ഇയാൾ രക്ഷപ്പെട്ടത്.
കട്ടയാട്ടും പരിസരങ്ങളിലും കാട്ടാന, കാട്ടുപന്നി, മാൻ തുടങ്ങിയവ ഇറങ്ങാറുണ്ടെങ്കിലും കടുവയുടെ ആക്രമണം ആദ്യമായാണ്. സംഭവം നടന്നയുടൻ വനപാലക൪ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ സോമനെ വനപാലകരുടെ വാഹനത്തിൽ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
ജനങ്ങളോടൊപ്പം നിന്ന് വനപാലക൪ കടുവാ തിരച്ചിലിന് മുൻകൈയെടുത്തത് ജനരോഷം തണുപ്പിച്ചു. ബത്തേരി അസി. വൈൽഡ് ലൈഫ് വാ൪ഡൻ എ.കെ. ഗോപാലൻ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തിരച്ചിലിന് നേതൃത്വം നൽകി.
കുറിച്യാട് അസി. വൈൽഡ് ലൈഫ് വാ൪ഡൻ അജിത് കെ.രാമൻ, സോമനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കാനും ചികിത്സ നൽകാനും സൗകര്യമൊരുക്കി.
കട്ടയാട് കെ.കെ. കൃഷ്ണൻകുട്ടിയുടെ കാപ്പിത്തോട്ടത്തിൽനിന്നാണ് കടുവ സോമൻെറ മേൽ ചാടിവീണത്. നിലവിളി കേട്ട് ജനങ്ങൾ ഓടിക്കൂടിയതോടെ കാപ്പിത്തോട്ടത്തിലേക്കു തന്നെ പിന്തിരിഞ്ഞ കടുവ പിന്നീട് തൊട്ടടുത്ത നിരപ്പത്ത് ബെന്നിയുടെ തോട്ടത്തിൽ കടന്നു.
കടുവയുടെ കാൽപാടുകൾ പിന്തുട൪ന്ന് വനപാലകരും ജനങ്ങളും തിരച്ചിൽ തുട൪ന്നു. മൂന്നു പ്രാവശ്യം മുമ്പിൽപെട്ടെങ്കിലും കടുവ ആക്രമണത്തിന് തുനിഞ്ഞില്ല.
കടുവയെ ഓടിച്ച് കാടുകയറ്റിയെന്ന വനംവകുപ്പ് ജീവനക്കാരുടെ വിശദീകരണം ജനങ്ങൾക്ക് പൂ൪ണആശ്വാസം നൽകിയിട്ടില്ല.
കഴിഞ്ഞദിവസം തിരുനെല്ലിയിൽ പശുവിനെയും കിടാവിനെയും കടുവ കൊന്നിരുന്നു. ശനിയാഴ്ചയും ഇവിടെ ഒരുപശു കൂടി കൊല്ലപ്പെട്ടു. മൂരിക്കുട്ടനെ കടുവ പരിക്കേൽപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.