ഇന്തോനേഷ്യ കഴിഞ്ഞാല്‍ കൂടുതല്‍ മുസ്ലിംകള്‍ ഇന്ത്യയില്‍

വാഷിങ്ടൺ: ഇന്തോനേഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം മുസ്ലിംകളുള്ള രാജ്യം ഇന്ത്യയാണെന്ന് റിപ്പോ൪ട്ട്. പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂറിസേ൪ച്ച് ആണ് ലോകത്തെ വിവിധ മതവിശ്വാസികളുടെ പുതിയ കണക്കുകൾ പുറത്തു വിട്ടത്്.
ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്താണ് ഇസ്ലാം മത വിശ്വാസികൾ (160 കോടി). ഒന്നാം സ്ഥാനത്ത് ക്രിസ്തുമതവും (220 കോടി) മൂന്നാം സ്ഥാനത്ത് ഹിന്ദുമതവുമാണ്. വിവിധ രാജ്യങ്ങളിൽ സ൪ക്കാറുകൾ നടത്തിയ കണക്കെടുപ്പുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോ൪ട്ട്.
ലോകജനസംഖ്യയുടെ 32 ശതമാനം വരുന്ന ക്രിസ്തുമതസ്ഥ൪ 157 രാജ്യങ്ങളിലെ ഭൂരിപക്ഷ മതക്കാരാണ്.  ഇവരിൽ 87 ശതമാനും ഈ രാജ്യങ്ങളിലാണ്. ലോകജനസംഖ്യയുടെ 23 ശതമാനം വരുന്ന ഇസ്ലാം മതവിശ്വാസികൾ ഭൂരിഭാഗം ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്താൻ, തു൪ക്കി തുടങ്ങി പത്ത് രാജ്യങ്ങളിലായി താമസിക്കുന്നു. ഇന്ത്യൻ ജനസംഖ്യയിൽ മുസ്ലിംകൾ ന്യൂനപക്ഷമാണെങ്കിലും ആകെ മുസ്ലിംകളുടെ 11 ശതമാനവും ഇന്ത്യയിലാണ്.
നൂറുകോടിയിലേറെ വരുന്ന ഹിന്ദുമത വിശ്വാസികൾ 97 ശതമാനവും ഇന്ത്യ, നേപ്പാൾ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലാണ്.  ഏഷ്യക്ക് പുറത്തുള്ള ഹിന്ദു ജനസംഖ്യ ഒരു ശതമാനത്തിൽ താഴെയാണ്.  തങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ താൽപര്യമുള്ളവരാണ് ഹിന്ദു, ക്രിസ്തു മതവിശ്വാസികളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗോത്ര-പരമ്പരാഗത ജനവിഭാഗം ആറ് ശതമാനമാണ്. നാൽപത് കോടിയോളം വരുന്ന ഇവ൪ ആഫ്രിക്ക, ചൈന, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതലായും വസിക്കുന്നത്. അതേസമയം, ലോകജനസംഖ്യയുടെ 16 ശതമാനം  ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. ഇസ്രായേലാണ് ജൂതമത ഭൂരിപക്ഷമുള്ള ഒരേ ഒരു രാജ്യം.
വിശ്വാസികളിൽ ഏറ്റവും കുറഞ്ഞ ശരാശരി പ്രായം മുസ്ലിംകളിലാണ്. 23 വയസ്സ്. ഹിന്ദുമതം (26), ക്രിസ്തുമതം (30), പരമ്പരാഗത വിഭാഗം (33) എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കൂടിയ ശരാശരി പ്രായം ജൂതന്മാ൪ക്ക് -36 വയസ്സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.