ചെങ്ങന്നൂ൪: ചെന്നിത്തല തെക്ക് തൈപറമ്പിൽ മോഹനൻെറ മകൾ സുമതയെ (25) പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവവത്തിൽ ഭ൪ത്താവ് ഷിബുവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സുമത പൊലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് .
സിവിൽ എൻജിനീയറിങ് ഡിപ്ളോമ പാസായ സുമതക്ക് മാവേലിക്കരയിലെ സ്വകാര്യ ബാങ്കിൽ ജോലി ഉണ്ടായിരുന്നെങ്കിലും ഭ൪ത്താവിൻെറ ഇടപെടലിനെ തുട൪ന്ന് വേണ്ടെന്നുവെച്ചു. കഴിഞ്ഞ മാസം 26 ന് രാവിലെയാണ് ഇവരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പൊലീസ് ഇതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.തുട൪ന്ന് ചെന്നിത്തല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ കെ.ആ൪. രഗീഷ്മോൻെറ ഇടപെടലിനെ തുട൪ന്ന് എസ്.ഐ ജി. സുഭാഷ് ചന്ദ്രബോസിൻെറ നേതൃത്വത്തിൽ യുവതിയിൽ നിന്ന് മൊഴിയെടുക്കുകയായിരുന്നു. വിവാഹ ബന്ധം വേ൪പ്പെടുത്താൻ ആലപ്പുഴ കുടുംബകോടതിയിൽ നേരത്തേ സുമത കേസുകൊടുത്തിരുന്നു. പിന്നീട് കൗൺസിലിങ്ങിലൂടെ പ്രശ്നം ഒത്തുതീ൪പ്പാക്കി ഒരുമിച്ച് കഴിയുകയായിരുന്നു.
സുമതയുടെ മാതാവ് സുഭദ്ര ഒരുവ൪ഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. പിതാവ് മോഹനനും സഹോദരിയും മാത്രമാണ് വീട്ടിലുള്ളത്. വീട്ടിലെ പ്രയാസങ്ങൾ കാരണം ഭ൪തൃഗൃഹത്തിലാണ് ഇവ൪ താമസിച്ചിരുന്നത്.ഇവിടെവെച്ചു തന്നെയാണ് പൊള്ളലേറ്റത്. മുഖവും പാദവും ഒഴികെയുള്ള ഭാഗങ്ങളിൽ പൊള്ളലേറ്റ സുമതയെ വിദഗ്ധ ചികിത്സക്ക് അടുത്തയാഴ്ച കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.