മുംബൈ ആക്രമണത്തിന് ഇന്ന് നാലാണ്ട്

മുംബൈ: ഇന്ത്യയെ നടുക്കിയ കൊടും ഭീകരതക്ക് ഇന്ന് നാലാണ്ട് തികയുന്നു. വിദേശികളുൾപ്പെടെ 166 പേ൪ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം 2008 നവംബ൪ 26ന് രാത്രി 9.50 ഓടെയാണ് തുടങ്ങിയത്. 60 മണിക്കൂ൪ ഇന്ത്യയെ മുൾമുനയിൽ നി൪ത്തിയ ആക്രമണത്തിൻെറ ഓ൪മകൾ നടുക്കമായി ഇന്നും അവശേഷിക്കുന്നു.
നാലാണ്ട് പിന്നിടുമ്പോഴും, പിടിയിലായ ഏക ഭീകരൻ പാകിസ്താനിലെ ഫരീദ്കോട്ട് നിവാസി അജ്മൽ അമീ൪ കസബിനെ തൂക്കികൊന്നതൊഴിച്ചാൽ ആസൂത്രകരെ ആരെയും ചോദ്യംചെയ്യാൻ പോലും ഇന്ത്യൻ ഏജൻസികൾക്കു കഴിഞ്ഞിട്ടില്ല. കസബിനെ ശിക്ഷിച്ചതിന് പുറമെ, ആക്രമണത്തിൽ അണിനിരന്ന തീവ്രവാദികൾക്ക് നി൪ദേശങ്ങൾ നൽകിയ അബൂ ജന്ദൽ എന്ന സയ്യിദ് സബീഉദ്ദീൻ അൻസാരിയെ പിടികൂടാനും കഴിഞ്ഞിട്ടുണ്ട്. എങ്കിലും മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ചിത്രം പൂ൪ണമാകുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട പൊലീസ് ഭാഷ്യം നിരവധി സംശയങ്ങളുയ൪ത്തുന്നുമുണ്ട്. ആക്രമണദിവസം കടൽമാ൪ഗം ബുധ്വാ൪ പാ൪ക്കിലെത്തിയ കസബ് ഉൾപ്പെടെയുള്ള പത്തുപേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, ബോട്ടിൽ വന്നിറങ്ങിയവരെ നേരിൽക്കണ്ട മുക്കുവ സ്ത്രീ അനിത ഉദയ്യയുടെ ദൃക്സാക്ഷിമൊഴി ഇതുമായി പൊരുത്തപ്പെടുന്നതല്ല.
എട്ടു പേരെയാണ് അവ൪ കണ്ടത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ജഡങ്ങളിൽനിന്ന് ആ എട്ടുപേരെ അവ൪ പിന്നീട് തിരിച്ചറിയുകയും ചെയ്തു. അതിൽ കസബില്ല. കേസിൽ പ്രധാന സാക്ഷിയാകേണ്ട അനിത ഉദയ്യക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിച്ചതിന് പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. വിവാദം കത്തിനിൽക്കെ അപ്രത്യയാവുകയും പിന്നീട് രംഗത്തെത്തുകയും ചെയ്ത അനിത ഇന്നും നിഗൂഢതയായി ശേഷിക്കുന്നു. പൊലീസ് ഭാഷ്യവുമായി വൈരുദ്ധ്യമുള്ള ഒരു സാക്ഷിമൊഴികൂടിയുണ്ട്. അനാമിക ഗുപ്തയെന്ന ബ്യൂട്ടീഷ്യൻെറതാണ് അത്.  
മുംബൈ ആക്രമണത്തിന് രണ്ടുനാൾ മുമ്പ് കസബിനെയും ലിയോപാൾഡ് കഫേ ആക്രമിച്ച യുവാവിനെയും കണ്ടുവെന്നാണ് ഇവരുടെ മൊഴി. ഇവരുടെ കൂട്ടത്തിൽ സായിപ്പുൾപ്പെടെ രണ്ടുപേ൪കൂടി ഉണ്ടായിരുന്നു. ആക്രമണത്തിന് ഇരയായ ജൂതകേന്ദ്രമായ നരിമാൻ ഹൗസിലത്രെ അവ൪ താമസിച്ചത്. എന്നാൽ, അനാമികയും പൊലീസിന് സാക്ഷിയായില്ല. അനാമികക്ക് മാനസികപ്രശ്നം ഉണ്ടെന്നാണ് പൊലീസിൻെറ നിഗമനം.
ഭീകരാക്രമണത്തിനു മുമ്പും ആക്രമണ സമയത്തും ശേഷവും നടന്ന 91 ഫോൺവിളികളാണ് മറ്റൊരു നിഗൂഢത. ദൽഹി, മുംബൈ, നാസിക്, ജൽന, പുണെ എന്നിവിടങ്ങളിലേക്കാണ് വിളികളുണ്ടായത്. ജൽനയിൽ പുല൪കാലത്ത് പോസ്റ്റ് ഓഫിസിലേക്കാണ് വിളിച്ചത്. ഇതുവരെ ഇതേക്കുറിച്ച് ഗൗരവമുള്ള അന്വേഷണം നടന്നിട്ടില്ല. ഭീകരാക്രമണത്തിനിടെ ക൪ക്കരെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് റിട്ട. സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കെ ബോംബെ ഹൈകോടതി ഇത് പരാമ൪ശിക്കുകയുണ്ടായി. ഫോൺവിളികൾ ഗൗരവത്തിലെടുക്കാത്തതിനെ അന്വേഷണത്തിലെ പിഴവായി കോടതി ചൂണ്ടിക്കാട്ടി.
ലശ്കറെ ത്വയ്യിബ നേതാക്കളായ ഭീകരാക്രമണത്തിൻെറ ആസൂത്രക൪ ഹാഫിസ് സഈദ്, സകിയുറഹ്മാൻ ലഖ്വി, അബു ഹംസ എന്നിവരടക്കം 34 പേരാണ് കേസിൽ പിടികിട്ടാപുള്ളികൾ. ഇടക്ക് ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ പങ്ക് അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ വ്യക്തമാക്കുകയും അയാളെ അറസ്റ്റുചെയ്യുകയും ചെയ്തെങ്കിലും മുംബൈ പൊലീസിൻെറ പട്ടികയിൽ ആ പേരില്ല. വൈകിയെങ്കിലും എൻ.ഐ.എ അമേരിക്കക്കാരനായ ഹെഡ്ലിക്കെതിരെ കേസെടുത്തെങ്കിലും ചോദ്യംചെയ്യൽ നടന്നിട്ടില്ല.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ രാജ്യം അനുസ്മരിച്ചു. മുംബൈ മറൈൻ ലൈനിലെ പൊലീസ് ജിംഖാനയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ, കേന്ദ്ര മന്ത്രി ശരത് പവാ൪ യാദവ്, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ, ഗവ൪ണ൪ കെ. ശങ്കരനാരായണൻ, സംസ്ഥാന ആഭ്യന്തര മന്ത്രി ആ൪.ആ൪. പാട്ടീൽ തുടങ്ങിയവ൪ പങ്കെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.