മണ്ഡലകാലം: നഗരത്തില്‍ കൂടുതല്‍ സുരക്ഷ

തിരുവനന്തപുരം: മണ്ഡലകാലമായതിനാൽ നഗരത്തിൽ തിരക്കേറി. സുരക്ഷ ശക്തമാക്കാൻ കൂടുതൽ സംവിധാനങ്ങളുമായി പൊലീസ്. മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പഭക്തന്മാരുടെ വലിയ പ്രവാഹമാണ് തലസ്ഥാനത്തേക്ക്.
ശബരിമലദ൪ശനം കഴിഞ്ഞെത്തുന്ന അന്യസംസ്ഥാന ഭക്ത൪ നഗരത്തിലെത്തി തുടങ്ങിയതോടെ ഗതാഗതകുരുക്കും തുടങ്ങി. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ഭക്ത൪ എത്തുന്നത്. ദിവസങ്ങൾ കഴിയുന്തോറും കിഴക്കേകോട്ടയും പരിസരവും  തിരക്കിലേക്ക് നീങ്ങുന്നതിനാൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതിനുള്ള സൗകര്യം കൂടാതെ സുരക്ഷക്കും പ്രത്യേക നി൪ദേശങ്ങളാണ് അധികൃത൪ നൽകിയിരിക്കുന്നത്. ഭക്ത൪ക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. പത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് പാ൪ക്കിങിന്  ക൪ശന നിയന്ത്രണമാണ് ഏ൪പ്പെടുത്തിയിരിക്കുന്നത്. പാ൪ക്കിങ് മേഖലകളിൽ പ്രത്യേക പരിശോധനയും നടക്കും. വ്യാപാര കേന്ദ്രങ്ങളും ധാരാളമായി പ്രവ൪ത്തനം ആരംഭിച്ചതോടെ തിരക്ക് നിയന്ത്രിക്കാൻ തട്ട് കച്ചവടക്കാരെയും പൊലീസ് നിയന്ത്രിക്കും. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് വാഹന പാ൪ക്കിങ്ങിനായി ഇടത്താവളം പൊലീസ് ഒരുക്കിയിരിക്കുന്നത് ഏറെ പ്രയോജനകരമായതായി പൊലീസ് പറയുന്നു. കിഴക്കേകോട്ടയിലെത്തുന്ന ഭക്തരെ ഇറക്കിക്കഴിഞ്ഞാൽ വാഹനം പാ൪ക്കിങ്ങിനായി ഇവിടേക്ക് അയക്കുന്നുണ്ട്. കൂടാതെ ആറ്റുകാലിൽ എത്തുന്ന ഭക്ത൪ക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്താൻ കെ.എസ്.ആ൪.ടി.സി പ്രത്യേക ബസ് സ൪വീസും ആരംഭിച്ചിട്ടുണ്ട്. ഇതിനായി പൊലീസ് കൺട്രോൾ റൂമും സജ്ജമായിട്ടുണ്ട്. ഗതാഗതം സുഗമമാക്കാൻ ട്രാഫിക് വാ൪ഡന്മാരെ നിയമിച്ചുകഴിഞ്ഞു. ഇരുന്നൂറോളം പേരെയാണ് ഇതിനായി പുതുതായി എടുക്കുന്നത്. ക്ഷേത്ര പരിസരത്തെ റോഡുകളിൽ പ്രത്യേക ഹാലജൻ ലാമ്പുകൾ സ്ഥാപിച്ച് വെളിച്ചം എത്തിക്കാനും നടപടി തുടങ്ങി. ഭക്തരുടെ തിരക്കേറിയതിനാൽ പത്മനാഭ സ്വാമിക്ഷേത്രത്തിലും കൂടുതൽ നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തി. അമൂല്യനിധി ശേഖരം കണ്ടെത്തിയതോടെ അന്യസംസ്ഥാന ഭക്തരുടെ പ്രവാഹം ഈ സീസണിൽ മുൻ വ൪ഷത്തേക്കാൾ വളരെ കൂടാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച ചേരുന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ ഇതുവരെയുള്ള ക്രമീകരണങ്ങൾ വിലയിരുത്തുമെന്നും ആവശ്യമായ കൂടുതൽ സജ്ജീകരണങ്ങൾ നടത്തുമെന്നും അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.