ആരവങ്ങള്‍ക്കൊപ്പം വൈകാരികമായി 30ാം വാര്‍ഷിക പ്രഖ്യാപനം

തിരുവനന്തപുരം: ആശയത്തിന്‍െറ കരുത്തും അക്ഷരങ്ങളുടെ വിശുദ്ധിയും നേരിന്‍െറ പക്ഷവും മുറുകെപ്പിടിച്ച് 30ാം വയസ്സിലേക്ക് ചുവടുറപ്പിക്കുന്ന ‘മാധ്യമ’ത്തിന് ആശീര്‍വാദവും ഐക്യദാര്‍ഢ്യവുമായത്തെിയത് പ്രൗഢഗംഭീര സദസ്സ്. കോബാങ്ക് ടവര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ ആരവങ്ങള്‍ക്കൊപ്പം വൈകാരികമായിരുന്നു നിമിഷങ്ങളോരോന്നും. കേരളത്തിന്‍െറ രാഷ്ട്രീയ-സാംസ്കാരിക മേഖലയുടെ പ്രതിനിധികള്‍ വേദിയില്‍ അണിനിരന്നപ്പോള്‍ ‘മാധ്യമം’ കുടുംബവും ഗുണകാംക്ഷികളുമടങ്ങുന്ന സദസ്സ് ആഹ്ളാദാരവങ്ങളിലായി. 30ന്‍െറ യൗവനതീക്ഷ്ണതയും നിലപാടുകളിലെ കാര്‍ക്കശ്യവും കൈമുതലാക്കി കൂടുതല്‍ കരുത്തോടെ മുന്നേറാനുള്ള പ്രഖ്യാപനവും പ്രതിജ്ഞയും കൂടിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്. വൈകീട്ട് നാലോടെതന്നെ അതിഥികള്‍ എത്തിത്തുടങ്ങി. ക്ഷണിക്കപ്പെട്ട സദസ്സായിരുന്നെങ്കിലും ‘മാധ്യമ’ത്തോടുള്ള വൈകാരിക അടുപ്പം മൂലം ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍  ഇതര ജില്ലകളില്‍നിന്നടക്കം നിരവധിപേര്‍ എത്തി. 
 ‘മാധ്യമ’ത്തിന്‍െറ വളര്‍ച്ചയും പിന്നിട്ട പടവുകളും വിവരിക്കുന്ന ദൃശ്യാവിഷ്കാരമായിരുന്നു ആദ്യം. പ്രയാണപാതയിലെ  നേട്ടങ്ങളും നാഴികക്കല്ലുകളും സ്ക്രീനില്‍ കാണാന്‍ വിശിഷ്ടാതിഥികളും സദസ്സിന്‍െറ മുന്‍നിരയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് അവരെ വേദിയിലേക്ക് ആനയിച്ചത്. 
‘മാധ്യമ’ത്തിന്‍െറ സഞ്ചാരവഴിയിലെ  വ്യതിരിക്തതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അതിഥികളുടെ സംസാരമോരോന്നും. 30ാം വാര്‍ഷികത്തിന്‍െറ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. 
സേവന പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴുളള സദസ്സിന്‍െറ പ്രതികരണം സംരംഭങ്ങളോടുള്ള ഉള്ളുനിറഞ്ഞ ഐക്യദാര്‍ഢ്യവുമായി. 
മന്ത്രിമാരായ കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വി.എസ്. ശിവകുമാര്‍ എം.എല്‍.എയും ആര്‍കിടെക്റ്റ് ജി. ശങ്കറും സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരനും ചുരുങ്ങിയ സമയത്തിനുള്ളില്‍ ‘മാധ്യമ’ത്തിന്‍െറ ധീരമായ ഇടപെടലുകളെ കൃത്യമായി അവതരിപ്പിച്ചാണ് വേദിവിട്ടത്.
 ചടങ്ങിലത്തെിയവരിലെ ഏറ്റവും പ്രായമുള്ള ആള്‍ താനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഒ. രാജഗോപാല്‍ എം.എല്‍.എയും മുപ്പതാണ്ടിന്‍െറ ബദല്‍ മാധ്യമ സംസ്കാരത്തിന് ആശംസയര്‍പ്പിച്ചാണ് മടങ്ങിയത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.