ആ തൊഴി സൈദിനെ താരമാക്കി

മഡ്രിഡ്: കൂട്ടപ്പലായനത്തിനിടെ, ഹംഗേറിയന്‍ മാധ്യമപ്രവര്‍ത്തകയുടെ തൊഴിയേറ്റുവീണ് ലോകമാധ്യമങ്ങളിലെ നൊമ്പര ചിത്രമായ സിറിയന്‍ അഭയാര്‍ഥി കുടുംബത്തിന് റയല്‍ മഡ്രിഡിന്‍െറ ആദരം. സ്പാനിഷ് ലാ ലിഗയില്‍ റയല്‍-ഗ്രനഡ മത്സരത്തിന് സാക്ഷ്യംവഹിക്കാനായിരുന്നു ഉസാമ അബ്ദുല്‍ മുഹ്സിനെയും മക്കളായ സൈദ് അബ്ദുലിനെയും മുഹമ്മദിനെയും  വിശിഷ്ടാതിഥികളായി ക്ഷണിച്ചത്. ഗാലറിയില്‍ ക്ളബ് തലവന്മാര്‍ക്കൊപ്പമായിരുന്നു ഇവരുടെ ഇരിപ്പിടം. കിക്കോഫിന് റയല്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൈപിടിച്ച് അകമ്പടിയായി ഏഴു വയസ്സുകാരന്‍ സൈദുമുണ്ടായിരുന്നു. ഇഷ്ടതാരത്തിന്‍െറ കൈപിടിച്ച സൈദ്് മൈതാനമധ്യത്തില്‍നിന്നപ്പോള്‍ സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നിറഞ്ഞ റയല്‍ ആരാധകരും എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു.
സൈദിനെയുമെടുത്ത് പിതാവ് ഹംഗറിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തക ഇവരെ കാല്‍വെച്ച് വീഴ്ത്തിയത്. പേടിച്ചരണ്ടുപോയ സൈദിന്‍െറ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ ലോകമനസ്സാക്ഷിയെയും പിടിച്ചുലച്ചു.
സൈദിനെയും പിതാവിനെയും വീഴ്ത്തുന്ന ദൃശ്യം വിവാദത്തിന് തിരികൊളുത്തിയതോടെ സിറിയയിലെ ഫുട്ബാള്‍ പരിശീലകനായ അബ്ദുല്‍ മുഹ്സിന് സ്പാനിഷ് ഫുട്ബാള്‍ ക്ളബ് ജോലി നല്‍കിയിരുന്നു. കുടുംബത്തിന് പുനരധിവാസവും വാഗ്ദാനം ചെയ്തതോടെയാണ് മൂത്തമകന്‍ മുഹമ്മദും ഇവര്‍ക്കൊപ്പം ചേര്‍ന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.