ഇക്കുറി ഈസി വാക്കോവറല്ല

തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോള്‍ യു.ഡി.എഫിന്‍െറ പൊന്നാപുരം കോട്ടയില്‍ പോരാട്ടം ബലാബലം. ഇലക്ഷന്‍ പ്രഖ്യാപനത്തിനു മുമ്പ് യു.ഡി.എഫിന് അനുകൂലമായ കാറ്റുവീശിയ വയനാട് ജില്ലയില്‍ പക്ഷേ, സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും ഊര്‍ജം കൈവരിച്ച് എല്‍.ഡി.എഫ് ഒപ്പത്തിനൊപ്പം ഓടിയത്തെുകയായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫ് തൂത്തുവാരിയ ജില്ലയില്‍ ഇക്കുറിയും അവര്‍ക്കുതന്നെയാണ് നേരിയ മേല്‍ക്കൈ. എങ്കിലും മിക്ക പഞ്ചായത്തുകളിലും പ്രതീക്ഷ വെക്കാന്‍ കഴിയുന്ന രീതിയിലേക്ക് ഇടതുമുന്നണി മത്സരം കൊഴുപ്പിച്ചിട്ടുണ്ട്. ചുരത്തിനു മുകളില്‍ കഴിഞ്ഞ തവണ മൃഗീയ ഭൂരിപക്ഷത്തോടെ ജില്ലാ പഞ്ചായത്തും മുഴുവന്‍ ബ്ളോക് പഞ്ചായത്തുകളും 25ല്‍ 22 ഗ്രാമപഞ്ചായത്തുകളും തൂത്തുവാരിയ ഐക്യമുന്നണിക്ക് ഇക്കുറി വയനാട് ഈസി വാക്കോവറല്ല.

ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ 16ല്‍ 13 സീറ്റ് നേടിയ യു.ഡി.എഫിന് ഇത്തവണയും നേരിയ ഭൂരിപക്ഷത്തിനെങ്കിലും ഭരണം പിടിക്കാന്‍ കഴിഞ്ഞേക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ലീഗിന്‍െറ നാലു സീറ്റുകളിലും ജയസാധ്യത കല്‍പിക്കപ്പെടുന്നതാണ് യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നത്. അതേസമയം, പേമെന്‍റ് സീറ്റ് വിവാദത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് കണ്ടംതുരുത്തി വിമതനായി മത്സരിക്കുന്ന മുള്ളന്‍കൊല്ലി ഉള്‍പ്പെടെ യു.ഡി.എഫിന്‍െറ ഉറച്ച ചില ഡിവിഷനുകളില്‍ ഇത്തവണ കടന്നുകയറാമെന്ന മോഹം ഇടതിനുണ്ട്. കഴിഞ്ഞ തവണ വിജയിച്ച മൂന്നു സീറ്റുകള്‍ക്കു പുറമെ തോമാട്ടുചാല്‍, പൊഴുതന, മേപ്പാടി, തവിഞ്ഞാല്‍, അമ്പലവയല്‍ തുടങ്ങിയ ഡിവിഷനുകളാണ് ഇടതുപക്ഷം കാര്യമായി ഉന്നമിടുന്നത്.

ഭൂരിപക്ഷം ബ്ളോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് വീണ്ടും അധികാരത്തിലത്തെുമെന്നാണ് വിലയിരുത്തല്‍. ബ്ളോക് പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ നാലില്‍ നാലും ജയിച്ച യു.ഡി.എഫില്‍നിന്ന് ഇക്കുറി സുല്‍ത്താന്‍ ബത്തേരി പിടിച്ചെടുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. മുനിസിപ്പാലിറ്റിയായതോടെ യു.ഡി.എഫ് ശക്തികേന്ദ്രമായ ബത്തേരി, ബ്ളോക്കിന് പുറത്തായതാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ തവണ മുഴുവന്‍ ഡിവിഷനും തൂത്തുവാരിയ പനമരം ബ്ളോക് പഞ്ചായത്തില്‍പോലും യു.ഡി.എഫ് ഇത്തവണ വെല്ലുവിളി നേരിടുന്നുണ്ട്. അഞ്ചു വര്‍ഷത്തിനിടെ വികസനത്തില്‍ ഏറെ മുന്നേറ്റമുണ്ടാക്കിയെന്ന പ്രചാരണത്തിലൂടെ കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടിയിട്ടുണ്ട്. എന്നാല്‍, പരമ്പരാഗത ശക്തികേന്ദ്രമായ സുല്‍ത്താന്‍ ബത്തേരിയില്‍ മുന്നണി വിയര്‍ക്കുകയാണ്. മാനന്തവാടിയില്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമാണ്.

പ്രഖ്യാപനത്തിന് മുമ്പുള്ള യു.ഡി.എഫ് അനുകൂല അന്തരീക്ഷത്തിന് ഇടിവുതട്ടിയത് മുന്നണി കക്ഷികള്‍ക്കിടയിലെ ഗ്രൂപ്പു പോരും വിഴുപ്പലക്കലും വഴിയായിരുന്നു. സി.പി.എമ്മിലും ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെങ്കിലും അതു പുറമേക്ക് കാര്യമായി പ്രതിഫലിക്കുന്നില്ല. കല്‍പറ്റ മുനിസിപ്പാലിറ്റിയില്‍ മാത്രം മൂന്നു സീറ്റുകളില്‍ യു.ഡി.എഫ് വിമതര്‍ മത്സരിക്കുന്നുണ്ട്.  മുന്‍കാലങ്ങളില്‍നിന്ന് വിപരീതമായി ലീഗിന്‍െറപോലും വിമത സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി അണികള്‍ക്കുള്ളില്‍നിന്നുതന്നെ സ്വീകാര്യത ലഭിക്കുന്നതാണ് നേതൃത്വത്തെ അലട്ടുന്നത്. പടിഞ്ഞാറത്തറ, വെള്ളമുണ്ട, മുട്ടില്‍, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മേപ്പാടി, പനമരം, കോട്ടത്തറ തുടങ്ങിയ പല പഞ്ചായത്തുകളിലും ലീഗില്‍ ഭിന്നത നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസിലെയും ലീഗിലെയും അസ്വാരസ്യങ്ങള്‍ വോട്ടിങ്ങില്‍ പ്രതിഫലിച്ചാല്‍ ഇതില്‍ ചില പഞ്ചായത്തുകളിലെ ഭരണം മാറിമറിയും.

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയ കക്ഷികളുടെ സാന്നിധ്യവും പലയിടത്തും നിര്‍ണായകമാവും. കഴിഞ്ഞ തവണ നേടിയ മൂന്നു പഞ്ചായത്തുകള്‍ക്കു പുറമെ പത്തോളം പഞ്ചായത്തുകളില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫിന്‍െറ കണക്കുകൂട്ടല്‍. ജില്ലയില്‍ പ്രതീക്ഷിച്ച ഓളമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ഗോത്രവര്‍ഗ വോട്ടുകള്‍ ലാക്കാക്കി ആദിവാസി മേഖലകളില്‍ പാര്‍ട്ടി ഇറങ്ങിക്കളിച്ചിട്ടുണ്ടെങ്കിലും കാര്യമായ പിന്തുണ കിട്ടിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.