'കാറും കോളും' ചില ന്യൂജെന്‍ വോട്ടു വര്‍ത്തമാനങ്ങള്‍

പ്രായംചെന്നവര്‍ പറയുന്നതുകേട്ടിട്ടുണ്ട് ‘ഇപ്പഴെന്ത് തെരഞ്ഞെടുപ്പ്, ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തെ തെരഞ്ഞെടുപ്പാണ് മക്കളേ തെരഞ്ഞെടുപ്പ്’ എന്ന്. പക്ഷേ ഇതൊന്നും നമ്മുടെ ന്യൂജെന്‍ പിള്ളാരോട് പറഞ്ഞ് ജയിക്കാമെന്ന് കരുതേണ്ട. തെരഞ്ഞെടുപ്പിനെക്കുറിച്ചും പാര്‍ട്ടികളെക്കുറിച്ചും അവര്‍ക്കുമുണ്ട് വ്യക്തമായ കാഴ്ചപ്പാടും നിലപാടും.
വോട്ടിനുമുമ്പ് ഇവര്‍ പറയുന്നത് കേള്‍ക്കാം...
വേണ്ടത് അധികാരം താഴെ തട്ടിലേക്ക് നല്‍കുന്നവരെ
മലയാള സര്‍വകലാശാലയില്‍ തദ്ദേശ വികസന പഠന വിദ്യാര്‍ഥിയായ ചെറിയമുണ്ടം വലിയകത്ത് മുഹമ്മദ് ഇര്‍ഷാദിന് നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങളോട് വിയോജിപ്പുണ്ട്. പക്ഷേ, തള്ളിപ്പറയാന്‍ തയാറാല്ല. അധികാരം താഴത്തെട്ടിലേക്ക് നല്‍കുന്നവരാണ് നാട്ടില്‍ വേണ്ടത്. കേന്ദ്രീകൃത ഭരണ സംവിധാനത്തിന് നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര ഭരണത്തെ ചൂണ്ടിക്കാട്ടി ഇര്‍ഷാദ് പറയുന്നു.
ഹൈടെക്കല്ല; ആദ്യം വേണ്ടത് വിദ്യാഭ്യാസം
നാലുനേരം കഴിക്കാന്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാനാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഹൈടെക് ആക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. വിദ്യാഭ്യാസമില്ലാത്ത നാട്ടില്‍ വൈഫൈ കൊണ്ട് എന്താ കാര്യം- ചോദിക്കുന്നത് കോട്ടക്കല്‍ പുത്തൂരിലെ ഷംന വടക്കേതില്‍. സ്ത്രീ സംവരണം നല്ലതാണ്. അതിലൂടെ കടന്നുവരുന്നവര്‍ അതിനു പ്രാപ്തരാണോയെന്ന് കൂടി പരിശോധിക്കുന്നത് നന്നാകും. അല്ളെങ്കില്‍ അവരെ പ്രാപ്തരാക്കണം. നിയമബിരുദ വിദ്യാര്‍ഥിയാണ് ഷംന. ഒപ്പം മാധ്യമപ്രവര്‍ത്തകയും. മതങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്ന രീതി മാറണം. എന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് മനസ്സില്‍.
പ്രചാരണത്തിലാകെ ന്യൂജെന്‍ ടച്ച്
പ്രചാരണം മുഴുവന്‍ ഫേസ്ബുക്കും വാട്സ്ആപ് ഗ്രൂപ്പുകളും ഏറ്റെടുത്തതായി സാക്ഷ്യപ്പെടുത്തുന്നു തിരൂര്‍ തൃക്കണ്ടിയൂരിലെ അജയ്. കൊടിപിടിച്ചും മുദ്രാവാക്യം വിളിച്ചുമുള്ള പ്രചാരണത്തിന്‍െറ കാലം കഴിഞ്ഞു. എല്ലാം അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുകയാണ് ന്യൂജനറേഷന്‍ രാഷ്ട്രീയം. നിലവിലുള്ള രാഷ്ട്രീയക്കാര്‍ ഒട്ടും പോരാ.... വിദ്യാഭ്യാസമുള്ള ന്യൂജനറേഷന്‍ കടന്നുവരണം. അഴിമതിയും തട്ടിപ്പുമില്ലാതെ നാട് മുന്നോട്ടുപോകാന്‍ അതേ വഴിയുള്ളൂ. അത്തരക്കാരെയാണ് ജനം തെരഞ്ഞെടുക്കേണ്ടത്. പെട്രോകെമിക്കല്‍ എന്‍ജിനീയറിങ് ബിരുദ ധാരിയായ അജയിന് കാഴ്ചപ്പാടിലും ന്യൂജന്‍ ലുക്കാണ്.
വോട്ട് ജനാധിപത്യത്തിന്
മൂല്യാധിഷ്ഠിത ജനാധിപത്യ രീതിയില്‍ യുവജനങ്ങള്‍ക്ക് ആഗ്രഹവും പ്രതീക്ഷയും ഉണ്ട്. എന്നാല്‍, അധികാരത്തിലത്തൊന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കുന്നു. ഇത് അരാജകത്വം സൃഷ്ടിക്കും. ആ അവസ്ഥ വരാതിരിക്കാന്‍ ജനാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്നവരെ പിന്തുണക്കും. ഇതാണ് കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ അവസാനവര്‍ഷ ബി.എ.എം.എസ് വിദ്യാര്‍ഥിനി കെ. നജ്മ മോളുടെ പക്ഷം.
ഞങ്ങള്‍ അരാഷ്ട്രീയരല്ല
പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി വൈ.എസ്.എസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി വിഷ്ണുപ്രസാദിന്‍െറ കാഴ്ചപ്പാട് വ്യത്യസ്തമാണ്. അരാഷ്ട്രീയത നിറഞ്ഞ യുവാക്കളാണ് ഇന്നുള്ളതെന്നാണത്രെ രാഷ്ട്രീയനേതാക്കളുടെ കാഴ്ചപ്പാട്. എന്നാല്‍, തികച്ചും രാഷ്ട്രീയബോധമുള്ളവരാണ് ഞങ്ങളെന്ന് വിഷ്ണു ആണയിടുന്നു. നാടിന്‍െറ നന്മയാണ് പുതിയ തലമുറയുടെ ലക്ഷ്യം. ജാതിയും മതവുമല്ല ജനനന്മയും വികസനവും കൊണ്ടുവരുന്നവര്‍ക്കാണ് വിഷ്ണുവിന്‍െറ വോട്ട്.
ഉള്ളത് പുരുഷാധിപത്യം
പൗരന്‍െറ അവകാശമാണ് വോട്ട്. ആ അവകാശം സാധൂകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.
വനിതാ സംവരണം യാഥാര്‍ഥ്യമായെങ്കിലും പുരുഷാധിപത്യം തന്നെയാണ് കാണുന്നത്. അഭ്യസ്തവിദ്യരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ കഴിയാത്തത് തിരിച്ചടിയാണ്. നാടിന്‍െറ വികസനത്തിനല്ല, ഭരണം ലഭിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഈ കാഴ്ചപ്പാട് മാറ്റുന്നവര്‍ക്കേ വോട്ടുള്ളൂവെന്ന് ചെന്നൈ എം.ടി.ഡബ്ള്യു സര്‍വകലാശാലയിലെ അവസാന വര്‍ഷ എം.എ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനി സൂര്യ ശങ്കര്‍ പറയുന്നു.
പണക്കാരെ സ്ഥാനാര്‍ഥികളാക്കരുത്
ജനങ്ങളെ ഒരു പോലെ കാണുകയും വിദ്യാഭ്യാസത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നവരുമാവണം പ്രതിനിധികളെന്നാണ് ബീജാപൂര്‍ എം.എസ്.ഐ.എ എന്‍ജിനീയറിങ് കോളജിലെ റാസി റിക്കാസിന്‍െറ പക്ഷം. പണക്കാരെയും ആഡംബര ജീവിതം നയിക്കുന്നവരെയും സ്ഥാനാര്‍ഥികളാക്കരുത്.
ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളില്‍ ഇടപെടുന്നവര്‍ക്കും വാര്‍ഡിന്‍െറ പോരായ്മകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്കുമാണ് വോട്ട്.
എന്‍െറ വോട്ട് സ്വതന്ത്രന്
പലപ്പോഴും നല്ല സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ പരാജയപ്പെടുന്നുണ്ട്. സ്വതന്ത്രരായി മത്സരിക്കുന്നവരില്‍ പലരും കഴിവുള്ളവരാണ്. ഇവരെ ജനം തിരിച്ചറിയുന്നില്ല.
ജനങ്ങളുടെ വിഷയത്തിനൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ വിഷയങ്ങളില്‍ ബന്ധപ്പെടാന്‍ കഴിയുന്നവരാണ് സ്വതന്ത്രരില്‍ ഏറെയും. അങ്ങനെയുള്ള സ്വതന്ത്രനാണ് എന്‍െറ വോട്ട്. നമ്പോലന്‍കുന്ന്, എന്‍ജിനീയറിങ് വിദ്യാര്‍ഥി ചുണ്ടക്കാടന്‍ മുഹമ്മദ് റിഷാലിന്‍േറതാണ് നിലപാട്
പാര്‍ട്ടി വക്താക്കള്‍ക്ക് വോട്ടില്ല
സമൂഹത്തെ ശിഥിലമാക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കടുത്ത വക്താക്കള്‍ക്ക് വോട്ടില്ളെന്ന് മേപ്പിലിക്കാട്ട് കൊട്ടപ്പുറം, എം.ബി.ബി.എസ് നാലാം വര്‍ഷ വിദ്യാര്‍ഥി പി. അനന്യ രാഗേഷ് ഉറപ്പിച്ചുകഴിഞ്ഞു. സ്വതന്ത്രമായി ചിന്തിക്കുന്ന ഞാന്‍ സ്വതന്ത്രരെ ഇഷ്ടപ്പെടുന്നു. അടിമയല്ലാത്ത സ്വതന്ത്രനാണ് വോട്ട്.
രാഷ്ട്രീയം നിയന്ത്രിക്കുന്നത് മത സംഘടനകള്‍
രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളായതാണ് ജനങ്ങള്‍ക്ക് പറ്റിയ തെറ്റ്. വോട്ട് പാര്‍ട്ടിക്ക് ചെയ്താലും കുഴപ്പമില്ല. പാര്‍ട്ടികള്‍ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കരുത്. മത സംഘടനകളും പുരോഹിതന്മാരുമാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്. ജനാധിപത്യം വ്യവസായമായി മാറി. മതത്തെ സാമ്പത്തിക ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥികളില്‍ 40 ശതമാനം പേരും കഴിവില്ലാത്തവരാണ്. മാലിന്യ സംസ്കരണമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധയില്ല. ഇപ്പോഴും പഞ്ചായത്തില്‍ ആവശ്യങ്ങള്‍ക്ക് ചെന്നാല്‍ ജനത്തെ വലക്കുക പതിവാണ്. ഇ.എം.ഇ.എ ട്രെയിനിങ് കോളജ് ബി.എഡ് വിദ്യാര്‍ഥി നസീഹ ആലുങ്ങല്‍ എക്കാപറമ്പ് വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.