കൊല്ലങ്കോട്: റേഷന്‍ കാര്‍ഡും പട്ടയമടക്കവുള്ള കോളനിവാസികളുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ സ്ഥാനാര്‍ഥികള്‍. വീടുകളുടെ ജീര്‍ണാവസ്ഥ പരിഹരിക്കാത്തതും മുന്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതും കോളനിവാസികള്‍ ചോദ്യശരങ്ങളായി ഉന്നയിക്കുന്നു. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളില്‍ അംബേദ്കര്‍ കോളനി, ചെമ്മണന്തോട് കോളനി, കൊട്ടപ്പള്ളം കോളനി, പറത്തോട് കോളനി, പിത്തന്‍പാടം കോളനി, ചാത്തന്‍പാറ കോളനി, നായാടി എന്നീ 14 കോളനികളില്‍ ജീര്‍ണാവസ്ഥയിലുള്ള വീടുകളുടെ പുനര്‍നിര്‍മാണത്തിന് ഫണ്ട് വകയിരുത്താത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പട്ടയം ലഭിക്കാത്തതിനാല്‍ റേഷന്‍ കാര്‍ഡും ഇവര്‍ക്കില്ല. ഭവന പദ്ധതികളില്‍ ഉള്‍പ്പെടാന്‍പോലും അര്‍ഹതയില്ലാത്ത നൂറുകണക്കിനു ആദിവാസി-ദലിത്- ന്യൂനപക്ഷ കുടുംബങ്ങള്‍ ഇതുമൂലം ദുരിതത്തിലാണ്. ഇവര്‍ ഉന്നയിക്കുന്ന ചോദ്യത്തിന് മറുപടിപോലും നല്‍കാന്‍ സാധിക്കാതെ കുഴങ്ങുകയാണ് സ്ഥാനാര്‍ഥികള്‍. മുതലമട ചെമ്മണന്തോട് കോളിയില്‍ പട്ടയമില്ലാതെ 30 വര്‍ഷത്തിലധികമായി വസിക്കുന്ന 28 കുടുംബങ്ങളുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടും പട്ടയം ലഭിക്കാന്‍ നടപടിയുണ്ടായില്ല. ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ 20 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ ഏതുസമയത്തും നിലംപൊത്താറായ അവസ്ഥയിലാണ്. ഇവ പുനര്‍നിര്‍മിച്ചു നല്‍കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
മേല്‍ക്കൂര തകര്‍ച്ചയുടെ വക്കിലത്തെിയതിനാല്‍ രാത്രി വീടിനുപുറത്താണ് കുടുംബങ്ങള്‍ അന്തിയുറങ്ങുന്നത്. കൊട്ടപ്പള്ളം കോളനിയിലേക്കുള്ള റോഡ് നിര്‍മാണം കോളനിവാസികള്‍ റോഡ് ഉപരോധം നടത്തിയാണ് നേടിയെടുത്തത്. ഭൂമിക്ക് പട്ടയമോ വൈദ്യുതിയോ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. മരിച്ചാല്‍ വരമ്പിലുടെ മൃതദേഹം കൊണ്ടുപോകേണ്ട ഗതികേടിലുള്ള കൊല്ലങ്കോട് പറത്തോട്, പിത്തന്‍പാടം കോളനിയിലേക്ക് സ്വകാര്യ വ്യക്തികളില്‍നിന്ന് സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മിക്കുമെന്ന രാഷ്ട്രീയ നേതാക്കളുടെ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. ഒരുകോടി രൂപയുടെ വികസനത്തിന് തുടക്കംകുറിച്ചതായി അവകാശപ്പെടുന്ന നായാടി കോളനിയില്‍ കഴിഞ്ഞമാസം കുടിവെള്ളം ലഭിക്കാത്തതിനാല്‍ കോളനി വാസികള്‍ പഞ്ചായത്തിന് മുന്നില്‍ സമരം ചെയ്തിരുന്നു. മുതലമട ചെമ്മണന്തോട് കോളനിയിലേക്ക് ലോറിയിലാണ് ശുദ്ധജലം എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.