കോഴിക്കോട്: ഒരുവേദിയില്‍ വാക്കുകള്‍കൊണ്ട് അമ്പെയ്തും വെട്ടിനിരത്തിയും വെടിപൊട്ടിച്ചും സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.ഐ, ബി.ജെ.പി ജില്ലാ സാരഥികളുടെ അങ്കംവെട്ട്. കാലിക്കറ്റ് പ്രസ്ക്ളബിന്‍െറ മീറ്റ് ദ ലീഡേഴ്സ് പരിപാടിയിലാണ് നേതാക്കള്‍ ‘പൊടിപാറിയ പോരാട്ടം’ നടത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാഷാണ് മിതമായി വാദം തുടങ്ങിയത്. കോഴിക്കോട് കോര്‍പറേഷനുള്‍പ്പെടെ എല്‍.ഡി.എഫ് ഭരണത്തിന് നേതൃത്വംനല്‍കിയ സ്ഥാപനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ വികസനപദ്ധതികള്‍ നടപ്പാക്കാനായെന്നും എന്നാല്‍, സംസ്ഥാനസര്‍ക്കാര്‍ പൊതുവികസനത്തിന് തടസ്സം നിന്നെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ ഒരു വാദം.
ജില്ലയില്‍ 10 പേര്‍ക്ക് ജോലി നല്‍കാനുള്ള ഒരുപദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നില്ല. മോണോറെയിലും ലൈറ്റ്മെട്രോയും കളഞ്ഞുകുളിച്ചു തുടങ്ങിയവയായിരുന്നു വാദം.
ഇതിനെല്ലാമെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഗുണംചെയ്യും. ദേശീയതലത്തില്‍ മതനിരപേക്ഷതക്ക് വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ മതേതര കക്ഷികള്‍ക്ക് വലിയ പ്രസക്തിയുണ്ട് എന്ന് വോട്ടര്‍മാര്‍ കരുതുന്നതും അനുകൂലഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. 2005ലെ തദ്ദേശ തെരഞ്ഞെടുപ്പുഫലം ആവര്‍ത്തിക്കുമെന്ന് മോഹനന്‍മാസ്റ്റര്‍ പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.സി. അബു തുടങ്ങി. 2010ല്‍ കോര്‍പറേഷനും ജില്ലാപഞ്ചായത്തും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട യു.ഡി.എഫ് ഇത്തവണ ഭരണം കൈപ്പിടിയിലൊതുക്കുമെന്ന് പറഞ്ഞ അബു 40 വര്‍ഷം കോര്‍പറേഷന്‍ ഭരണം നടത്തിയ എല്‍.ഡി.എഫിന് സംസ്ഥാനം എല്‍.ഡി.എഫ് ഭരിച്ച സന്ദര്‍ഭത്തില്‍പോലും ഒന്നും ചെയ്യാനായില്ളെന്ന് കുറ്റപ്പെടുത്തി.
ഭരിക്കാന്‍കിട്ടിയ അവസരം അവര്‍ അഴിമതിക്കുമാത്രമായി ഉപകരിച്ചെന്ന് അബു ആഞ്ഞടിച്ചു.എന്നാല്‍, അഴിമതിയാരോപണം പുകമറ മാത്രമെന്നുപറഞ്ഞ് മോഹനന്‍ മാസ്റ്റര്‍ തള്ളി. ഇവിടെ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് ജില്ലാ കലക്ടര്‍മാരുടെ ഭരണകാലത്താണ്. മാനാഞ്ചിറയില്‍ കലക്ടര്‍ അമിതാബ്കാന്തിന്‍െറ കാലത്ത് കൊണ്ടുവന്ന സംഗീതജലധാരപോലും കോര്‍പറേഷന് നിലനിര്‍ത്താനായില്ല. കോംട്രസ്റ്റ് സംരക്ഷിക്കാന്‍ മേയര്‍ ചെയര്‍മാനായി രൂപവത്കരിച്ച കമ്മിറ്റിക്കു പിന്നാലെ മേയറുള്‍പ്പെട്ട സി.പി.എം നേതാക്കള്‍ സൊസൈറ്റി തട്ടിക്കൂട്ടി കോംട്രസ്റ്റിന്‍െറ ഭൂമി ടൂറിസത്തിന്‍െറ പേരില്‍ വാങ്ങി വലിയതുകക്ക് മറിച്ചുവിറ്റു. അതിന്‍െറ ആധാരമിതാ എന്നുപറഞ്ഞ് അബു കത്തിക്കയറി. അബുവിന്‍റടുത്ത് ഇതുപോലെ പല ആധാരങ്ങളുമുണ്ടെന്നും അതുതന്നെയാണ് അബുവും ഞങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും മോഹനന്‍മാസ്റ്റര്‍ ഒളിയമ്പെയ്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയെ എല്‍.ഡി.എഫ് ഭയപ്പെടുന്നില്ളേയെന്ന ചോദ്യം സദസ്സില്‍നിന്ന് ഉയര്‍ന്നതോടെ രംഗം കൂടുതല്‍ ചൂടായി. രണ്ടു പഞ്ചായത്തുകളില്‍ മാത്രമൊതുങ്ങുന്ന ആര്‍.എം.പി എല്‍.ഡി.എഫിന് ഒരു പ്രശ്നമേയല്ളെന്നും ആര്‍.എം.പിക്ക് വെള്ളവും വളവും നല്‍കുന്ന അബുവിന്‍െറ പാര്‍ട്ടിയോട് അവരെക്കുറിച്ച് ചോദിക്കണമെന്നുമായി മോഹനന്‍ മാസ്റ്റര്‍. ആര്‍.എം.പിയെ ഇഷ്ടമാണെന്നും അവരോട് തെരഞ്ഞെടുപ്പ് സഖ്യമില്ളെന്നും പറഞ്ഞത് അബുവിനെ വെട്ടിലാക്കി. ആര്‍.എം.പിക്കുവേണ്ടി അബുവിന്‍െറ പാര്‍ട്ടി മത്സരരംഗത്തുനിന്ന് പിന്മാറിക്കൊടുത്ത കാര്യം മോഹനന്‍ മാസ്റ്റര്‍ എണ്ണിപ്പറഞ്ഞു. ആര്‍.എം.പിയോട് വലിയ ബഹുമാനമാണെന്നും അവരുമായി സഖ്യം ഞങ്ങളാഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍, അവര്‍ ഒരുക്കമല്ളെന്നും അബു വ്യക്തമാക്കി.
ടി.പി വധവും അതില്‍ അബുവിന്‍െറ പാര്‍ട്ടിയിലെ ചിലര്‍ ഗൂഢാലോചന നടത്തി തന്നെ 19 മാസം ജയിലിലടച്ചെന്നും തനിക്ക് ആ 19 മാസം തിരിച്ചുതരാന്‍ ഇവര്‍ക്ക് കഴിയുമോയെന്നും മോഹനന്‍ മാസ്റ്റര്‍ വികാരഭരിതനായി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ചര്‍ച്ച അപ്പോഴേക്കും വഴിമാറി. അതിനിടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമര്‍ പാണ്ടികശാലയും സി.പി.ഐ ജില്ലാസെക്രട്ടറി ടി.വി. ബാലനും കൊമ്പുകോര്‍ത്തിരുന്നു.
തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയമായി പഞ്ചായത്തുകള്‍ വെട്ടിമുറിച്ചെന്ന ബാലന്‍െറ ആരോപണമാണ് ഉമറിനെ ചൊടിപ്പിച്ചത്. ഒരു പഞ്ചായത്തില്‍ ഹിന്ദുക്കളുടെ പഞ്ചായത്ത് മുസ്ലിംകളുടെ പഞ്ചായത്ത് എന്നൊന്നും തങ്ങളാരും കണക്കാക്കിയിട്ടില്ളെന്നും ബാലന്‍ ഇതു പറഞ്ഞതില്‍ വിഷമമുണ്ടെന്നും ഉമര്‍ പറഞ്ഞു. കോര്‍പറേഷനും പഞ്ചായത്തും അശാസ്ത്രീയമായി വെട്ടിമുറിച്ച് മുനിസിപ്പാലിറ്റികളുണ്ടാക്കാന്‍ ശ്രമിച്ചതിനെതിരെ വേദിയില്‍നിന്നും സദസ്സില്‍നിന്നും ഉയര്‍ന്ന വിമര്‍ശചോദ്യങ്ങള്‍ യു.ഡി.എഫിനെ അലട്ടി.
അതിനിടെ, നരേന്ദ്ര മോദിസര്‍ക്കാറിന്‍െറ ജനക്ഷേമപദ്ധതികള്‍ തദ്ധേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ് വാദിച്ചു.ദേശീയരാഷ്ട്രീയവും മേയര്‍സ്ഥാനാര്‍ഥിത്വവും ദലിത് കുഞ്ഞുങ്ങളുടെ കൊലപാതകവും ചര്‍ച്ചയില്‍ ചൂടോടെ ഇടംപിടിച്ചു. പ്രസ്ക്ളബ് പ്രസിന്‍റ് കമാല്‍ വരദൂര്‍ ചര്‍ച്ച നിയന്ത്രിച്ചു. സെക്രട്ടറി എന്‍. രാജേഷ് ആമുഖമായി സംസാരിച്ചു. ജോ. സെക്രട്ടറി കെ.സി. റിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.