പരസ്യപ്രചാരണം തീരാന്‍ ഇനി ആറുനാള്‍; രംഗം കൊഴുപ്പിച്ച് മുന്നണികള്‍

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്‍െറ ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിക്കാന്‍ ആറുദിവസം മാത്രം ശേഷിക്കെ കോര്‍പറേഷനില്‍ മുന്നണികള്‍ മൂന്നാംഘട്ട പ്രചാരണത്തിലേക്ക്. സാധാരണ തദ്ദേശതെരഞ്ഞെടുപ്പില്‍ കാണുന്ന വീറുംവാശിയും ഇത്തവണ ഇതുവരെ പ്രചാരണത്തില്‍ കൊണ്ടുവരാന്‍ മുന്നണികള്‍ക്കായില്ളെങ്കിലും വരുദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്നുതന്നെയാണ് വിശ്വാസം. പ്രമുഖ നേതാക്കള്‍ കൂടി എത്തുന്നതോടെ പ്രചാരണം കൊഴുക്കുമെന്ന് സ്ഥാനാര്‍ഥികളും നേതാക്കളും അഭിപ്രായപ്പെടുന്നു.

എന്നാല്‍, ഇപ്പോഴും മുന്നണികള്‍ക്കുള്ളില്‍ പല പ്രശ്നങ്ങളും നിലനില്‍ക്കുകയാണ്. യു.ഡി.എഫില്‍ ഇപ്പോഴും വിമതപ്പട ഭീഷണി ഉയര്‍ത്തുന്നു. എല്‍.ഡി.എഫില്‍ ഉള്‍പ്പോരാണ് പ്രശ്നം. ബി.ജെ.പിയില്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശം പിന്നീട് നഷ്ടപ്പെട്ടു. എന്തായാലും പോരാട്ടം ശക്തമാക്കാന്‍ തന്നെയാണ് മുന്നണികള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം.

വാര്‍ഡ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കി എല്‍.ഡി.എഫും ബി.ജെ.പിയും വളരെ മുമ്പെതന്നെ പ്രചാരണം ആരംഭിച്ചിരുന്നു. യു.ഡി.എഫും ഇവര്‍ക്കൊപ്പമത്തൊനുള്ള വലിയ ശ്രമത്തിലാണ്. എല്‍.ഡി.എഫും ബി.ജെ.പിയും രണ്ടാംഘട്ടം പൂര്‍ത്തിയാക്കി മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. യു.ഡി.എഫ് രണ്ടാംഘട്ടം കൊഴുപ്പിക്കുന്ന തിരക്കിലാണ്. സ്ഥാനാര്‍ഥി പര്യടനം, ചിഹ്നം പരിചയപ്പെടുത്തല്‍, കുടുബസംഗമങ്ങള്‍, പൊതുപരിപാടികള്‍, വീടുകള്‍ കയറിയിറങ്ങിയുള്ള സ്ക്വാഡുകള്‍ എന്നിവയാണ് പ്രധാന പ്രചാരണ പരിപാടികള്‍. ഇവക്കെല്ലാം ശേഷം അവസാന രണ്ട് നാള്‍ നിശ്ശബ്ദപ്രചാരണവും.

എല്‍.ഡി.എഫിനുവേണ്ടി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പ്രചാരണത്തിന് ശനിയാഴ്ച നഗരത്തിലിറങ്ങി. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മൂന്നാംഘട്ടവും നാലാംഘട്ടവും പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ സംസാരിക്കും.

യു.ഡി.എഫില്‍ വാര്‍ഡ് കണ്‍വെന്‍ഷനുകള്‍ സമാപിച്ചു. രമേശ്ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണവും അവസാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, എ.കെ. ആന്‍റണി തുടങ്ങിയ നേതാക്കള്‍ മൂന്നാംഘട്ടത്തില്‍ പങ്കെടുക്കും. കൂടാതെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രകടനപത്രിക വിതരണവും കുടുംബസംഗമങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാലേക്കൂട്ടിയുള്ള മുന്നൊരുക്കങ്ങളുമായി ബി.ജെ.പി പ്രചാരണം ആരംഭിച്ചെങ്കിലും എസ്.എന്‍.ഡി.പിയുമായുള്ള കൂട്ടുകെട്ട് സംബന്ധിച്ച് ഉരുത്തിരിഞ്ഞ ആശയക്കുഴപ്പം നേതൃത്വത്തെ വല്ലാതെ പിടിച്ചുലച്ചു. ആദ്യഘട്ട സ്ഥാനാര്‍ഥി നിര്‍ണയവും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കിലും പിന്നീട് അത് തുടരാനായില്ല. മൂന്നാംഘട്ട പ്രചാരണത്തിലേക്ക് ബി.ജെ.പിയും ഇപ്പോള്‍ പ്രവേശിച്ചു. പുരന്തരേശ്വരി, പൊന്‍രാധാകൃഷ്ണന്‍, എച്ച്. രാജ ഉള്‍പ്പെടെ കേന്ദ്ര- സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തയാറെടുപ്പില്‍ തന്നെയാണ് ബി.ജെ.പിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.