സ്ഥാനാര്‍ഥികള്‍ (അപവാദ) പ്രചാരണം തുടങ്ങി

പത്തനംതിട്ട: വാദവും പ്രതിവാദവുമായി കത്തിക്കയറുന്ന തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ അപവാദ ശരങ്ങളേറ്റ് പിടയുന്നവരും നിരവധി. അപവാദങ്ങളേറ്റ് മനമുരുകി ഒരു സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് ഹൃദയാഘാതംവരെ ഉണ്ടായി. പത്തനംതിട്ട നഗരസഭയിലാണ് സംഭവം. യു.ഡി.എഫിലെ ഒരു ഘടക കക്ഷി പണിപ്പെട്ട് ഒപ്പിച്ചെടുത്ത ഒരു പെണ്‍സ്ഥാനാര്‍ഥിക്കെതിരെയാണ് എതിരാളികള്‍ അപഖ്യാതികള്‍ തൊടുത്തുവിടുന്നത്.

എല്‍.ഡി.എഫും യു.ഡി.എഫും മാത്രമാണ് വാര്‍ഡില്‍ പത്രിക നല്‍കിയത്. ഒരു പത്രിക പിന്‍വലിച്ചാല്‍ എതിരാളി എതിരില്ലാതെ തെരഞ്ഞടുക്കപ്പെടും. അബലകളായ പെണ്ണുങ്ങള്‍ക്കെതിരെ അപവാദം തൊടുത്തുവിട്ടാല്‍ അത് കൊള്ളേണ്ടിടത്തുകൊള്ളുമല്ളോ. അതുതന്നെ സംഭവിച്ചു. പക്ഷേ, വീണത് ഭര്‍ത്താവാണെന്ന് മാത്രം. അപവാദ പ്രചാരണം കൊഴുത്തപ്പോള്‍ വനിതാ സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുമെന്ന് ശ്രുതിപരന്നിരുന്നു.  നാലും മൂന്നും ഏഴു പേര്‍ മാത്രമുള്ള കോഴി ബിരിയാണി മാത്രം കഴിക്കുന്ന പാര്‍ട്ടിയിലെ ഏഴുപേരും സ്ഥാനാര്‍ഥിയുടെ വീട്ടില്‍ രാപകല്‍ കാവലിരുന്നു പിന്‍വലിക്കുന്ന തീയതി കഴിയുംവരെ.

ഭര്‍ത്താവ് രോഗബാധിതനായതോടെ തളര്‍ന്നുപോയ വനിതാ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ ഗീതോപദേശം അറ്റാക് ഇപ്പോള്‍ വന്നത് നന്നായി എന്നാണ്. രോഗം കണ്ടുപിടിക്കാനായല്ളോ. അറിയാതിരുന്നെങ്കില്‍ അവസാനം എന്താകുമായിരുന്നു. അതിനാല്‍ സംഭവിച്ചതെല്ലാം നല്ലതിന്. ഇനി സംഭവിക്കാനിരിക്കുന്നതും അതിനൊക്കെ തന്നെ. ധൈര്യമായിരിക്കുക ഭവതീ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.