തെരഞ്ഞെടുപ്പ് ഡ്യൂട്ടി പലര്‍ക്കും എട്ടിന്‍െറ പണിയായി

തൃശൂര്‍: അധ്യാപികയായ മോളി  ധര്‍മസങ്കടത്തിലാണ്. പോകാതിരുന്നാല്‍ എട്ടിന്‍െറ പണി കിട്ടും. പക്ഷേ, ഈ നിറവയറുമായി എങ്ങനെ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കി.  റിസര്‍വ് ഡ്യൂട്ടിക്ക് ഇട്ടതിനാല്‍ പോയേ തീരൂ. എട്ടുമാസം ഗര്‍ഭിണിയായ മോളിയെപ്പോലെ മുലയൂട്ടുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാരായ ഭാര്യക്കും ഭര്‍ത്താവിനും ഡ്യൂട്ടി കിട്ടിയതോടെ ഒറ്റക്കായ മക്കള്‍..അങ്ങനെ ഒട്ടേറെ പേര്‍.  തെരഞ്ഞെടുപ്പ് ഡ്യൂട്ടി നല്‍കല്‍ വിചിത്രമായ നടപടിയാണ്. ദമ്പതിമാര്‍ ജീവനക്കാരാണെങ്കില്‍ ഒരാള്‍ക്കെ ഡ്യൂട്ടി നല്‍കൂവെന്ന് പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായി ഡ്യൂട്ടി ലഭിച്ചവര്‍ ഏറെ. ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ തക്ക കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, രോഗികള്‍ തുടങ്ങിയവര്‍ മെഡിക്കല്‍  സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെ സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടും നല്‍കിയവര്‍ക്കാണ് ഇപ്പോള്‍ പണികിട്ടിയത്. ഡ്യൂട്ടിക്ക് ഹാജരാവാത്തവര്‍ക്ക് പകരമാണ് ഇവരെ പരിഗണിക്കുന്നത്. മുഖ്യ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പിന്‍െറ തലേന്ന് രാവിലെ ആറിന് ഇവര്‍ എത്തണം. വൈകീട്ട് അഞ്ചുവരെ അവിടെ കാത്തുനില്‍ക്കണം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മറ്റുള്ളവരെല്ലാം ചുമതല ഏറ്റെടുത്താല്‍ വൈകീട്ട് അഞ്ചോടെ വീട്ടില്‍ പോകാം. പക്ഷേ, ഡ്യൂട്ടിക്കിടയില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഇവര്‍ പകരക്കാരാകണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗത്തെ കുറ്റം പറയേണ്ടതില്ളെന്നാണ് അവരുടെ വാദം. സ്ഥാപനാധികാരികള്‍ നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഡ്യൂട്ടിക്കുള്ളവരെ തെരഞ്ഞെടുത്തതെന്നും അവര്‍ പറയുന്നു. എന്നാല്‍, എന്തുകൊണ്ട് ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ചില്ളെന്ന ചോദ്യത്തിന് ഉത്തരമില്ല. ഡ്യൂട്ടിയില്‍ വിഷമമുള്ളവര്‍ക്ക് കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ പോയി പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. എന്നാല്‍ ഡ്യൂട്ടിപട്ടിക വന്നതോടെ ഇവിടേക്ക് അടുക്കാനാവാത്ത തിരക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.