കെ.പി.സി.സി പ്രസിഡന്‍റിനെ കോണ്‍ഗ്രസുകാര്‍ തോല്‍പിക്കുന്ന വിധം

തൃശൂര്‍: കഴിഞ്ഞ തവണ പാണഞ്ചേരിക്കാര്‍ക്ക് പറ്റിയ കൈയബദ്ധമായിരുന്നു യു.ഡി.എഫ് ജയം. കളരിത്തട്ടില്‍ കയറ്റി നിര്‍ത്തേണ്ട ചേകവന്മാരെ പഞ്ചായത്ത് അംഗങ്ങളാക്കിയതിന്‍െറ ഭാരം അവര്‍ പേറി. വെട്ടിയും തടഞ്ഞും കോണ്‍ഗ്രസുകാര്‍ മുന്നേറിയപ്പോള്‍ പ്രസിഡന്‍റുമാര്‍ തുരുതുരെ വീണു, പുതിയ പ്രസിഡന്‍റുമാര്‍ ഉദിച്ചുയര്‍ന്നു. മാസങ്ങള്‍ കൊണ്ട് അവരെയും വലിച്ചിറക്കി. വിപ്പും ഒപ്പും പ്രശ്നമാക്കാതെ കളി നീണ്ടപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ കൂട്ടത്തോടെ പിടിച്ച് അയോഗ്യരാക്കി. 13 അംഗങ്ങള്‍ പുറത്ത്. ഭരണം പെരുവഴിയില്‍. ജനം വഴിയാധാരം. കോണ്‍ഗ്രസിന് മാനഹാനി. ഭരണം സി.പി.എമ്മിന്‍െറ കൈയില്‍.
ഈ 13 പുംഗവന്മാര്‍ക്ക് ഇത്തവണ മത്സരിക്കാന്‍ വിലക്കില്ളെന്ന് കോടതി കല്‍പിച്ചെങ്കിലും ഇവര്‍ക്ക് സീറ്റ് കൊടുക്കരുതെന്ന്  കെ.പി.സി.സി പ്രസിഡന്‍റ് നിര്‍ദേശിച്ചു. അത് മറികടക്കാന്‍ ഡി.സി.സി പ്രസിഡന്‍റും ബ്ളോക് പ്രസിഡന്‍റും സ്ഥലം എം.എല്‍.എയും ഗ്രൂപ്പിന് അതീതമായി ഒരുമിച്ചപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ് പുറത്ത്. അച്ചടക്കവും മുന്നറിയിപ്പുമായി ദിനേന താക്കീത് നല്‍കുന്ന കെ.പി.സി.സി പ്രസിഡന്‍റിനെ പാണഞ്ചേരിക്കാര്യത്തില്‍ പാര്‍ട്ടി എങ്ങനെ വെട്ടിയെന്ന് മാരായ്ക്കല്‍, കണ്ണാറ വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പറയും.
മാരായ്ക്കലില്‍ കോണ്‍ഗ്രസ് ബന്ധമുള്ള മൂന്നുപേര്‍ മത്സരിക്കുന്നുണ്ട്, ഒൗദ്യോഗിക സ്ഥാനാര്‍ഥി ഉള്‍പ്പെടെ. പക്ഷേ, ആര്‍ക്കും കൈപ്പത്തി ചിഹ്നമില്ല!. പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.വി. പത്രോസാണ് ഒരു സ്ഥാനാര്‍ഥി. അച്ചടക്ക നടപടി നേരിട്ടയാള്‍. മറ്റൊരാള്‍ ജോളി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പു തന്നെ കൈപ്പത്തി ചിഹ്നത്തില്‍ ഫ്ളക്സ് ഉയര്‍ത്തിയ കോണ്‍ഗ്രസുകാരന്‍. റോയി തോമസാണ് അടുത്ത സ്ഥാനാര്‍ഥി, എന്നുവെച്ചാല്‍ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥി. തന്നെ വെട്ടാന്‍ ശ്രമം നടക്കുന്നത് റോയി തോമസ് കെ.പി.സി.സി പ്രസിഡന്‍റിനെ അറിയിച്ചു. റോയിയായിരിക്കണം ഒൗദ്യോഗിക സ്ഥാനാര്‍ഥിയെന്ന് സുധീരനും നിര്‍ദേശിച്ചു. കുറ്റം പറയരുതല്ളോ, ജില്ല, ബ്ളോക് കോണ്‍ഗ്രസ് നേതൃത്വവും എം.എല്‍.എയും നിര്‍ദേശം അപ്പാടെ അനുസരിച്ചു. സ്ഥാനാര്‍ഥി റോയി തന്നെ. കൂട്ടത്തില്‍ ചെറിയൊരു പണി കൊടുത്തു. ചിഹ്നത്തിന് അപേക്ഷിക്കാനുള്ള സമയം തീരും വരെ റോയിക്ക് കൈപ്പത്തി അനുവദിച്ച് കത്ത് നല്‍കിയില്ല. ഇപ്പോള്‍ റോയി മൊബൈല്‍ ഫോണുമായി നടക്കുകയാണ്. കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയുടെ ചിഹ്നം മൊബൈല്‍ ഫോണാണ്.
കെ.പി.സി.സി പ്രസിഡന്‍റിനെ പ്രാദേശിക ഘടകങ്ങള്‍ പാഠം പഠിപ്പിച്ച മറ്റൊരു വാര്‍ഡ് കണ്ണാറയാണ്. മുമ്പ് വിപ്പ് ലംഘിച്ചതിന് നടപടി നേരിട്ട ബാബു തോമസ് ഈ വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്, വിമതനായി. പക്ഷേ, ലക്ഷണം കണ്ടാല്‍ അദ്ദേഹമാണ്  ഒൗദ്യോഗിക സ്ഥാനാര്‍ഥിയെന്നേ തോന്നൂ. പാര്‍ട്ടി ചിഹ്നം അനുവദിച്ചു കിട്ടിയ ആന്‍റണിയെ വാര്‍ഡില്‍ അധികമാരും കാണാറില്ലത്രേ. ബാബു തോമസ് പ്രചാരണ രംഗത്ത് നിറയുമ്പോള്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിയുടെ നിസ്സംഗതക്കു പിന്നിലും കെ.പി.സി.സി പ്രസിഡന്‍റിനോടുള്ള ഡി.സി.സിയുടെയും ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും ‘അനുസരണ’യാണെന്നാണ് കേള്‍വി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.