മച്ചകത്തമ്മയെ കാല്‍തൊട്ട് വന്ദിച്ച്...

സ്ഥാനാര്‍ഥികള്‍ കച്ചമുറുക്കി പുറത്തേക്ക്. പുതുമുഖങ്ങള്‍ പരിചയങ്ങളെണ്ണി  അല്‍പം പകപ്പോടെ വെളുക്കെചിരിച്ച് പുറത്തിറങ്ങി. ബാനറുകളൊരുങ്ങി. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇനി അങ്കമാണ്.  ദിനങ്ങളെണ്ണിയുള്ള നേരങ്കം...
പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടികയില്‍ പേരുണ്ടാവുമോയെന്ന ആശങ്ക വഴിമാറി...ചിഹ്നവും ലഭിച്ചു. ഗോദയും ഒരുങ്ങി. വിമതരെയും എതിരാളികളെയും തിരിച്ചറിഞ്ഞതോടെ രാവിലെ തന്നെ ഇറങ്ങി പുറപ്പെട്ടു. എതിരാളിയുടെ ശക്തിയും കുതന്ത്രവും മനസ്സിലാക്കിയ തന്ത്രങ്ങളുമായി വോട്ടുപിടിത്തം. വോട്ടര്‍മാരുടെ മനസ്സിലിടം നേടാന്‍ അടവുകള്‍ ഏറെ. ഒൗദ്യോഗികമായി സ്ഥാനാര്‍ഥി പട്ടിക വന്നതിന് പിറകെ അവധി ദിനം  കൂടി കിട്ടിയതിന്‍െറ ആഹ്ളാദത്തില്‍ ആദ്യ ദിനത്തിലെ പ്രചാരണം കൊഴുത്തു. വോട്ടര്‍മാരെ പിടികൂടാന്‍ തറവാട്ടു കാരണവന്മാരെയും പോയിക്കണ്ടു. എന്തിനേറെ ബന്ധങ്ങളും സൗഹൃദവും തൊഴിലും തൊഴിലിടവുമൊക്കെ വോട്ടുതേടുന്നതിനുള്ള ആയുധമാണ്.
ഒരു വീടും ഒരു വോട്ടറെയും വിടാതെ പിടികൂടാന്‍ രാവിലെ തന്നെയാണ് സ്ഥാനാര്‍ഥികളുമായി പാര്‍ട്ടിക്കൂട്ടം ഇറങ്ങി പുറപ്പെട്ടത്. സ്ഥാനാര്‍ഥിയാവാനില്ളെന്ന് പറഞ്ഞവരും സ്ഥാനാര്‍ഥിക്കുപ്പായം പണ്ടെ തുന്നിയവരുമൊക്കെ ഞായറാഴ്ച ഫീല്‍ഡില്‍ സജീവമായിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയുടെ വീട് എത്തിയപ്പോള്‍ പോകണമോയെന്ന ആശങ്ക. എന്തുവന്നാലും പോകണമെന്ന് മുതിര്‍ന്ന പ്രവര്‍ത്തകര്‍. എതിരാളിയെങ്കിലും നിറഞ്ഞമനസ്സോടെ സ്വീകരണം. തെരുവുകളില്‍ പരസ്പരം കണ്ട് പുഞ്ചിരിതൂകിയെങ്കിലും മനസ്സ്തുറന്ന് സ്ഥാനാര്‍ഥികള്‍ സംസാരിച്ചില്ല.
•••
‘‘മുത്തശി പെന്‍ഷന്‍ കിട്ടിയിട്ട് എത്രയായി’’. ‘പെന്‍ഷന്‍െറ കാര്യം മിണ്ടിപ്പോകരുതെന്ന്’ മുത്തശി. മാസങ്ങള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ കിട്ടാത്ത മുത്തശിയെ സ്ഥാനാര്‍ഥി എതിരേറ്റത് ഇങ്ങനെയാണ്. വീടിന്‍െറ പണി കഴിയാത്ത സാധാരണക്കാരന് വാഗ്ദാനങ്ങളുടെ പെരുമഴ. തൊഴിലുറപ്പുപണിയില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് സ്വാന്ത്വനം. റേഷന്‍അരിയും കാര്‍ഡുമൊക്കെയായി വീട്ടമ്മമാരുടെ പ്രശ്നങ്ങളും അവതരിപ്പിക്കപ്പെട്ടു. പ്രാദേശികപ്രശ്നങ്ങളും രാഷ്ട്രീയകാര്യങ്ങളും മറ്റുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ അരങ്ങുതകര്‍ക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കീഴടക്കാന്‍ പുഞ്ചിരി മുഖവുമായി ഒരോരുത്തരോടും കുശലാന്വേഷണം. സ്ത്രീ സ്ഥാനാര്‍ഥികള്‍ ശ്രദ്ധചെലുത്തിയിരുന്നത് അടുക്കള സംസാരങ്ങള്‍ക്കായിരുന്നു. സ്ഥാനാര്‍ഥിയുടെ കൂടെ സ്ക്വാഡിലുള്ളവര്‍ വീട്ടിലെ മറ്റുള്ളവരുടെ വോട്ട് ഉറപ്പിക്കുന്ന തിരക്കിലുമായിരുന്നു രോഗം മൂലം കിടക്കുന്നവരെ ദീനക്കിടക്കയില്‍ പോയിക്കണ്ട് വോട്ടുചോദിക്കലും അതിനിടെ നടക്കുന്നുണ്ട്.
•••
രാവിലെ അഞ്ചിനു തന്നെ എഴുന്നേറ്റപ്പോള്‍ അടുക്കളയില്‍ ആള്‍പെരുമാറ്റം. പോയി നോക്കിയപ്പോള്‍ ഞെട്ടി. ഭാര്യ അടുക്കളയില്‍ സജീവം. അന്തംവിട്ടു നില്‍ക്കുന്ന ഭര്‍ത്താവിന്‍െറ കൈയിലേക്ക് ചായ നല്‍കി യന്ത്രമിട്ട കണക്കെ പണിയോടു പണി. ചിഹ്നം കിട്ടിയതോടെ ചിത്രം തെളിഞ്ഞതിനാല്‍ നേരം വെളുക്കുന്നതോടെ വെളുക്കെചിരിച്ച് വോട്ട് തേടിയിറങ്ങണം. ഇതിന് മുന്നോടിയായി വീട്ടിലെ പണികള്‍ ചെയ്തുതീര്‍ക്കാനുള്ള പെടാപ്പാടിലാണ് സ്ഥാനാര്‍ഥിയായ ഭാര്യ. ഭാര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ ബുദ്ധിമുട്ടിയ ഭര്‍ത്താവിന്‍െറ മുഖത്ത് പുഞ്ചിരി. ഒടുവില്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരിക്കണമെന്ന നിര്‍ദേശം. ചെയ്യേണ്ട കാര്യങ്ങള്‍ എഴുതി നല്‍കി ഭാര്യ ഞെട്ടിച്ചു. വാഷിങ്മെഷീനിലിട്ട് അലക്കിയ വസ്ത്രങ്ങള്‍ ഉണക്കിയെടുക്കണം, അച്ഛനും അമ്മക്കും മരുന്നു നല്‍കണം, മക്കള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കണം അടക്കം തിരിച്ചത്തെുമ്പോഴേക്കും ചെയ്തുതീര്‍ക്കാന്‍ നിരവധി പണികള്‍. വേണ്ടായിരുന്നുവെന്ന് മനസ്സ് പറയുമ്പോഴും മെമ്പറുടെ ഭര്‍ത്താവെന്ന ഖ്യാതിക്ക് മുന്നില്‍ ഇതെല്ലാം മറഞ്ഞു. കണ്ണാടിക്ക് മുന്നില്‍ വിവിധതരം ചിരികള്‍ പരിചയിക്കുന്ന ഭാര്യയെ കൂടുതല്‍ പ്രോത്സാപ്പിച്ച് അടുത്തുകൂടി വിജയിച്ചേ തിരിച്ചുവരാവൂയെന്ന് പറഞ്ഞു പുറുത്തുതട്ടല്‍. വെളിച്ചം പരക്കാത്തതില്‍ പരിതപിക്കുന്ന ഭാര്യയെ സമാശ്വസിപ്പിച്ച് ഒടുക്കം പറഞ്ഞയച്ച് ചെയതുതീര്‍ക്കാവുന്ന പണികളിലേക്ക് ഭര്‍ത്താവ് ഊളിയിട്ടു.
•••
ആദ്യദിനത്തിലെ വോട്ടുതേടല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഞാന്‍...ഇവിടേക്ക് മത്സരിക്കുന്നു. ഇതാണ് ചിഹ്നം...പാര്‍ട്ടിയുടെയും മുന്നണിയുടെയും പേരുകള്‍ പലരും പറയാന്‍ മടിച്ചു, പറയുന്നത് തന്നെ ഏറെ വൈകി. സ്ത്രീ സംവരണം പ്രചാരണത്തിന്‍െറ സ്ക്വാഡുകളിലും പ്രകടമായിരുന്നു. പുരുഷന്‍മാരുടേതിനെക്കാള്‍ വനിതാംഗങ്ങളായിരുന്നു സജീവം. കുട്ടിക്കൂട്ടങ്ങളും പ്രചാരണത്തിനിറങ്ങിയവരിലുണ്ട്.

.•••
വൈകീട്ട് നടന്ന അവലോകനയോഗത്തില്‍ ക്ളസ്റ്റര്‍ തലവന് വയറുനിറച്ചു ചീത്തകേട്ടു. ഒരുവീട്ടില്‍ രണ്ടുമിനിറ്റില്‍ കൂടുതല്‍ സമയം കളയരുതെന്ന നിര്‍ദേശം പാലിക്കാത്തതാണ് വിമര്‍ശം ഏല്‍ക്കാന്‍ ഇടയാക്കിയത്. 100 വീടുകള്‍ രാവിലെ കയറി ഇറങ്ങണമെന്ന നിര്‍ദേശം രാവിലെയും ഉച്ചക്കും നടന്നിട്ടും കഴിയാതെ വന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. പ്രചാരണത്തിന്‍െറ പലതലങ്ങള്‍ ചെയ്തു തീര്‍ക്കാനിരിക്കെ നിര്‍ദേശം കൃത്യമായി പാലിച്ചില്ളെങ്കില്‍ പണിപാളുമെന്ന് കട്ടായം. പുതിയ രീതികള്‍ പകര്‍ത്താനും ന്യൂജന്‍തന്ത്രങ്ങള്‍ മെനഞ്ഞും ഗോദയില്‍ നിറഞ്ഞാടാന്‍ ഒരുക്കിയ തന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയില്ളെങ്കില്‍ പണിപാളുമെന്ന ഭയപ്പെടുത്തല്‍.
•••
മെമ്പര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?  തെരഞ്ഞെടുപ്പ് അടുത്തതോടെ വാര്‍ഡില്‍ സജീവമാണല്ളോ? നേരത്തെ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും ചെയ്തുവോ? വീണ്ടും മത്സരിക്കുന്ന പഴയ മെമ്പറോട് ചോദ്യശരങ്ങള്‍ ഏറെ. പെരുത്തുവന്നെങ്കിലും എല്ലാത്തിനും പുഞ്ചിരിയില്‍ പൊതിഞ്ഞ മറുപടി. കഴുത്തില്‍ കൈയിട്ട് ചതിക്കല്ളെയെന്ന അപേക്ഷ. ഒന്നും ചെയ്യാത്ത മെമ്പര്‍ക്ക് വീണ്ടും വോട്ട് ചെയ്യണമെന്നോ? എന്ന് വീണ്ടും വോട്ടര്‍ പറഞ്ഞു തുടങ്ങുന്നതോടെ വീട്ടുകാരുടെ വോട്ടുറപ്പിച്ച് ഒരു മുങ്ങല്‍.
•••
പാര്‍ട്ടിക്കും മുന്നണിക്കും വിമതനാണെങ്കിലും സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. ജില്ലയിലെ വിമത സ്ഥാനാര്‍ഥികളില്‍ പ്രമുഖരായ കോര്‍പറേഷന്‍ പരിധിയിലെ ചേലക്കോട്ടുകര ഡിവിഷനില്‍ മത്സരിക്കുന്ന കിരണ്‍ സി.ലാസറും, ഗാന്ധിനഗര്‍ ഡിവിഷനിലെ പ്രഫ.അന്നം ജോണും, പൂത്തോളിലെ സി.എം.പി നേതാവ് പി.സുകുമാരനും, പുതൂര്‍ക്കരയിലെ മഠത്തില്‍ രാമന്‍കുട്ടിയുമെല്ലാം വോട്ട് തേടാനിറങ്ങി. മുന്നണി നേതാക്കളുമായി ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ പ്രചാരണം കൊഴുപ്പുണ്ടാക്കുന്നതോടൊപ്പം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി ചെറു കൂട്ടങ്ങളായുള്ള സ്ക്വാഡുകള്‍ തന്നെയാണ് വിമതരുടേതും. കൂര്‍ക്കഞ്ചേരിയില്‍ അവസാന നിമിഷം വരെ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന രാജലക്ഷ്മി വിമതയുടെ റോളിലേക്ക് മാറിയതില്‍ ഡിവിഷനിലെ പ്രവര്‍ത്തകരുടെ അതൃപ്തിയും മാറിയിട്ടില്ല. ഇവിടെ രാജലക്ഷ്മിയുടെയും സി.എന്‍.അമ്പിളിയോടൊപ്പവും പ്രചാരണത്തിന് ആളുകളുണ്ട്. ആദ്യദിനമായതിനാല്‍ നിലവിലുള്ള കൗണ്‍സിലര്‍മാരും, ഡിവിഷന്‍ മാറിയെന്നു മാത്രമെ കിരണിനും അന്നം ജോണിനുമുള്ളൂ. മത്സരിക്കുന്നുണ്ടെന്നും സഹായിക്കണമെന്നുമുള്ള  മുഖവുര മാത്രമെ മഠത്തില്‍ രാമന്‍കുട്ടിക്കും സുകുമാരനുമുള്ളൂ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.