കടവും കടമയും; കടപ്പാടും കഷ്ടപ്പാടും

പത്രിക സമര്‍പ്പണത്തള്ളിച്ചയും സൂക്ഷ്മ പരിശോധനയും കഴിഞ്ഞു. തള്ളേണ്ടവരെ തള്ളി, കൊള്ളേണ്ടവരെ കൊണ്ടു. ബാക്കിയായവരില്‍ ആര്‍ക്കെങ്കിലും മനംമാറ്റം വന്നാല്‍ പിന്‍വലിക്കാനുള്ള സമയവും തീരുകയാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കലായിരുന്നു പാര്‍ട്ടികളുടെ ഏറ്റവും വലിയ തലവേദന. അതിന്‍െറ അലയൊലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. അത്ര എളുപ്പത്തിലൊന്നും തീരുകയുമില്ല.

തോല്‍ക്കാനായാലും ജയിക്കാനായാലും നില്‍ക്കാന്‍ ഒരാളെ കിട്ടാത്തതായിരുന്നു ചിലയിടത്തെ പ്രശ്നം. പോളിങ് ബൂത്തിനേക്കാള്‍ വലിയ ക്യൂ സ്ഥാനാര്‍ഥി മോഹവുമായത്തെിയവര്‍ പാര്‍ട്ടി ഓഫിസിന് മുന്നില്‍ സൃഷ്ടിച്ചത് മറ്റു ചിലയിടങ്ങളിലെ പൊല്ലാപ്പ്. സമയം കുറച്ചേയുള്ളൂവെന്നതായിരുന്നു ഒരേ സമയം ആശങ്കയും ആശ്വാസവും. കുറഞ്ഞ സമയത്തിനകം ഒരാളെ തീരുമാനിക്കാനാവുമോ എന്നത് ആശങ്ക. ബഹളങ്ങള്‍ പെട്ടെന്ന് തീരുമല്ളോയെന്നോര്‍ക്കുമ്പോള്‍ ആശ്വാസവും.

സ്ഥാനാര്‍ഥിത്തീരുമാന ചര്‍ച്ചകള്‍ ഒന്നിനൊന്ന് കേമമായിരുന്നു. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് നേതാക്കളുടെ കാലില്‍ വീണ് താണുകേണു കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല. ജനങ്ങളോടുള്ള കടപ്പാട് തീര്‍ത്തുവരുമ്പോഴേക്ക് കുറേ കടവും കഷ്ടപ്പാടുമാണ് ബാക്കിയാവുന്നതെന്ന് ഇക്കൂട്ടര്‍ പറയുന്നു. ഇരിക്കാന്‍ സീറ്റിനായി പരമാവധി തരംതാഴാന്‍ വേറെ ചിലര്‍ നടക്കുന്ന കാലമാണിതെന്ന് കൂടി ഓര്‍ക്കണം.തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം വരെ സ്ഥാനാര്‍ഥികളോളം പച്ചപ്പാവങ്ങളെയും ശുദ്ധരെയും നാട്ടില്‍ വേറെ കാണാന്‍ കിട്ടില്ല. വായില്‍ വിരലിട്ട് കൊടുത്താല്‍ പോലും വോട്ടര്‍ക്ക് ഇക്കിളിയായാലോ എന്ന് കരുതി നാവും ചുണ്ടും അണ്ണാക്കും അനക്കാതെ പിടിക്കും. ഈ തക്കം മുതലെടുക്കാനും ഇറങ്ങിയവരുണ്ട്.

പഴയ കടബാധ്യത തീര്‍ത്തില്ളെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് ഒരു വാര്‍ഡില്‍നിന്ന് ഭീഷണി മുഴങ്ങിയത്രെ. മുമ്പ് കിട്ടുന്ന വഴി നോക്കാന്‍ പറഞ്ഞ സ്ഥാനാര്‍ഥി ഇതോടെ ബേജാറാവുകയും കടം വീട്ടുകയും ചെയ്തതായി അറിയുന്നു. ഈ തുക തെരഞ്ഞെടുപ്പ് ഫണ്ടിലെഴുതി പാര്‍ട്ടിയില്‍നിന്ന് ഈടാക്കുമോ എന്ന ആശങ്കയിലാണ് പക്ഷേ നേതാക്കള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.