ശീലാന്തിപ്പിള്ളില്‍ പരമു ആശാന്‍ എന്ന പണ്ഡിത കഥാപാത്രം എല്ലാം ഉപേക്ഷിച്ച് കാശിക്ക് പോകുന്ന കഥ പറയുന്നുണ്ട് കയര്‍ എന്ന നോവലില്‍ തകഴി. അനന്തരവള്‍ കല്യാണിയമ്മ ജീവരക്ഷക്കായി തന്നെ നോക്കി മുണ്ടുരിഞ്ഞത് അപമാനകരമായെന്നുറപ്പിച്ചായിരുന്നു കാശിയാത്ര. ജലപാത്രവും മാറാപ്പുമായി കാവി വസ്ത്രം ധരിച്ച് വഴി ചോദിക്കാതെ വടി കുത്തിപ്പിടിച്ച് നടന്നാല്‍ വഴിവക്കില്‍ എവിടെയെങ്കിലും വീണടിഞ്ഞില്ളെങ്കില്‍ ആ യാത്ര കാശിയില്‍ ചെന്നത്തെുമെന്നാണ് നോവലിസ്റ്റ് പറയുന്നത്.
സര്‍വതും ഉപേക്ഷിച്ചായിരുന്നു പരമു ആശാന്‍െറ കാശിയാത്രയെങ്കില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അങ്ങനെയങ്ങ് ഉപേക്ഷിക്കാനോ കാശി പോയിട്ട് ഫ്ളക്സ് ബോര്‍ഡുകള്‍ക്കപ്പുറം പോകാനോ കഴിയില്ല. ദുഃഖവും നിരാശയും എത്രത്തോളമുണ്ടെങ്കിലും ത്യാഗവഴി വേണ്ടെന്ന് സ്വാനുഭവം മുന്‍നിര്‍ത്തി രാഹുല്‍ജി തന്നെ അവരെ ഉപദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി വേഷം കിട്ടാത്തതിനാല്‍ തൃശൂരിലെങ്ങോ അവര്‍ കുപ്പായമൂരി ശരീരപ്രദര്‍ശനാര്‍ഥം പൊതുനിരത്തില്‍ പ്രകടനം നടത്തുക എന്ന ത്യാഗം തെരഞ്ഞെടുത്തത് തന്നെ ഏറെ മടിയോടെയാണ്. കുപ്പായമൂരി സ്വരാജ് റൗണ്ടിലൂടെ നടന്നതല്ലാതെ ലവലേശം ഗുണം ലഭിച്ചതുമില്ല.
എന്നാല്‍, ഒറ്റപ്പാലത്തെ യൂത്തന്മാര്‍ സമ്മാനിച്ച പ്രതിഷേധ ശിക്ഷയറിഞ്ഞ് മൂത്തവരുടെ ഉടലിലൂടെ താഴോട്ടിറങ്ങിയ വിറയല്‍ ഇപ്പോഴും ശമിച്ചിട്ടില്ല. യൂത്ത് നേതാവിന് ഒറ്റപ്പാലം നഗരസഭാ വാര്‍ഡ് തരപ്പെടുത്തി കൊടുത്തില്ളെങ്കില്‍ പരമു ആശാന്‍െറ അവസ്ഥ ആര്‍ക്കാണ് സംഭവിക്കുക എന്നതിലായിരുന്നു ഒറ്റപ്പാലത്തുകാര്‍ക്ക് സംശയമുണ്ടായത്. അത്രക്ക് തീവ്രമായിരുന്നു യൂത്തന്മാരുടെ ആക്രോശം. പരമു ആശാന്‍ കാശിക്ക് പോയത് അനന്തരവള്‍ അഭിമുഖം നിന്ന് ഉടുതുണിയുരിഞ്ഞതുകൊണ്ടാണെന്നാണ് തകഴി പറഞ്ഞുവന്നത്. തങ്ങള്‍ക്ക് നേരെനിന്ന് ആരെങ്കിലും മുണ്ടഴിച്ചിടുന്നുണ്ടോ എന്ന കൊടും ആധി തല മൂത്തവരായ കോണ്‍ഗ്രസുകാരില്‍ ചില പഴമക്കാര്‍ക്കെങ്കിലും കലശലായുണ്ട്.
കോണ്‍ഗ്രസ് ഒറ്റപ്പാലം ബ്ളോക് പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളെ ഓഫിസിനകത്ത് പൂട്ടിയിടുകയായിരുന്നു യൂത്തന്മാര്‍ അവതരിപ്പിച്ച കലാപരിപാടി. വെറുതെയങ്ങ് പൂട്ടുകയല്ല വീരന്മാര്‍ ചെയ്തത്. പ്രധാന വാതില്‍ പൂട്ടി ജനാലകള്‍ അടച്ച ശേഷം മെയിന്‍ സ്വിച്ചും ഓഫാക്കി. തുലാം തുടങ്ങുമ്പോഴേക്കും എരിപൊരി സഞ്ചാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന കാലാവസ്ഥ മുതലെടുത്താല്‍ പരിപാടി ഏറെ മനോഹരമാക്കാമെന്ന കരുതലും ഇതിനു പിന്നിലുണ്ടായി. ഇരുട്ടിലും ഉഷ്ണത്തിലുമിരുന്ന് മൂത്തവര്‍ പരവശരായി. അവസാനം ചെന്നിത്തലയുടെ പൊലീസ് എത്തിയെങ്കിലും രക്ഷാമാര്‍ഗം ഉല്‍ബോധനത്തിലൂടെയായിരുന്നു.
വിഷയം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുമെന്ന് പറഞ്ഞ് മൂത്തവര്‍ തല്‍ക്കാലം ഓഫിസില്‍ നിന്നിറങ്ങി തടി തപ്പുകയായിരുന്നു. ഇതറിഞ്ഞ് ഡി.സി.സി ആസ്ഥാനത്തേക്കും ബാധിച്ചിട്ടുണ്ട് പരിഭ്രാന്തി. സ്വതവേ ദുര്‍ബല പോരെങ്കില്‍ ഗര്‍ഭിണിയും എന്ന പരുവത്തിലാണ് കുറച്ചു കാലമായി തുന്നക്കാര തെരുവിലെ ഡി.സി.സി ആസ്ഥാനമായ ജവഹര്‍ ഭവന്‍. എരിമയൂര്‍ വടക്കുംപുറം സുകുമാരന്‍ വിജയരാഘവന്‍ എന്ന നേതാവ് എം.പിയായിരിക്കെ ജവഹര്‍ ഭവനില്‍ പാലു കാച്ചലിനൊപ്പം ഗണപതി ഹോമം നടത്തിയതിനെ അപഹസിച്ചുവിട്ട അന്നത്തെ യൂത്തന്മാരില്‍ ചിലരാണ് ഇപ്പോള്‍ ജവഹര്‍ ഭവനില്‍ പൊറുതി. ഒറ്റപ്പാലത്ത് പൂട്ടിയിട്ടവര്‍ പാലക്കാട്ടത്തെുമോ എന്നോര്‍ത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയാലോ എന്ന അഭിപ്രായക്കാരിലും മറുപക്ഷമുണ്ട്. ഗ്രൂപ്പിസവുമുണ്ട്. യുവാക്കള്‍ക്ക് പരിഗണന വേണമെന്ന ആവശ്യത്തില്‍പോലും ഗ്രൂപ്പിസം ഗവേഷിച്ച് കണ്ടത്തെിയവര്‍ കോണ്‍ഗ്രസില്‍ ധാരാളമുണ്ട്. എന്തു കുന്തമായാലും ദേഹരക്ഷ തന്നെ ഏവര്‍ക്കും പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.