കുറ്റ്യാടിയില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഇരുമുന്നണികള്‍ക്കും പാരയാവുന്നു

കുറ്റ്യാടി: ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ ഫണ്ട് വിനിയോഗത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമുന്നണികള്‍ക്കും പാരയാവുന്നു. 2012^2013, 2014^15 കാലയളവിലെ ചില ജീവനക്കാര്‍, സെക്രട്ടറിമാര്‍, ഐ.സി.ഡി.എസ് ഓഫിസര്‍, കൃഷി ഓഫിസര്‍,  പ്രതിപക്ഷത്തെ ഒരാളൊഴികെ ഇരുമുന്നണിയിലെയും  മുഴുവന്‍ മെംബര്‍മാര്‍ എന്നിവരെയും റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാറിന് നഷ്ടം വന്ന തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അടക്കണമെന്നും നിര്‍ദേശമുണ്ട്.
 
ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റില്‍ പെടാത്തവര്‍ക്ക് ആനുകൂല്യം നല്‍കിയതാണ് പ്രധാന പരാമര്‍ശം. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള  കോഴി വിതരണം, ശാരീരിക^മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ് വിതരണം എന്നിവയില്‍  ക്രമക്കേടുണ്ടായതായി സൂചിപ്പിക്കുന്നു. ക്ളീന്‍കുറ്റ്യാടി പദ്ധതിപ്രകാരമുള്ള തുക മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായി ചെലവാക്കി. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ സാധന സാമഗ്രികള്‍ വാങ്ങിയെങ്കിലും പ്രവൃത്തി നടത്തിയില്ല. കരാറുകാര്‍ക്ക് നല്‍കിയ ഏതാനും  ബാരല്‍ ടാര്‍ തിരിച്ചു വാങ്ങിയില്ല. ചില റോഡുകളില്‍ ടാര്‍ കുറച്ച് ഉപയോഗിച്ചപ്പോള്‍ ചിലതിന്  ആവശ്യത്തിലധികം വസ്തുക്കള്‍ ചെലവാക്കി.
 
സാംസ്കാരിക  നിലയങ്ങള്‍ക്ക് വകയിരുത്തിയ ഫര്‍ണിച്ചറുകള്‍ വിതരണംചെയ്തില്ല. വിത്തുകള്‍, നടീല്‍ വസ്തുക്കള്‍ എന്നിവ ടെന്‍ഡറില്ലാതെ വാങ്ങി, നെല്‍കൃഷി ഉല്‍പാദന ബോണസ് മുഴുവനും വിതരണംചെയ്തില്ല, ആയുര്‍വേദ ഡിസ്പെന്‍സറിയിലേക്ക് അധിക വിലക്ക് മരുന്നു വാങ്ങി, ഇ.എം.എസ് ഭവനപദ്ധതി  ഗുണഭോക്താക്കള്‍ വീടുപണി പൂര്‍ത്തിയാക്കിയില്ല, സര്‍വശിക്ഷാ അഭിയാന്‍ വിഹിതം വിനിയോഗിച്ചില്ല തുടങ്ങിയ അപാകതകളാണ് ചൂണ്ടിക്കാട്ടിയത്.
 
റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്ന അപാകതകള്‍ പലതും സാങ്കേതിക പ്രശ്നങ്ങള്‍കൊണ്ട് ഉണ്ടായതാണെന്നും ഭരണ സമിതി കാലയളവ് പൂര്‍ത്തിയായ സമയത്തായതിനാല്‍ റിപ്പോര്‍ട്ടിന് മറുപടി കൊടുക്കാനായില്ളെന്നും ഇനി വരുന്ന ഭരണ സമിതിക്കേ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയൂ എന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.