മുംബൈ: നിതിൻ ഗഡ്കരി പാ൪ട്ടി അധ്യക്ഷനായി തുടരുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി ദേശീയ നി൪വാഹക സമിതിയിൽനിന്ന് പ്രമുഖ അഭിഭാഷകൻ മഹേഷ് ജത്മലാനി രാജിവെച്ചു. ആരോപണ വിധേയനായ ഗഡ്കരിക്കു കീഴിൽ തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് മഹേഷിൻെറ രാജി. ബി.ജെ.പി രാജ്യസഭാംഗവും മുൻ നിയമ മന്ത്രിയുമായ രാം ജത്മലാനിയുടെ മകനാണ് മഹേഷ്. ഗഡ്കരി പ്രസിഡൻറായിരിക്കുമ്പോൾ ദേശീയ നി൪വാഹക സമിതിയിൽ തുടരുന്നത് ബുദ്ധിപരവും ധാ൪മികവുമല്ലെന്ന് കരുതുന്നതായാണ് മഹേഷ് രാജിക്കത്തിൽ പറയുന്നത്. മന$സാക്ഷിക്കനുസരിച്ചാണ് പദവി ഒഴിയുന്നതെന്നു പറഞ്ഞ മഹേഷ് പാ൪ട്ടി പ്രവ൪ത്തകനായി തുടരുമെന്ന് വ്യക്തമാക്കി.
ആരോപണങ്ങളുയ൪ന്ന സാഹചര്യത്തിൽ ഗഡ്കരി പാ൪ട്ടി അധ്യക്ഷ പദവി ഒഴിയണമെന്ന് രാം ജത്മലാനി കത്തെഴുതിയതിന് പിന്നാലെയാണ് മഹേഷ് ജത്മലാനിയുടെ രാജി. ഗഡ്കരിക്കെതിരെ ഉയ൪ന്ന ആരോപണങ്ങൾ പാ൪ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചതായി മാധ്യമപ്രവ൪ത്തകരോട് മഹേഷ് പറഞ്ഞു. ഗഡ്കരിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രതികൂലമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഹാരം ഉടൻ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതേസമയം, രാജിക്കത്തിലെ ഉള്ളടക്കം മഹേഷ് ജത്മലാനി പരസ്യപെടുത്തിയതിൽ ബി.ജെ.പി ദേശീയ വക്താവ് രാജീവ് പ്രതാപ് റൂഡി അസംതൃപ്തി പ്രകടമാക്കി. ഇത് പാ൪ട്ടിയുടെ പ്രതിച്ഛായക്ക് കൂടുതൽ ഭംഗംവരുത്തുമെന്ന് അദ്ദേഹം ആരോപിച്ചു. മഹേഷിൻെറ രാജി അധ്യക്ഷ പദവി ഒഴിയാൻ ഗഡ്കരിയിലുള്ള സമ്മ൪ദംകൂട്ടില്ലേ എന്ന ചോദ്യത്തിന് സമ്മ൪ദമേ ഇല്ലെന്നാണ് റൂഡി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.