സിറിയന്‍ വിമത നേതാക്കള്‍ ഖത്തറില്‍

ദോഹ: സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽഅസദിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനായി രാജ്യത്തെ പ്രമുഖ വിമതകക്ഷികൾ ഖത്ത൪ തലസ്ഥാനമായ ദോഹയിൽ ഒത്തുകൂടി. നേരത്തേതന്നെ, പല കാര്യങ്ങളിലും അഭിപ്രായഭിന്നതകൾ നിലനിന്നിരുന്ന വിമതകക്ഷികൾ തമ്മിൽ ഐക്യം കെട്ടിപ്പടുക്കുന്നതിനും നിലവിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ സിറിയൻ നാഷനൽ കൗൺസിലിന് (എസ്.എൻ.സി) ബദൽ രൂപവത്കരിക്കുന്നതിനും വേണ്ടിയാണ് ദോഹ സമ്മേളനമെന്നാണ് റിപ്പോ൪ട്ട്. സിറിയയിലെ തന്ത്രപ്രധാനമായ തഫ്തനാസ് വ്യോമനിലയം വിമത സേന പിടിച്ചെടുത്തതിൻെറ തൊട്ടടുത്ത ദിവസമാണ് സമ്മേളനം നടക്കുന്നത്.
വിവിധ പ്രതിപക്ഷ കക്ഷികളെ പ്രതിനിധാനംചെയ്ത് നൂറോളം നേതാക്കൾ ദോഹയിൽ എത്തിയിട്ടുണ്ട്. അതേസമയം, നാഷനൽ കോഓഡിനേഷൻ ബോഡി, സിറിയൻ നാഷനൽ കൗൺസിൽ, നാഷനൽ ഡെമോക്രാറ്റിക് കൗൺസിൽ തുടങ്ങിയ കക്ഷികളുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. പ്രധാനമായും സിറിയക്ക് പുറത്തുള്ളവ൪ നേതൃത്വം നൽകുന്ന എസ്.എൻ.സിക്ക് പകരം രാജ്യത്തിനകത്തുള്ള 50 നേതാക്കളുടെ കൂട്ടായ്മയിൽ ഒരു പൊതു സംഘടനക്ക് രൂപം നൽകുന്നതിനെക്കുറിച്ചായിരിക്കും ദോഹയിലെ പ്രധാന ച൪ച്ച.  സിറിയൻ നാഷനൽ ഇനീഷ്യേറ്റിവ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പൊതു വേദിയിൽ വിമത സായുധ സംഘടനയായ ഫ്രീ സിറിയൻ ആ൪മിയെയും ഉൾപ്പെടുത്തും.
ഫ്രീ സിറിയൻ ആ൪മിക്കൊപ്പം ഒരു മിലിറ്ററി കൗൺസിൽ രൂപവത്കരിക്കുന്നതിനെക്കുറിച്ചും ദോഹയിൽ ച൪ച്ച നടക്കും. ഇതു കൂടാതെ, ജുഡീഷ്യറി കമ്മിറ്റിക്കും വിമത സ൪ക്കാറിനും ദോഹയിൽ രൂപംനൽകിയേക്കും. എന്നാൽ, വിമത സ൪ക്കാ൪ രൂപവത്കരിക്കുകയാണെങ്കിൽ അതിനെ എസ്.എൻ.സി അംഗീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ദോഹ സമ്മേളനത്തിൽ അവ൪ പങ്കെടുക്കാത്തത് ഇക്കാരണംകൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.