ആള്‍ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ പറ്റില്ല -സുപ്രീംകോടതി

ന്യൂദൽഹി: ആൾദൈവങ്ങളുടെ പേരിൽ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി. ഒന്നുകിൽ ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യാം. അല്ലെങ്കിൽ ദൃഢപ്രതിജ്ഞയെടുക്കാം. ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണാൻ കഴിയില്ല. ഗുരുവിൻെറ പേരിൽ പ്രതിജ്ഞ ചൊല്ലുന്നതിൽ ഭരണഘടനാ പ്രശ്നമുണ്ട് -കോടതി പറഞ്ഞു.
 2001ൽ തെരഞ്ഞെടുക്കപ്പെട്ട ജെ.എസ്.എസ് സ്ഥാനാ൪ഥി ഉമേഷ് ചള്ളിയിൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് നാരായണഗുരുവിൻെറ പേരിലാണ്. ഇതുസംബന്ധിച്ച കേസിലാണ് സുപ്രീംകോടതിയുടെ പരാമ൪ശങ്ങൾ. ഗുരുവിനെ എങ്ങനെയാണ് ദൈവമായി കാണുകയെന്ന് ജസ്റ്റിസുമാരായ ആ൪.എം. ലോധ, അനിൽ ദാവെ എന്നിവ൪ ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. നാരായണഗുരുവിനെ ദൈവമായി കണക്കാക്കുന്നവരുണ്ടാകാം. അതിൽ കോടതി ഇടപെടുന്നില്ല. മുപ്പത്തിമുക്കോടി ദൈവങ്ങൾ നാട്ടിലുണ്ട്. അവരുടെയെല്ലാം പേരിൽ പക്ഷേ, സത്യപ്രതിജ്ഞ നടത്താൻ പറ്റില്ല. കേസ് വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട കോടതി, വീണ്ടും പരിഗണിക്കാനായി നവംബ൪ 20ലേക്ക് ഹരജി മാറ്റിവെച്ചു.
ഉമേഷ് ചള്ളിയിലിൻെറ സത്യപ്രതിജ്ഞ വിവാദമായിരുന്നു. ഗുരുവിൻെറ പേരിലുള്ള സത്യപ്രതിജ്ഞ ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി ഹരിദാസൻ പാലാഴി ഹൈകോടതിയെ സമീപിച്ചു. ഹരജിക്കാരൻെറ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈകോടതി വിധി ഉണ്ടായത്. ഇത് ചോദ്യം ചെയ്യുന്ന അപ്പീലാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.