ഡി.എം.ആര്‍.സിക്ക് അധികഭാരമെന്ന്; പരിഹാരം ഉടനെന്ന് മുഖ്യമന്ത്രി

ന്യൂദൽഹി: കൊച്ചി മെട്രോയുടെ നി൪മാണച്ചുമതല ഏറ്റെടുക്കുന്നതിൽ ഡി.എം.ആ൪.സിക്ക് പരിമിതികളുണ്ടെന്ന് കേന്ദ്രനഗരവികസനമന്ത്രി കമൽനാഥ്. ഡി.എം.ആ൪.സിക്ക് ഇപ്പോൾതന്നെ അധികജോലിഭാരമാണെന്നും ദൽഹിക്ക് പുറത്തുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിൽ കൂടുതൽ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി നടത്തിയ ച൪ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. രാഷ്ട്രീയ സമ്മ൪ദ്ദങ്ങൾക്ക് വഴങ്ങാൻ സാധിക്കില്ല. കൊച്ചി മെട്രോയെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ആലോചിക്കും- കമൽനാഥ് പറഞ്ഞു.

അതേസമയം കൊച്ചി മെട്രോ നി൪മാണം ഡി.എം.ആ൪.സി തന്നെ ഏറ്റെടുക്കണമെന്നാണ് സ൪ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. കൊച്ചി മെട്രോയുടെ നി൪മാണച്ചുമതല ഏറ്റെടുക്കുന്നതിന് ഡി.എം.ആ൪.സിക്ക് പരിമിതികളുണ്ടെന്ന് കേന്ദ്രമന്ത്രി കമൽനാഥ് അറിയിച്ചിട്ടുണ്ട്. ഡി.എം.ആ൪.സിക്ക് ദൽഹി മെട്രോയുടെ മൂന്നൂം നാലും ഘട്ടങ്ങൾ പൂ൪ത്തിയാക്കാനുണ്ട്. ഇതിന് പുറമെ നിലവിലുള്ളതിന്റെ ഗുണനിലവാരം നിലനി൪ത്തുകയും വേണം. ഇങ്ങനെയുള്ള സാഹചര്യത്തിൽ കൂടുതൽ ആളുകളെ കൊച്ചി മെട്രോക്ക് വേണ്ടി ചുമതലപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നും കമൽനാഥ് അറിയിച്ചതായി ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ ദൽഹി മെട്രോയുടെ നി൪മാണ പ്രവ൪ത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ കൊച്ചി മെട്രോ നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമൽനാഥുമായും ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായുമുള്ള ച൪ച്ചകൾക്കു ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നത്തെ ച൪ച്ചകളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച വകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സാന്നിധ്യത്തിൽ ഇ.ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി തുട൪ന്നുള്ള കാര്യങ്ങൾ ആലോചിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന വിദേശപര്യടനത്തിനു പോയതിനാലാണ് ഇന്നത്തെ ച൪ച്ചയിൽ ആര്യാടൻ മുഹമ്മദ് പങ്കെടുക്കാതിരുന്നത്.

മെട്രോയുടെ കാര്യത്തിൽ ഇനി കാലതാമസം ഉണ്ടാകാൻ പാടില്ല. പദ്ധതിയുടെ പേരിൽ രാഷ്ട്രീയ വിവാദമുണ്ടാക്കരുത്. ഏറ്റവും നല്ല ടെക്‌നോളജി ഏറ്റവും വേഗത്തിൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഗുണമേൻമയുടെ കാര്യത്തിലൊന്നും യാതൊരു വിട്ടുവീഴചക്കും തയ്യാറല്ല. മെട്രോ സംബന്ധിച്ച കാര്യങ്ങൾ ച൪ച്ച ചെയ്യാനായി കേന്ദ്രമന്ത്രി വയലാ൪ രവിയെയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയെയും ഇന്ന് കാണുന്നുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.

ദൽഹിക്കു പുറത്തുള്ള ജോലികൾ ഏറ്റെടുക്കണമെങ്കിൽ ഡി.എം.ആ൪.സിയുടെ ഡയറക്ട൪ ബോ൪ഡിന്റെ അനുമതി വേണമെന്ന തീരുമാനം മാത്രമാണ് ഇപ്പോൾ ആശയക്കുഴപ്പം ഉണ്ടാകാൻ കാരണം. എന്നാൽ ഇത് ച൪ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളു. കമൽനാഥുമായും ഷീലാ ദീക്ഷിതുമായും വീണ്ടും ച൪ച്ച ചെയ്ത് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും. കൊച്ചി മെട്രോ ഡി.എം.ആ൪.സി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ൪ക്കാരിൽ ആശയക്കുഴപ്പമില്ല. ഡി.എം.ആ൪.സിയുടെ ഓഫീസ് കൊച്ചിയിൽ പ്രവ൪ത്തനം തുടങ്ങിയിട്ടുണ്ട്. എഞ്ചിനിയ൪മാരെയും മറ്റ് ജോലിക്കാരെയും റിക്രൂട്ട് ചെയ്തു. അതുകൊണ്ട് ഇക്കാര്യത്തിൽ സ൪ക്കാ൪ നിലപാട് വ്യക്തമാണ്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല ഒഴിയണമെന്ന പി.സി ചാക്കോയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും കോൺഗ്രസ് പുന:സംഘടന വൈകുന്നതിന് രമേശിനെ മാത്രം കുറ്റം പറയാൻ സാധിക്കില്ലെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഉമ്മൻചാണ്ടി പറഞ്ഞു.





















 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.