കോണ്‍ഗ്രസ് വീണ്ടും കുരുക്കില്‍; വീരഭദ്ര സിങ്ങിന് കോടികളുടെ അനധികൃത സമ്പാദ്യം

ന്യൂദൽഹി: റോബ൪ട്ട് വാദ്രക്കും നിയമമന്ത്രി സൽമാൻ ഖു൪ഷിദിനും പിന്നാലെ കോൺഗ്രസിനെ കുരുക്കിലാക്കി മുൻകേന്ദ്രമന്ത്രിയും ഹിമാചൽ പ്രദേശ് ഘടകം കോൺഗ്രസ് അധ്യക്ഷനുമായ വീരഭദ്രസിങ്ങിനെതിരെയും അഴിമതി ആരോപണം. നവംബ൪ നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശിൽ കോൺഗ്രസിൻെറ മുഖ്യമന്ത്രി സ്ഥാനാ൪ഥിയായി മത്സരിക്കുന്ന വീരഭദ്രസിങ് നാമനി൪ദേശ പത്രികക്കൊപ്പം സമ൪പ്പിച്ച ആദായനികുതി കണക്കിലാണ് അവിഹിത ഇടപാട് പുറത്തായത്. സിങ്ങിൻെറ വരുമാനം ഏതാനും വ൪ഷത്തിനിടെ 30 മടങ്ങായി വ൪ധിച്ചതായാണ് കണക്കിൽ കാണുന്നത്.
കേന്ദ്രമന്ത്രിയായിരിക്കെ ലഭിച്ച കോഴപ്പണമെന്ന് സംശയിക്കുന്ന വരുമാനം വെളുപ്പിക്കാൻ സിങ് വ്യാജരേഖ ചമച്ചുവെന്നുമുണ്ട് ആക്ഷേപം.  വീരഭദ്രസിങ് തൻെറ പേരിലുള്ള ആപ്പിൾ തോട്ടം നോക്കിനടത്താൻ ഏൽപിച്ച ആനന്ദ് ചൗഹാൻ 2008 ജൂൺ മുതൽ 2010 മാ൪ച്ച് വരെയുള്ള കാലത്ത് സിങ്ങിൻെറ ബാങ്ക് അക്കൗണ്ടിൽ  അഞ്ചു കോടി രൂപ നിക്ഷേപിച്ചു. കൂടാതെ, സിങ്ങിൻെറ ഭാര്യയുടെയും മക്കളുടെയും പേരിൽ അഞ്ചു കോടിയോളം രൂപയുടെ എൽ.ഐ.സി പോളിസി  എടുത്തുനൽകുകയും ചെയ്തു. ആപ്പിൾ തോട്ടത്തിൽനിന്നുള്ള വരുമാനമായാണ് ഈ പണം കാണിച്ചിരിക്കുന്നത്. എന്നാൽ, സിങ് സമ൪പ്പിച്ച ആദ്യ ആദായനികുതി റിട്ടേണിൽ ഇത്രയും തുക വരവ് കാണിച്ചിട്ടില്ല.
പിന്നീട് ആദായനികുതി റിട്ടേൺ പുതുക്കി നൽകിയപ്പോഴാണ്  കോടികളുടെ വരുമാനം കണക്കിൽ ഉൾപ്പെടുത്തിയത്.  ഇസ്പാത് ഇൻഡസ്ട്രീസ് എന്ന സ്റ്റീൽ കമ്പനിയുടെ ദൽഹി ഓഫിസിൽ 2010 ഡിസംബറിൽ നികുതി ഉദ്യോഗസ്ഥ൪ നടത്തിയ റെയ്ഡിൽ രാഷ്ട്രീയക്കാ൪ക്കും ഉദ്യോഗസ്ഥ൪ക്കും കമ്പനി നൽകിവന്ന മാസപ്പടിയുടെ ഡയറി കണ്ടെത്തിയിരുന്നു. ഇതിൽ സ്റ്റീൽ മന്ത്രാലയത്തിലെ ‘വി.ബി.എസ്’ എന്ന പേരിൽ 2.5 കോടി രൂപ പലപ്പോഴായി നൽകിയതായി രേഖപ്പെടുത്തിയിരുന്നു. വി.ബി.എസ് വീരഭദ്ര സിങ്ങാണെന്നാണ് ആക്ഷേപം. അഴിമതി ആരോപണത്തെ തുട൪ന്നാണ് വീരഭദ്രസിങ്ങിന് ഏതാനും മാസം മുമ്പ് കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാകേണ്ടി വന്നത്.  
ഇസ്പാത് സ്റ്റീൽ നൽകിയ കോഴപ്പണം ആപ്പിൾ കൃഷിയിൽ നിന്നുള്ള വരുമാനമെന്ന വ്യാജേന ആനന്ദ് ചൗഹാൻ വഴി കൈപ്പറ്റിയെന്നാണ് വീരഭദ്രസിങ്ങിനെതിരെ ഉയ൪ന്നിരിക്കുന്ന സംശയം. ചൗഹാനുമായി കരാറിലേ൪പ്പെട്ടുവെന്നു പറയുന്ന കാലത്തു തന്നെ ഇതേ ആപ്പിൾ തോട്ടം നോക്കിനടത്താൻ ബിശംബ൪ ദാസ് എന്നയാളുമായും സിങ് കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. അതിനാൽ,ആനന്ദ് ചൗഹാനുമായി സിങ് ഒപ്പുവെച്ച ആപ്പിൾ തോട്ടം നടത്തിപ്പ് കരാ൪  കള്ളപ്പണം വെളുപ്പിക്കാനുണ്ടാക്കിയ വ്യാജരേഖയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.