വാദ്രക്കെതിരെ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനെ മാറ്റി

 ന്യൂദൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബ൪ട്ട് വാദ്രയുമായി ബന്ധപ്പെട്ട സ്വത്ത് വിവാദം പുതിയ വഴിത്തിരിവിൽ. ക്രമക്കേട് കണ്ടെത്തിയതിനെ തുട൪ന്ന് വാദ്രയുടെ കമ്പനിയും ഡി.എൽ.എഫും നടത്തിയ സ്ഥലമിടപാട് റദ്ദാക്കുകയും ഹരിയാനയിലെ നാലു ജില്ലകളിൽ വാദ്ര നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്ത ഐ.എ.എസ് ഓഫിസറെ ഹരിയാന സ൪ക്കാ൪ രായ്ക്കുരാമാനം സ്ഥലം മാറ്റി. ഹരിയാന രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ട൪ ജനറൽ അശോക്  ഖേംകയാണ് സ്ഥലം മാറ്റപ്പെട്ടത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫും റോബ൪ട്ട് വാദ്രയും കോൺഗ്രസും തമ്മിലുള്ള അവിഹിതബന്ധമാണ് ഐ.എ.എസ് ഓഫിസ൪ക്കെതിരായ നടപടി വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ പാ൪ട്ടികളും അരവിന്ദ് കെജ്രിവാളും കുറ്റപ്പെടുത്തി.
അതേസമയം, ഓഫിസ൪മാരുടെ സ്ഥലംമാറ്റം സംസ്ഥാന സ൪ക്കാറിൻെറ അധികാരമാണെന്നും അശോക് ഖേംകയുടെ സ്ഥലംമാറ്റം ശിക്ഷാ നടപടിയല്ലെന്നും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദ൪ സിങ് ഹുഡ വിശദീകരിച്ചു. വാദ്രയും ഡി.എൽ.എഫുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും കുറ്റക്കാ൪ ആരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി തുട൪ന്നു. അതേസമയം, രാഷ്ട്രീയമായി ശക്തരായ ചിലരുടെ അവിഹിത ഇടപാടുകൾ അന്വേഷിച്ചതിനാണ് തന്നെ സ്ഥലം മാറ്റിയതെന്ന് അശോക് ഖേംക മാധ്യമങ്ങളോട് പറഞ്ഞു.
  ഐ.എ.എസ് ഓഫിസറുടെ സ്ഥലം മാറ്റം വാദ്രയുടെ കേസുമായി ബന്ധപ്പെട്ടാണെന്നതിന് തെളിവില്ലെന്ന് കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് പറഞ്ഞു. കോൺഗ്രസ് ഭരണത്തിൽ വാദ്ര - ഡി.എൽ.എഫ് ഇടപാടിലെ ക്രമക്കേട് പുറത്തുവരില്ലെന്നും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഹരിയാന പ്രതിപക്ഷ പാ൪ട്ടി ഐ.എൽ.എൽ.ഡി നേതാവ് ഓം പ്രകാശ് ചൗത്താല വ്യക്തമാക്കി. വാദ്രയുടെ ഭൂമി ഇടപാടിലെ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ശിക്ഷിച്ച നടപടി വിചിത്രമാണെന്നും ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറാകണമെന്നും ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ എന്നിവ൪ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.