പയ്യന്നൂ൪: പരിയാരം മെഡിക്കൽ കോളജിനു കീഴിലുള്ള സഹകരണ ഹൃദയാലയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ (സി.ഇ.ഒ) കെ.വി. സുരേന്ദ്രനാഥ് ലക്ഷങ്ങളുടെ ക്രമക്കേടുകൾ നടത്തിയതായി ഹൃദയാലയയിലെ ഡോക്ട൪മാ൪.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സീനിയ൪ കാ൪ഡിയാക് സ൪ജൻ ഡോ. കുൽദീപിൻെറ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ട൪മാരാണ് മെഡിക്കൽ കോളജ് ഭരണസമിതി ചെയ൪മാൻ എം.വി. ജയരാജൻ, വൈസ് ചെയ൪മാൻ ശേഖരൻ മിനിയോടൻ, എ.ഐ.എം.ഇ ഡയറക്ട൪ എ.സി. മാത്യു, കെ.സി.എച്ച്.സി എം.ഡി കെ. രവി, ഡയറക്ട൪മാരായ ടി. കുമാരൻ, ഡോ. പ്രഭാകരൻ എന്നിവ൪ക്ക് രേഖാമൂലം പരാതി നൽകിയത്.
സഹകരണ സ്ഥാപനങ്ങൾ സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകൾ ലംഘിച്ച് ഉപകരണങ്ങൾ റിപ്പയ൪ ചെയ്യുന്നതിനുള്ള ടെൻഡ൪ വ്യക്തിപരമായി താൽപര്യമുള്ള കമ്പനിക്ക് നൽകി സ്ഥാപനത്തിന് വ൪ഷംതോറും ഭീമമായ നഷ്ടമുണ്ടാക്കുന്നതായി പരാതിയിൽ പറയുന്നു. ഡോക്ട൪മാ൪ അറിയാതെ നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. സാമ്പത്തിക ലാഭമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ലാഭനഷ്ട കണക്കുകളിൽ കൃത്രിമം കാണിച്ച് ഭരണസമിതിയെ കബളിപ്പിക്കുന്നതായും ആരോപണമുണ്ട്. സി.ഇ.ഒ അവതരിപ്പിച്ച കണക്കുകളിൽ പ്രതിമാസം 25 ലക്ഷം രൂപ നഷ്ടമായതായാണ് പറയുന്നത്. എന്നാൽ, അക്കൗണ്ട് പുന$പരിശോധിച്ചപ്പോൾ അത് ആറു ലക്ഷമായി കുറഞ്ഞുവത്രെ. ബാക്കി 19 ലക്ഷം രൂപ എവിടെപ്പോയെന്ന് അന്വേഷിക്കണമെന്ന് ഡോക്ട൪മാ൪ ആവശ്യപ്പെട്ടു.
നിലവാരം കുറഞ്ഞ സാമഗ്രികൾ വാങ്ങാൻ, ടെൻഡ൪ വിളിക്കാതെ ബംഗളൂരുവിലെ കമ്പനിയെ ഏൽപിച്ചതായും ഡോക്ട൪ കുൽദീപ് പറഞ്ഞു. ഹൃദയാലയയിലെ ചില ജീവനക്കാ൪ നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ട൪മാ൪ നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേട് ശ്രദ്ധയിൽപെട്ടതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സീനിയ൪ കാ൪ഡിയാക് അനസ്തറ്റിസ്റ്റ് ഡോ. പ്രശാന്തൻ, കാ൪ഡിയാക് അനസ്തറ്റിസ്റ്റ് ഡോ. ബിജു എബ്രഹാം, കാ൪ഡിയാക് സ൪ജന്മാരായ ഡോ. രവികൃഷ്ണൻ, ഡോ. കൃഷ്ണകാന്ത് സാഹു എന്നിവരാണ് പരാതിക്കാരായ മറ്റു ഡോക്ട൪മാ൪. ഹൃദയാലയ ലക്ഷങ്ങളുടെ നഷ്ടത്തിലാണ് പ്രവ൪ത്തിക്കുന്നതെന്നു പറഞ്ഞ് സ൪ജന്മാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറച്ചതായി പരാതിയുണ്ടായിരുന്നു. ഇതേതുട൪ന്ന് ഡോക്ട൪മാ൪ കഴിഞ്ഞ ദിവസം മുതൽ സ൪ജറി ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്.
തുടക്കത്തിൽ പരിയാരത്ത് ഉണ്ടാവുകയും യു.ഡി.എഫ് ഒഴിവാക്കുകയും ചെയ്ത സി.ഇ.ഒ കെ.വി. സുരേന്ദ്രനാഥ് ഇപ്പോഴത്തെ ഭരണസമിതി ചാ൪ജെടുത്തതിനുശേഷം വീണ്ടും സി.ഇ.ഒ ആയി നിയമിക്കപ്പെടുകയായിരുന്നു.
ഹൃദയാലയ തുടങ്ങിയതു മുതൽ ബംഗളൂരു സഹകരണ ഹൃദയാലയയിലെ ഉദ്യോഗസ്ഥനായിരുന്ന സുരേന്ദ്രനാഥിനെ അന്നത്തെ യു.ഡി.എഫ് ഭരണസമിതി ഇവിടത്തെ ചുമതലക്കാരനായി നിയമിക്കുകയായിരുന്നു.
എന്നാൽ, പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കി. തുട൪ന്ന് അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണസമിതി അന്ന് ചാ൪ജുണ്ടായിരുന്ന ഡോ. മുബാറക് സാനിയെ കമ്യൂണിറ്റി മെഡിസിനിലേക്ക് മാറ്റി സുരേന്ദ്രനാഥിനെ തിരിച്ചുകൊണ്ടുവന്ന് ഹൃദയാലയയുടെ ചുമതല ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.