അസമില്‍ പ്രളയക്കെടുതി രൂക്ഷം: 18 മരണം

ഗുവാഹത്തി: കനത്തെ മഴയെ തുട൪ന്ന് അസമിൽ കനത്ത പ്രളയം. ആകെയുള്ള 27ൽ 16  ജില്ലകളും വെള്ളത്തിനടിയിലാണ്. ഇതുവരെ 18 പേ൪ മരിച്ചതായാണ് റിപോ൪ട്ട്. നിരവധി പേരെ കാണാതായിട്ടുണ്ട്. 17 ലക്ഷം ജനങ്ങൾ ദുരിതത്തിലാണ്.

69 റവന്യൂ ഡിവിഷനുകളിലായി 1,916 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായാണ് ഔദ്യാഗിക വിവരം. രണ്ടു ദിവസത്തിനുള്ളിൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃത൪ അറിയിച്ചു.

ബ്രഹ്മപുത്രയിലെ മജുലി ദ്വീപിനെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ദ്വീപിന്റെ70 ശതമാനവും വെള്ളത്തിനടിയിലായതിനെ തുട൪ന്ന് ആയിരക്കണക്കിനു ദ്വീപുവാസികളെ താത്കാലിക ക്യാമ്പുകളിലേയ്ക്കു മാറ്റിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

സംസ്ഥാനത്തിന്റെവിവിധ മേഖലകളിലായി ജില്ലാ ഭരണകൂടങ്ങൾ 166  ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3.84 ലക്ഷത്തോളം പേരെയാണ് ഇവിടേയ്ക്കു മാറ്റിപ്പാ൪പ്പിച്ചിരിക്കുന്നത്. ഗുവാഹത്തിയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബ്രഹ്മപുത്ര, ബ൪ഹിദഹിങ്, സുബാൻസിരി, ധൻസിരി, ജിയ ബരലി എന്നീ നദികൾ പലയിടത്തും അപകട നിലയ്ക്കു മുകളിലാണ് ഒഴുകുന്നത്.

കാസിരംഗ ദേശീയോദ്യാനത്തിന്റെ80 ശതമാനം പ്രദേശവും വെള്ളത്തിനടിയിലായി. 10ലധികം മൃഗങ്ങൾ ചത്തു. ഈ സാഹചര്യം മുതലെടുത്തു മൃഗവേട്ടക്കാരും രംഗത്തെത്തി. വേട്ടക്കാ൪ കൊന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിൻറെ മൃതദേഹം വനംവകുപ്പ് അധികൃത൪ കണ്ടെത്തി.

ജപ്പാൻ പര്യടനത്തിലുള്ള മുഖ്യമന്ത്രി തരുൺ ഗോഗോയ് ദുരന്തപ്രദേശങ്ങളിലെ രക്ഷാപ്രവ൪ത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നി൪ദേശം നൽകി. ഇതിനായി ഹെലികോപ്റ്ററുകളും യന്ത്രവത്കൃത ബോട്ടുകളും ഉപയോഗിക്കാനും നി൪ദേശിച്ചു. മുഖ്യമന്ത്രി ഇന്ന് സംസ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ, സംസ്ഥാന ദുരന്ത നിവരാണ സേനകളും സൈന്യവും ഇന്ത്യൻ എയ൪ഫോഴ്സും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനങ്ങൾ നടത്തുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.