വഡോദര: ഗുജറാത്തിന് ലോകപ്രശസ്തമായ ‘അമുൽ’ ബ്രാൻഡ് സമ്മാനിച്ച ഡോ. വ൪ഗീസ് കുര്യൻെറ സംസ്കാര ചടങ്ങിൽനിന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിട്ടുനിന്നു. മോഡി മന്ത്രിസഭയിലെ നിയമസഭാകാര്യ മന്ത്രി പ്രദീപ്സിങ് ജദേജ ഒഴികെ മറ്റു മന്ത്രിമാരൊന്നും വ൪ഗീസ് കുര്യന് അന്ത്യോപചാരം അ൪പ്പിക്കാൻ എത്തിയില്ല.
ഞായറാഴ്ച ആനന്ദിലെ അമുലിൻെറ ആസ്ഥാനത്ത് കുര്യൻെറ മൃതദേഹം പൊതുദ൪ശനത്തിനുവെച്ചപ്പോൾ അന്ത്യോപചാരമ൪പ്പിക്കാൻ മുഖ്യമന്ത്രി നരേന്ദ്ര മോഡി എത്തുമെന്ന് കരുതിയിരുന്നു. ആനന്ദിൽനിന്ന് 20 കി.മീറ്റ൪ അകലെ നാദിയാദിൽ കലക്ടറേറ്റ് കെട്ടിടം ഉദ്ഘാടനംചെയ്യാൻ അദ്ദേഹം എത്തുകയും ചെയ്തിരുന്നു. അമുൽ ആസ്ഥാനത്ത് മോഡി എത്തുമെന്ന് പൊലീസ് സന്ദേശം നൽകിയെങ്കിലും അതുണ്ടായില്ല. കുര്യൻ സ്ഥാപിച്ച ഗുജറാത്ത് കോഓപ്പറേറ്റിവ് മിൽക് മാ൪ക്കറ്റിങ് ഫെഡറേഷനിൽ അംഗമായ മെഹ്സാന ഡെയറിയുടെ കാലിത്തീറ്റ പ്ളാൻറ് അന്നുരാവിലെ മോഡി ഉദ്ഘാടനംചെയ്യുകയും കുര്യൻെറ നിര്യാണത്തിൽ അനുശോചിക്കുകയും ചെയ്തിരുന്നു.
2004ൽ ഒരു പൊതുചടങ്ങിനിടെ ഉണ്ടായ സംഭവം മോഡിയും കുര്യനും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു. മോഡിയോടൊപ്പം ഒരു കാ൪ഷികമേളയിൽ പങ്കെടുക്കവെ കുര്യൻ നടത്തിയ ചില പരാമ൪ശങ്ങളാണ് ഇരുവരും തമ്മിലെ ബന്ധം ഉലച്ചത്.
രണ്ടുവ൪ഷം പിന്നിടുന്നതിനുമുമ്പ് കുര്യൻ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറ് -ആനന്ദിൻെറ (ഐ.ആ൪.എം.എ) ചെയ൪മാൻ സ്ഥാനത്തുനിന്ന് കുര്യന് പടിയിറങ്ങേണ്ടിവന്നു. 2009ൽ മോഡി സ൪ക്കാ൪ വീണ്ടും കുര്യനെതിരെ നീങ്ങി. സ്ഥാപക ചെയ൪മാൻ എന്ന നിലയിൽ ജി.സി.എം.എം.എഫ് നൽകിയിരുന്ന കാ൪, പാചകക്കാരൻ, സുരക്ഷാ ഗാ൪ഡ് തുടങ്ങിയ സൗകര്യങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് സഹകരണ സംഘ രജിസ്ട്രാ൪ ഫെഡറേഷന് നോട്ടീസ് നൽകി. പിന്നീട് ജി.സി.എം.എം.എഫ് അധികൃത൪ മോഡിയെ സമീപിച്ചതിനെ തുട൪ന്നാണ് സൗകര്യങ്ങൾ തുടരാൻ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.