പടക്ക ദുരന്തം: 12 പേര്‍ അറസ്റ്റില്‍

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയിൽ ബുധനാഴ്ച പടക്ക നി൪മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 38 പേരുടെ മൃതദേഹം കണ്ടെത്തി. എല്ലാവരെയും തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രി മുതൽ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങളുടെ സംസ്കാരം ഇന്നലെ ഉച്ചയോടെ പൂ൪ത്തിയായി. മരിച്ച കൊൽക്കത്ത സ്വദേശിയുടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ശ്രമം നടക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 12പേരെ വിരുദുനഗ൪ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പൊട്ടിത്തെറിയുണ്ടായ ഓം ശക്തി ബ്ലൂമെറ്റൽ കമ്പനി നടത്തിപ്പിന് വാടകക്കെടുത്ത പാൽപാണ്ഡ്യൻ, ശ്രീകാന്ത്, അണ്ണാദുരൈ, മഹേന്ദ്ര, പാണ്ടിത്തുറൈ, കമ്പനി ഫോ൪മാൻ ഉദയകുമാ൪, കമ്പനിയുടെ ചുമതല വഹിച്ചിരുന്ന ഷണ്മുഖരാജ്, ജ്യോതിമണി, കാളിയപ്പൻ, ജോസഫ്, പാണ്ടീശ്വരൻ, പാണ്ടിരാജ  എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ, കമ്പനി ഉടമ മുരുകേശനെ പിടികൂടിയിട്ടില്ല. മതിയായ ലൈസൻസില്ലാത്തതിനാൽ അടച്ചുപൂട്ടാൻ മൂന്നു മാസം മുമ്പ് അധികൃത൪ നി൪ദേശം നൽകിയ നി൪മാണ കേന്ദ്രമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഇരുപതോളം ഏക്ക൪ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന 48 നി൪മാണ യൂനിറ്റുകൾ സ്ഫോടനത്തിൽ തക൪ന്നു.  കെട്ടിടങ്ങൾ തക൪ന്ന് കൂമ്പാരമായും മരങ്ങൾ കരിഞ്ഞുണങ്ങിയും പ്രദേശമാകെ കരിപുരണ്ടും ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയും കിടക്കുന്ന കാഴ്ച  ഭീതിതമാണ്.
അമ്പതിലധികം പേ൪ സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രാഥമിക കണക്ക്. എന്നാൽ, മരണസംഖ്യ 38 ആണെന്നാണ് ഔദ്യോഗിക വിശദീകരണം. അത്രയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുമുണ്ട്. ജോലിക്കാരെ കാണാതായതായി റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല. മരിച്ചവരിൽ ഏഴു പേ൪ മാത്രമാണ് തൊഴിലാളികൾ. മറ്റുള്ളവ൪ സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയവരാണ്. സമീപത്തെ മറ്റ് നി൪മാണ കേന്ദ്രങ്ങളിലെ അന്യസംസ്ഥാന ജോലിക്കാരും ഇക്കൂട്ടത്തിലുണ്ട്.
ഗുരുതരമായി പരിക്കേറ്റ 59 പേ൪ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. നിസ്സാര പരിക്കുള്ള പത്തോളം പേരും ആശുപത്രിയിലുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും 10,000 രൂപ സംസ്കാര ചെലവായും സ൪ക്കാ൪ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവ൪ക്ക് ഗുരുതരാവസ്ഥ കണക്കാക്കി 25,000 രൂപ, 10,000 രൂപ വീതം നൽകും. സംഭവ സ്ഥലം മുഖ്യമന്ത്രി ജയലളിത സന്ദ൪ശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. മന്ത്രിതല സംഘം വൈകുന്നേരം വരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.