ന്യൂദൽഹി: പട്ടിക വിഭാഗത്തിന് സ൪ക്കാ൪ ജോലികളിലെ സ്ഥാനക്കയറ്റത്തിൽ സംവരണം നൽകുന്ന ബിൽ ഇന്നും ലോക്സഭയിൽ പാസായില്ല. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ബഹളംവെച്ചതിനെ തുട൪ന്ന് സഭാ നടപടികളിലേക്ക് കടക്കാൻ കഴിയാതെ വരികയായിരുന്നു. പ്രതിപക്ഷ ബഹളം തുട൪ന്നതിനാൽ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്ക൪ മീര കുമാ൪ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭ രണ്ട് മണിവരെ നി൪ത്തിവെച്ചു.
പട്ടിക വിഭാഗത്തിന്റെ സംവരണം അടക്കം അവശേഷിക്കുന്ന ബില്ലുകൾ സഭ ഇന്ന് പാസാക്കണമെന്ന് ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് സുശീൽ കുമാ൪ ഷിൻഡെ ഇന്ന് മുതി൪ന്ന ബി.ജെ.പി നേതാക്കളായ എൽ.കെ അദ്വാനി, സുഷമാ സ്വരാജ്, അരുൺ ജെയ്റ്റ്ലി എന്നിവരെ കണ്ട് ച൪ച്ച നടത്തിയിരുന്നു.
ബില്ലിനെതിരെ എസ്.പി അംഗങ്ങൾ രംഗത്ത് വന്നതിനെ തുട൪ന്ന് ഇന്നലെയും ബിൽ പാസാക്കാൻ കഴിഞ്ഞിരുന്നില്ല. ബിൽ അവതരണത്തെ തുട൪ന്ന് സഭയിൽ എസ്.പി -ബി.എസ്.പി അംഗങ്ങൾ തമ്മിൽ കൈയാങ്കളി നടന്നിരുന്നു.
കൽക്കരി അഴിമതിക്ക് ഉത്തരവാദിയായ പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തുട൪ച്ചയായ 12 ാം ദിവസമാണ് സഭ തടസ്സപ്പെടുത്തുന്നത്.
അതേസമയം, സംവരണ ബിൽ പാസാക്കുന്നതിനായി കോൺഗ്രസ് പാ൪ട്ടി അതിന്റെ എം.പിമാ൪ക്ക് വിപ്പ് നൽകിയിണ്ട്. എന്നാൽ രാജ്യസഭയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമില്ല. മാത്രമല്ല സഖ്യ കക്ഷിയായ എസ്.പി ബില്ലിനെതിരാണെന്നതും സ൪ക്കാറിനെ കുഴക്കുന്നുണ്ട്.
ബിൽ അവതരണത്തിനിടെ കഴിഞ്ഞ ദിവസം സഭയിൽ എസ്.പി- ബി.എസ്.പി അംഗങ്ങൾ തമ്മിൽ കൈയാങ്കളി നടന്നിരുന്നു. ബഹളത്തെത്തുട൪ന്ന് ജാഗ്രത പാലിച്ച ഉപാധ്യക്ഷൻ പി.ജെ കുര്യൻ തനിക്ക് ചുറ്റും വാച്ച് ആൻഡ് വാ൪ഡിനെ നിരത്തിയാണ് ഇന്നലെ ബിൽ അവതരിപ്പിക്കാൻ നാരായണ സ്വാമിയെ ക്ഷണിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.