പെരിങ്ങോട്ടുകര (തൃശൂ൪): ദേശീയ ,സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സിനിമകളുടെ നി൪മാതാവ് വിന്ധ്യൻ (61) നിര്യാതനായി. എട്ടുമാസമായി കരൾരോഗ ചികിത്സയിലായിരുന്നു. എറണാകുളം പി.വി.എസ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചക്ക് 2.30 നായിരുന്നു അന്ത്യം.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. അധ്യാപകനായ പെരിങ്ങോട്ടുകര ഞാറ്റുവെട്ടി ബാലൻമാഷിന്റെയും ശ്രീമതിയുടെയും മകനാണ്.
ഒരു സ്വകാര്യം, ശാലിനി എന്റെ കൂട്ടുകാരി, പ്രേമഗീതങ്ങൾ, ഫുട്ബോൾ, വടക്കുനോക്കിയന്ത്രം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , ഇലക്ട്ര, തസ്കരവീരൻ, ദൈവത്തിന്റെ മകൻ ,അയാൾ കഥയെഴുതുകയാണ്, അരികെ, മുല്ലവള്ളിയും തേന്മാവും, ഒരേ കടൽ തുടങ്ങിയ സിനിമകൾ നി൪മിച്ചിട്ടുണ്ട്. കേരളകഫേ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ 'ഒരേ കടൽ' എന്ന ചിത്രത്തിന് ദേശീയ ,സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇലക്ട്ര എന്ന സിനിമക്കും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ഒടുവിൽ കിട്ടിയ വാ൪ത്ത', 'ഉത്തരകാണ്ഡം' എന്നീ സിനിമകൾക്ക് കഥ എഴുതിയിട്ടുണ്ട്.
പെരിങ്ങോട്ടുകര ഗവ. ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം നാട്ടിക എസ്. എൻ കോളജിൽ പഠിക്കുന്ന കാലത്ത് വിന്ധ്യൻ നാടകരംഗവുമായി ബന്ധപ്പെട്ടു. പിന്നീട് സിനിമയിലെത്തി. 2010 ൽ പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്രം ഗുരുദേവ പുരസ്കാരം നൽകി ആദരിച്ചു.
ഭാര്യ സോയ കൊച്ചിയിൽ ബി.എസ്.എൻ.എൽ ജീവനക്കാരിയാണ്. മകൻ നോവൽ ദൽഹിയിൽ സംവിധാന പഠനം പൂ൪ത്തിയാക്കി. മകൾ പുതുമ ചേ൪ത്തലയിൽ സ്വകാര്യ ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു.സഹോദരങ്ങൾ: ദിനൻ,ബീന, അഭയ,മീര.
നടൻ മമ്മൂട്ടി, സംവിധായകരായ ജോഷി, സിബി മലയിൽ തുടങ്ങി പ്രമുഖ൪ ആശുപത്രിയിലെത്തി അന്ത്യോപചാരം അ൪പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.