ജലോത്സവ പ്രതീതിയില്‍ വള്ളസദ്യ

കോഴഞ്ചേരി: ആറന്മുള വള്ളസദ്യ വഴിപാടിന് ഞായറാഴ്ച 19 പള്ളിയോടങ്ങൾക്കായി 15 വഴിപാടുകാ൪ വള്ളസദ്യ നടത്തി. ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രകടവിൽ 19 പള്ളിയോടങ്ങളെത്തിയത് ജലോത്സവ പ്രതീതി സൃഷ്ടിച്ചു. മല്ലപ്പുഴശേരി, നെല്ലിക്കൽ, കോയിപ്രം, റാന്നി, ഇടയാറന്മുള കിഴക്ക്, ഇടയാറന്മുള, മാലക്കര, ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി,ആറാട്ടുപുഴ,കീച്ചേരിമേൽ, കീഴ്വൻമഴി, തൈമറവുംകര, മാലക്കര, കിഴക്കനോതറ കുന്നേകാട്, ചെറുകോൽ, മാരാമൺ, ഇടശേരിമല, ഇടനാട് എന്നീ പള്ളിയോടങ്ങൾക്കാണ് ഞായറാഴ്ച വള്ളസദ്യ നടന്നത്.
കാണാനെത്തിയ ഭക്തജനങ്ങൾക്ക് ഉത്രട്ടാതിയുടെ ജലോത്സവമാണ് മനസ്സിലൂടെ കടന്നുപോയത്. തുട൪ന്നുള്ള നാളുകളിൽ വള്ളസദ്യകളുടെ തിരക്കാണ്. 15 വള്ളസദ്യകൾ മാത്രമായി നടത്തണമെന്ന ദേവസ്വം ബോ൪ഡിൻെറയും പള്ളിയോടസേവാസംഘത്തിൻെറയും തീരുമാനം മറികടന്നാണ് 19 പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുത്തത്. വഴിപാടുകാരിൽ ഒരാൾ തന്നെ രണ്ടും മൂന്നും പള്ളിയോടങ്ങൾക്ക് വള്ളസദ്യ സമ൪പ്പിക്കുന്നതാണ് കൂടുതൽ പള്ളിയോടങ്ങൾ ആറന്മുള ക്ഷേത്രക്കടവിലെത്തിച്ചേരാൻ ഇടയാക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. തുട൪ന്നുള്ള നാളുകളിൽ വഞ്ചിപ്പാട്ടിൻെറയും ജലമേളയുടെയും  ദിവസങ്ങളാകും.
വള്ളസദ്യ പ്രസാദമായി സ്വീകരിക്കാനെത്തുന്ന ഭക്തജനങ്ങൾ നിരാശരായി മടങ്ങേണ്ടുന്ന സ്ഥിതിയുമുണ്ട്.  ഇരുന്നൂറ്റമ്പതു മുതൽ ആയിരത്തി ആഞ്ഞൂറുവരെയുളള ആളുകൾക്കാണ് സദ്യയൊരുക്കികൊണ്ടിരിക്കുന്നത്. പളളിയോടങ്ങളിലെത്തുന്നവ൪ക്കും അവ൪ ക്ഷണിക്കുന്ന ഭക്തജനങ്ങൾക്കും സദ്യ കൊടുത്തുകഴിഞ്ഞാൽ നിശ്ചയിച്ചതിനപ്പുറത്ത് ക്ഷേത്രദ൪ശനത്തിനെത്തുന്നവ൪ക്ക് വള്ള സദ്യ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇതിനിടയിൽ വള്ളസദ്യ നടത്തുന്നവരിൽ നിന്ന് പാസു വാങ്ങിയ ആളുകൾ ഭക്തജനങ്ങൾക്ക് വിലയ്ക്ക് കൊടുക്കുന്നതായി ആക്ഷേപമുണ്ട്. വള്ളസദ്യ കഴിക്കാനാഗ്രഹിക്കുന്നവ൪ക്ക് അഷ്ടമിരോഹിണിനാളിൽ ആറന്മുള ക്ഷേത്രത്തിൽ നിന്ന് വള്ളസദ്യ നൽകുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അതുകൂടാതെ നൂറ് രൂപയടച്ചാൽ പള്ളിയോട സേവാസംഘത്തിൻെറ ആഭിമുഖ്യത്തിൽ അഷ്ടമിരോഹിണിക്കും ഉത്രട്ടാതി നാളിലും സദ്യ നൽകുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.