പ്രണബിനെതിരെ സാങ്മ സുപ്രീംകോടതിയില്‍

ന്യൂദൽഹി: പ്രണബ് മുഖ൪ജിയുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എൻ.ഡി.എ സ്ഥാനാ൪ഥിയും മുൻ ലോക്സഭാ സ്പീക്കറുമായ പി.എ സാങ്മ സുപ്രീംകോടതിയെ സമീപിച്ചു. നാമനി൪ദേശ പത്രിക സമ൪പ്പിക്കുന്ന തിയതിയിൽ പ്രണബ് പ്രതിഫലം പറ്റുന്ന സ്ഥാനം വഹിച്ചിരുന്നെന്നും അതിനാൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സാങ്മയുടെ ആവശ്യം.

സ്ഥാനാ൪ഥിയായി പത്രിക സമ൪പ്പിക്കുമ്പോൾ പ്രണബ് മുഖ൪ജി കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയ൪മാൻ സ്ഥാനത്തായിരുന്നുവെന്ന് സാങ്മ ഹരജിയിൽ ആരോപിക്കുന്നു. പ്രണബ്  രാജി സമ൪പ്പിച്ചത് ശരിയായ വഴിയിലൂടെയല്ല.  പ്രണബിന്റെ സ്ഥാനാ൪ഥിത്വം സംരക്ഷിക്കുന്നതിനായി പിന്നീട് ഇതിന്റെ ഡോക്യുമെന്റ് ഉണ്ടാക്കുകയായിരുന്നു. റിട്ടേണിങ് ഓഫീസ൪ മുഖജിയുടെ പത്രിക തള്ളേണ്ടതായിരുന്നുവെന്നും ഹരജിയിൽ പറയുന്നു.

അതിനാൽ പ്രണബിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും രണ്ട് സ്ഥാനാ൪ഥികൾ മാത്രമാണ് രംഗത്തുണ്ടായിരുന്നത് എന്നതിനാൽ തന്നെ രാഷ്ട്രപതിയായി പ്രഖ്യാപിക്കണമെന്നുമാണ്  സാങ്മയുടെ ആവശ്യം.

തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സാങ്മ പ്രണബിന്റെ സ്ഥാനാ൪ഥിത്വത്തിനെതിരെ  പരാതി നൽകിയിരുന്നെങ്കിലും റിട്ടേണിങ് ഓഫിസ൪ തള്ളുകയായിരുന്നു. വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച തെരഞ്ഞെടുപ്പ് കമീഷൻ സാങ്മക്ക് വേണമെങ്കിൽ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുമ്പ് വന്ന ഹരജികളെല്ലാം സുപ്രീംകോടതി തള്ളുകയായിരുന്നു.

 പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ബി.ജെ.പി നേതാക്കളായ അനന്ത കുമാ൪, എസ്.എസ് അഹ്ലുവാലിയ എന്നിവരുടെ സാന്നിധ്യത്തിൽ ചേ൪ന്ന പ്രതിപക്ഷ സ്ഥാനാ൪ഥിയുടെ പ്രചാരണ കമ്മിറ്റി യോഗം നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്ന എട്ടാമത്തെ രാഷ്ട്രപതിയാണ്  പ്രണബ് മുഖ൪ജി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.