‘അവര്‍ അവനെ കൊന്നു’

ഞാനും സത്നംസിങ്ങും ജ്യേഷ്ഠാനുജന്മാരുടെ മക്കളാണ്. രണ്ടു ഡസൻ അംഗങ്ങളുള്ള ബ്രാഹ്മണ കൂട്ടുകുടുംബമാണ് ഞങ്ങളുടേത്. ഷേ൪ഘട്ടിയിലെ ആ വീട്ടിൽനിന്ന് മാധ്യമപ്രവ൪ത്തകനായി ഞാൻ ദൽഹിയിൽ എത്തിയിട്ട് ഏഴെട്ടു കൊല്ലമായി. കൊല്ലം പൊലീസ് സ്റ്റേഷനിൽവെച്ചു കാണുന്നതിന് എട്ടുമാസം മുമ്പാണ് സത്നമിനെ ഞാൻ വീട്ടിൽ പോയപ്പോൾ കണ്ടത്. താടിയും മുടിയും നീണ്ടുവള൪ന്ന് കോലംകെട്ട സത്നമിനെ ഞാൻ  ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ല. സത്നം വളരെ മിടുക്കനായിരുന്നു. സ്കീസോഫ്രീനിയ എന്ന മനോരോഗത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ് അവനെന്ന് പക്ഷേ, ഞങ്ങൾ തിരിച്ചറിയാൻ വൈകി. ലഖ്നോവിലെ നാഷനൽ ലോ യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ പോയ സത്നമിന് കോഴ്സ് പൂ൪ത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നെ വീടായിരുന്നു അവൻെറ ലോകം. പല മനോരോഗ വിദഗ്ധരെയും കാണിച്ചു. പിന്നത്തെ ജീവിതം മരുന്നിൻെറ ബലത്തിലായിരുന്നു. വിലകൂടിയ മരുന്നുകൾ. അതിൻെറ വീര്യത്തിന് അടിപ്പെട്ട ജീവിതം. മിക്കവാറും ഉറക്കം തന്നെ, ഉറക്കം. എങ്കിലും മരുന്നിനെയും തോൽപിച്ച് സത്നം കവിതയെഴുതും പാടും, കമ്പ്യൂട്ടറിൽ ഇൻറ൪നെറ്റിൻെറ ലോകത്ത് തെരയും, അ൪ഥമുള്ള വലിയ ചിന്തകൾ പറയും, വെറുതെ നടക്കാൻ പോകും, ചിലപ്പോൾ കുറേ ദൂരേക്കും പോകും. സത്നമിൻെറ മനോരോഗം നാട്ടുകാരിൽ പല൪ക്കും അറിയുകയും ചെയ്യാം.
ആത്മീയ ചിന്തകനെന്ന നിലയിലൊക്കെ സത്നം സംസാരിക്കുന്നതു കണ്ട് ഞാനും അദ്ഭുതപ്പെട്ടു നിന്നുപോയിട്ടുണ്ട്. ഒരിക്കൽ വീട്ടിൽനിന്നിറങ്ങി നേരെ പോയത് കൊൽക്കത്തയിലെ ബേലൂ൪ മഠത്തിലാണ്. അവിടത്തെ മഠാധിപതിയുമായി ഏറെ നേരം സംസാരിച്ചു തിരിച്ചുപോന്നതിൻെറ കഥ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നൊരിക്കൽ ബോധ്ഗയയിലെ രാമകൃഷ്ണാശ്രമത്തിൽ. കഴിഞ്ഞ മേയ് 30ന് രാത്രി ട്രൗസറും ടീ ഷ൪ട്ടും വള്ളിച്ചെരുപ്പുമിട്ട് സത്നം വീട്ടിൽനിന്നിറങ്ങിയത് അത്തരം മറ്റൊരു സഞ്ചാരമായിരുന്നു. അന്നേരം കൈയിൽ 60 രൂപയുണ്ടായിരുന്നുവെന്നാണ്, അമൃതാനന്ദമയീ മഠത്തിൽനിന്ന് പിടിക്കപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വെച്ചു കണ്ടപ്പോൾ സത്നം എന്നോടു പറഞ്ഞത്. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ 50 രൂപക്ക് വിറ്റു. ഷേ൪ഘട്ടിയിലെ വീട്ടിൽ നിന്ന് ഗയയിലേക്ക് 40 കിലോമീറ്ററുണ്ട്. അവിടേക്ക്  അസമയത്ത് നടക്കുകയായിരുന്ന സത്നമിനെ പരിചയമുള്ള നാട്ടുകാരിലൊരാൾ കണ്ടു. വെറുതെ നടക്കാനിറങ്ങിയതാണ് എന്നായിരുന്നു ചോദിച്ചപ്പോൾ മറുപടി. വഴക്കുപറഞ്ഞ് ബൈക്കിന് പിന്നിൽകയറ്റി അയാൾ വീട്ടിൽ തിരിച്ചെത്തിച്ചു. പക്ഷേ, സത്നം പിന്നെയും ആ രാത്രിതന്നെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയതാണ്. 22 വ൪ഷം ജീവിച്ച വീട്ടിൽ നിന്ന് എന്നന്നേക്കുമായുള്ള ഇറക്കമായിരുന്നു അതെന്ന് ഞങ്ങളറിഞ്ഞില്ല. കാണാതായെന്ന് പൊലീസിൽ പരാതി കൊടുത്തിട്ടും കാര്യമൊന്നുമുണ്ടായില്ല.
അലഹബാദിലുമൊക്കെ കറങ്ങി ഒടുവിൽ അമൃതാനന്ദമയി മഠത്തിൽ എത്തിയ ഈ ‘തീവ്രവാദി’യെ വെറും ട്രൗസറിലാണ് പിടികൂടിയത്. ആഗസ്റ്റ് ഒന്നിനാണ് കൊല്ലം പൊലീസ് വീട്ടിൽ വിവരമറിയിക്കുന്നത്. ഭാഷ കൈകാര്യം ചെയ്യാൻ കൂടുതൽ അറിയാവുന്നതുകൊണ്ട് ഞാൻ പെട്ടെന്നു പോകണമെന്ന് സത്നമിൻെറ പിതാവ് ആവശ്യപ്പെട്ടു. നാട്ടിലെ പൊലീസ് സ്റ്റേഷനിൽനിന്ന് വിളിച്ച് സത്നം മനോരോഗിയാണ്, കാണാതായെന്ന് രണ്ടുമാസം മുമ്പ് വീട്ടുകാ൪ പരാതി തന്നിട്ടുള്ളതാണ്, ഒറ്റക്ക് വിട്ടുകളയരുത് എന്നെല്ലാം കൊല്ലം പൊലീസിനെ അറിയിക്കുകയും ചെയ്തു. വിമാനമാ൪ഗം തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ ഹ൪ത്താൽ ദിവസമായിരുന്നു. 2000 രൂപക്ക് ഓട്ടോറിക്ഷ പിടിച്ച് ആഗസ്റ്റ് രണ്ടിന് ഉച്ചതിരിഞ്ഞ് പൊലീസ് സ്റ്റേഷനിൽ എത്തുമ്പോൾ സെല്ലിൽ അണ്ട൪വെയ൪ മാത്രമിട്ടു നിൽക്കുകയാണ് സത്നം. എന്നെ തിരിച്ചറിഞ്ഞില്ല. അവൻെറയും കുടുംബത്തിലുള്ളവരുടെയും പഴയ ചില ഫോട്ടോകൾ കാണിച്ചു കൊടുത്തതിനൊടുവിലാണ് സെല്ലിൽ കിടന്ന അവൻ എൻെറ നേരെ നോക്കിയത്. നാലഞ്ചു ദിവസമായി വല്ലതും കഴിച്ചിട്ടെന്നു പറഞ്ഞു. പക്ഷേ, പരിക്കൊന്നും ഉണ്ടായിരുന്നില്ല. കഥയെല്ലാം പൊലീസും ഞാനും പരസ്പരം വിശദീകരിച്ചു. അവൻെറ ചികിത്സയുടെ കാര്യങ്ങളും മരുന്നിൻെറ കുറിപ്പടികളുമൊക്കെ കാണിച്ചു കൊടുത്തു.  
അതിനുമുമ്പും ശേഷവും എന്തൊക്കെയാണ് നടന്നതെന്ന് മലയാളികളോട് ഞാൻ പറയേണ്ടതില്ല. സത്നമിനെ കോടതിയിൽ ഹാജരാക്കുന്ന സമയത്ത് എന്നെ അറിയിക്കണമെന്ന് പൊലീസിനോട് ഞാൻ അഭ്യ൪ഥിച്ചു. മനോരോഗിയായതിനാൽ ജയിലിലേക്ക് അയക്കരുത്, മനോരോഗാശുപത്രിയിലാക്കാൻ വേണ്ടതു ചെയ്യണമെന്ന് അപേക്ഷിച്ചു. വൈകീട്ട് അവിടെനിന്നിറങ്ങി സത്നത്തിനുവേണ്ടി ഒരു അഭിഭാഷകനെ ഏ൪പ്പാടാക്കുകയും ചെയ്തു. പക്ഷേ, പൊലീസ് വേറെ വഴിക്കാണ് നീങ്ങിയത്. എന്നോട് ഒന്നും പറഞ്ഞില്ല. രാത്രി എട്ടരക്ക്  വക്കീൽ എന്നെ വിളിച്ചു. സത്നമിനെ ജയിലിലാക്കിയെന്ന് വാ൪ത്തകൾ വരുന്നുണ്ടെന്ന് അറിയിച്ചു. ഞാൻ സ൪ക്കിൾ ഇൻസ്പെക്ടറെ ചെന്നുകണ്ടു. ആശുപത്രിയിലാക്കാൻ തക്ക പ്രശ്നമൊന്നും സത്നമിന് ഇല്ലെന്നായിരുന്നു മറുപടി. കൂടുതൽ സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘മുകളിൽനിന്നുള്ള ഓ൪ഡറാണ്.’ അതനുസരിക്കുകയാണ് അദ്ദേഹം ചെയ്യുന്നതത്രേ. കോടതി വീണ്ടും കേസ് കേൾക്കുന്നത് ആഗസ്റ്റ് ആറിനാണ്. പിറ്റേന്ന്  (ആഗസ്റ്റ്  മൂന്ന്) ഞാൻ വക്കീലിനെ കണ്ട് വാദത്തിന് വേണ്ട രേഖകളെല്ലാം കൊടുത്തു. അന്ന് രാവിലെതന്നെ ജയിലിൽ നിന്ന് സത്നമിനെ പേരൂ൪ക്കട മനോരോഗാശുപത്രിയിലേക്ക് മാറ്റി. അതൊന്നും പക്ഷേ, എന്നെയോ കുടുംബത്തിലാരെയെങ്കിലുമോ പൊലീസ് അറിയിച്ചില്ല.
ആഗസ്റ്റ് നാല്. അമൃതാനന്ദമയി മഠത്തിൽ പോയി കാര്യങ്ങളെല്ലാം പറയണമെന്ന് തോന്നി. സത്നമിൻെറ അച്ഛനും അങ്ങനെ ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഞാൻ അവിടെയെത്തി. മാതാ അമൃതാനന്ദമയിയെത്തന്നെ കണ്ടു. ഒരു മണിക്കൂറിലേറെ സംസാരിച്ചു. മഠത്തിലെ മറ്റു വേണ്ടപ്പെട്ടവരെയും കണ്ടു. സത്നമിൻെറ മനോനിലയെക്കുറിച്ചും മറ്റും വിശദീകരിച്ചു. കടലാസുകൾ കാണിച്ചുകൊടുത്തു. ഒക്കെയും ശരിയാകാമെങ്കിലും, സത്നം ‘ബിസ്മില്ലാഹി’ ചൊല്ലിയത് എന്തുകൊണ്ടാണെന്നായിരുന്നു സംശയം കല൪ന്ന ചോദ്യം. ആത്മീയത തലക്കുപിടിച്ചതുപോലെ പലപ്പോഴും സംസാരിക്കുന്ന സത്നം എല്ലാ മതഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. ബൈബിളിൽനിന്നു വേണമെങ്കിലും അവന് ചിലതൊക്കെ പറയാൻ കഴിയും. ആധികാരികമെന്ന മട്ടിൽ സംസാരിക്കാനും പറ്റും. പൊലീസ് സ്റ്റേഷനിൽവെച്ച് സംസാരിക്കുമ്പോൾ അവൻ ഏറ്റവും കൂടുതൽ ഉച്ചരിച്ച വാക്ക് ‘മാഗ്നറ്റിക് ഫീൽഡ്’ ആണ്. ഒരു മനോരോഗിയുടെ മനോവ്യാപാരങ്ങൾക്കൊത്ത ജൽപനങ്ങൾ. അതുകേട്ട് സത്നമിനെ തീവ്രവാദിയെന്ന മട്ടിൽ ചിത്രീകരിച്ചാൽ ഞങ്ങൾ എന്തുചെയ്യാൻ? അമൃതാനന്ദമയി മഠത്തിൽ എല്ലാ സമുദായക്കാരെയും സ്വീകരിക്കുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അമ്മ എല്ലാവ൪ക്കും വേണ്ടിയാണെന്ന് പറയുകയും ചെയ്യുന്നു. അമൃതാനന്ദമയി മഠത്തിൽ എത്തുന്ന വിദേശികൾ ജന്മം കൊണ്ട് ക്രൈസ്തവരാണ്. അങ്ങനെയിരിക്കേ, ‘ബിസ്മില്ലാഹി’ ഉച്ചരിച്ചാൽതന്നെ എന്താണ് പ്രശ്നം? അങ്ങനെ ചോദിക്കുമ്പോൾ ബ്രാഹ്മണരാണെങ്കിലും ഹിന്ദുമത വിശ്വാസികളല്ലെന്നൊരു ധാരണ ഉണ്ടായേക്കാം. അതുകൊണ്ട് പറയട്ടെ -ഞങ്ങളെല്ലാവരും ദൈവത്തിൽ വിശ്വസിക്കുകയും അനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യുന്നവരാണ്.
അന്ന് രാത്രി പതിനൊന്നരയോടെ വക്കീൽ വീണ്ടും വിളിച്ചത് നടുക്കുന്ന വിവരം പറയാനായിരുന്നു. സത്നം  മരിച്ചതായി ടി.വി ചാനലുകളിൽ കാണിക്കുന്നു. മരണകാരണം എന്താണെന്ന് അറിയില്ല. മരണവിവരം ബന്ധുക്കളായ ഞങ്ങളെ പൊലീസോ മറ്റ് അധികൃത൪ ആരെങ്കിലുമോ അറിയിച്ചില്ല. ഞാൻ പുല൪ച്ചെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തി. അപ്പോഴേക്കും വിവരമറിക്കാൻ ഒരുപാടു പേ൪. മൃതദേഹം കണ്ടു. ദേഹം നിറയെ കരുവാളിച്ച പാടുകൾ. ഇരുമ്പുകമ്പികൊണ്ടും ബെൽറ്റുകൊണ്ടുമൊക്കെ അടിച്ചതുപോലെ മുപ്പതോളം പരിക്കുകൾ. തലക്കും കഴുത്തിനുമൊക്കെ പാടുണ്ട്. അവനെ അടിച്ചുകൊന്നു. ആരൊക്കെയാണ് അതിനു പിന്നിലുള്ളതെന്ന് അറിയില്ല. എവിടെനിന്നൊക്കെ അടികിട്ടിയെന്ന് അറിയില്ല. മനോരോഗിയായ ഒരാളെ തല്ലിക്കൊല്ലുന്ന  മാനസികാവസ്ഥ എന്താണ്? അറിയില്ല.
സത്നമിനെ മഠത്തിൽനിന്ന് പിടികൂടുന്നതിൻെറ ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടികൂടുന്നതിൻെറയും വാഹനത്തിൽ കയറ്റുന്നതിൻെറയും വീഡിയോ ദൃശ്യങ്ങളാണ് കാണുന്നത്. രണ്ടിനും ഇടക്കുള്ള ചിത്രങ്ങൾ പുറത്തു വന്നിട്ടില്ല. അവിടെവെച്ച് അടി കിട്ടിയിരിക്കാം. പൊലീസ് സ്റ്റേഷനിൽനിന്ന് കൊണ്ടുപോയ ശേഷം, ജയിലിൽ നിന്നിറങ്ങുന്നത്, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് -ഇതിൻെറയൊന്നും ദൃശ്യങ്ങളില്ല. മരിക്കാൻ പാകത്തിൽ മ൪ദനമേറ്റത് എവിടെ നിന്നാണെന്ന് അതുകൊണ്ടു തന്നെ വ്യക്തമല്ല. നിഷ്പക്ഷമായ പുറം അന്വേഷണം കൊണ്ടു മാത്രമേ വിവരങ്ങൾ അറിയാൻ പറ്റൂ. സംസ്ഥാന പൊലീസിനെതിരെ സംസ്ഥാന പൊലീസ് തന്നെ അന്വേഷിച്ചാൽ, ഒരു പുറംനാട്ടുകാരൻെറ മരണത്തിന് പിന്നിലെ സത്യം പുറത്തുവരില്ല. സംസ്ഥാന രഹസ്യന്വേഷണ വിഭാഗത്തിലുള്ള ചില ഉന്നത൪ ഈ കേസിൽ വല്ലാത്ത വ്യഗ്രത കാണിച്ചുവെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുമുണ്ട്. ഒരു മൊട്ടുസൂചിപോലും കൈയിലില്ലാതെ, അമൃതാനന്ദമയിയുടെ വേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ഒരു മനോരോഗിക്ക് മേൽ, ഇന്ത്യൻ ശിക്ഷാനിയമത്തിൻെറ 307ാം വകുപ്പു പ്രകാരം വധശ്രമത്തിനും മറ്റും കേസ് രജിസ്റ്റ൪ ചെയ്തതിൻെറ ന്യായം മനസ്സിലാക്കാനും സാധിക്കുന്നില്ല. മനോരോഗിയെ  മനോരോഗാശുപത്രിയിലാക്കുന്നതിന് പകരം ജയിലിലേക്ക് അയക്കുകയും പിന്നീട്  മനോരോഗാശുപത്രിയിൽ അപകടകരമായ സെല്ലില്ലിടുകയും ചെയ്തതിൻെറ പ്രേരണയെന്താണെന്നും അറിയില്ല.
മൃതശരീരവുമായി ഞാനും സത്നമിൻെറ പിതാവും ഏറ്റവും നേരത്തെ സ്ഥലംവിടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള താൽപര്യമാണ് മരണശേഷം കണ്ടത്. മൃതദേഹം കൊണ്ടുപോകുന്നതിൻെറ എല്ലാ ക്രമീകരണവും വേഗത്തിൽ നടന്നു. പക്ഷേ, അതിനുശേഷം ഞങ്ങളെ കേസിൻെറ മറ്റുകാര്യങ്ങളെക്കുറിച്ച് ഒന്നും അറിയിച്ചിട്ടില്ല. എഫ്.ഐ.ആറിൻെറ പക൪പ്പ് തന്നിട്ടില്ല. പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ട് തന്നിട്ടില്ല. എല്ലാം നൽകാമെന്നായിരുന്നു വാഗ്ദാനം. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒരാൾ കൊല്ലപ്പെട്ടാൽ 24 മണിക്കൂറിനകം ദേശീയ മനുഷ്യാവകാശ കമീഷനെ വിവരമറിയിക്കണം. അതുണ്ടായിട്ടില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
സത്നം ഞങ്ങൾക്കു നഷ്ടപ്പെട്ടു. സ്കിസോഫ്രീനിയയുള്ള ഒരാളുടെ ജീവിതം ആത്മഹത്യയിൽ കലാശിച്ചെന്നു വരാമെന്ന് മനോരോഗ വിദഗ്ധ൪ പറയുമായിരിക്കാം. പക്ഷേ, ഇവിടെ സംഭവിച്ചത് ഒരു മനോരോഗിയെ തല്ലിക്കൊല്ലുകയാണ്. കേരളം സാമൂഹികബോധത്തിൽ മുന്നിലാണെന്നായിരുന്നു ഞാൻ ഇതുവരെ മനസ്സിലാക്കിവെച്ചത്. കേരളത്തിൽവെച്ച് മനോനില തെറ്റിയെങ്കിലും മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ അവനെ കാണുകയും പിന്നീട് കൊലചെയ്യപ്പെട്ട നിലയിൽ കാണേണ്ടിവരുകയും ചെയ്ത ഒരേയൊരു ബന്ധുവാണ് ഞാൻ. അവൻെറ മരണം എന്നെ ജീവിതകാലം മുഴുവൻ വേട്ടയാടും. അവനും എനിക്കും കേരളത്തിൽ നീതികിട്ടിയില്ല. അവൻ പോയെങ്കിലും നീതിയുടെ ഒരംശമെങ്കിലും കിട്ടുന്നതുവരെ അതിനുവേണ്ടി ശ്രമിക്കണമെന്ന ചിന്ത എന്നെ അലട്ടുന്നതും അതുകൊണ്ടുതന്നെയാണ്. എന്നെക്കൊണ്ട് കഴിയാവുന്നത്ര ഞാൻ ശ്രമിക്കും.
l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT