ന്യൂയോ൪ക്: അന്യലേഖനത്തിലെ ആശയങ്ങൾ സ്വന്തം ലേഖനത്തിൽ തിരുകിക്കയറ്റിയതിന് പ്രമുഖ കോളമിസ്റ്റും ടൈം എഡിറ്ററുമായ ഫരീദ് സകരിയക്ക് സസ്പെൻഷൻ.
ടൈം വാരികയിലെ സ്ഥിരം പംക്തിയിൽ മറ്റൊരു എഴുത്തുകാരൻെറ വാചകങ്ങൾ അപ്പടി പക൪ത്തിയതിനാണ് ടൈം മാസികയും സി.എൻ.എന്നും സകരിയയെ സസ്പെൻഡ് ചെയ്തത്.
കുറ്റം സമ്മതിച്ച ഫരീദ് സകരിയ വലിയ പിഴവാണ് തൻെറ ഭാഗത്തുനിന്നുണ്ടായതെന്ന് ഏറ്റുപറഞ്ഞിരുന്നു. ക്ഷമാപണം അംഗീകരിക്കുന്നുവെന്നും എന്നാൽ, ഒരു മാസത്തേക്ക് പംക്തി ഒഴിവാക്കുകയാണെന്നും ബാക്കി കാര്യങ്ങൾ അതിനുശേഷം തീരുമാനിക്കുമെന്നും ടൈം വക്താവ് പ്രതികരിച്ചു.
അദ്ദേഹത്തിൻെറ ഞായറാഴ്ചത്തെ വിദേശകാര്യപരിപാടിയായ ‘ജി.പി.എസി’നു പകരം തൽകാലം മറ്റ് രണ്ട് പരിപാടികളായിരിക്കുമെന്നും സി.എൻ.എൻ അറിയിച്ചു.
ആഗസ്റ്റ് 20 ലക്കത്തിലെ ടൈം മാസിക പ്രസിദ്ധീകരിച്ച സകരിയയുടെ ‘ദ കേസ് ഫോ൪ ഗൺ കൺട്രോൾ’ പംക്തിയിലാണ് ഹാ൪വാഡ് സ൪വകലാശാല ചരിത്രവിഭാഗം പ്രഫസറായ ജിൽ ലീപോ൪ ഏപ്രിലിൽ ന്യൂയോ൪ക്ക൪ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ വാചകങ്ങൾ നേരിയ വ്യത്യാസത്തോടെ പ്രത്യക്ഷപ്പെട്ടത്.
മാധ്യമങ്ങൾ സംഭവം കണ്ടെത്തിയതോടെ വെള്ളിയാഴ്ച സകരിയ ലീപോറിനോടും തൻെറ പത്രാധിപരോടും വായനക്കാരോടും ക്ഷമാപണം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.