ആഴക്കടലില്‍ രക്ഷകനായി സേതുമാധവന്‍

തൃക്കരിപ്പൂ൪: കഴിഞ്ഞ ദിവസം വള്ളങ്ങൾ കൂട്ടിയിടിച്ച് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷിച്ച യുവാവ് നാടിനഭിമാനമായി. വലിയപറമ്പ് സ്വദേശിയായ കെ. സേതുമാധവനാണ് സ്വന്തം ജീവൻ പണയം വെച്ച് കൊയിലാണ്ടി സ്വദേശികളായ മൂന്നുപേരെ രക്ഷിച്ചത്.
കടൽതീരത്ത് പിതാവിനൊപ്പം തെങ്ങിന് തടം കോരുന്നതിനിടെയാണ് ഉദിനൂ൪ കടപ്പുറത്ത് തോണിയപകടം നടന്ന വിവരം സേതു അറിയുന്നത്. തീരത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെയായിരുന്നു അപകടം. ചെമ്മീൻ ചാകര കണ്ടപ്പോൾ വലയെറിഞ്ഞ വള്ളങ്ങളിൽ ഒന്ന്, പിന്നാലെ വന്ന മറ്റൊന്നുമായി കൂട്ടിയിടിച്ച് തകരുകയായിരുന്നു. ഇതിനിടെ കടൽ പ്രക്ഷുബ്ധമാവുകയും ചെയ്തു.
അപകടസ്ഥലത്തേക്ക് നീന്തിയെത്തിയ സേതു, നീന്തൽ നല്ലവണ്ണം വശമില്ലാതെ കടലിൽ മുങ്ങിത്താഴുകയായിരുന്ന തോണിയുടമ വേണു(30)വിനെ പ്ളാസ്റ്റിക് കന്നാസിൽ പിടിപ്പിച്ചാണ് കരയിലെത്തിച്ചത്. പീതാംബരൻ, പ്രതാപൻ എന്നിവരെ കന്നാസുകളും കയറും നൽകി കരയിലെത്തിച്ചു.  കടലിൽ അകപ്പെട്ട മറ്റൊരു തൊഴിലാളിയായ മോഹനൻ ഇതിനിടയിൽ അബോധാവസ്ഥയിലായിരുന്നു. കരയിൽ കാത്തുനിന്ന പരിസരവാസികളാണ് പ്രഥമ ശുശ്രൂഷ നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.