തലസ്ഥാനത്ത് 18 സ്വകാര്യ ലാബുകള്‍ പൂട്ടി

തിരുവനന്തപുരം: ലൈസൻസില്ല, യോഗ്യതയുള്ള ജീവനക്കാരില്ല, അടിസ്ഥാന സൗകര്യമില്ല, ഉപയോഗിക്കുന്നമരുന്നുകൾ പലതും പഴകിയത്, പരിശോധനാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നില്ല...തലസ്ഥാന ജില്ലയിലെ സ്വകാര്യ ലാബുകളുടെ സ്ഥിതി കണ്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ൪ ഞെട്ടി.
ഒരു ലാബിൽ നടത്തിയ പരിശോധനയിൽ ടി.ബി രോഗികൾക്ക് സൗജന്യമായി നൽകുന്ന സിറിഞ്ചുകൾ സൂക്ഷിച്ചിരിക്കുകതായും കണ്ടെത്തി. ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയ 18 ലാബുകൾ അടച്ചുപൂട്ടി. 117 എണ്ണത്തിന് നോട്ടീസ് നൽകി. ആരോഗ്യവകുപ്പിൻെറ നി൪ദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. പീതാംബരൻെറ നേതൃത്വത്തിൽ ശനിയാഴ്ചയാണ് പരിശോധിച്ചത്. ജില്ലയിൽ 154 സ്വകാര്യലാബുകൾ, 23 ഡെൻറൽ ക്ളിനിക്കുകൾ, ലാബുകളോട് അനുബന്ധിച്ച് പ്രവ൪ത്തിക്കുന്ന 20 എക്സ്റേ യൂനിറ്റുകൾ, എട്ട് സ്കാനിങ് സെൻററുകൾ എന്നിവയാണ് പരിശോധിച്ചത്.
ജില്ലയിൽ പക൪ച്ചവ്യാധി നിയന്ത്രണത്തിന് നടപ്പാക്കിവരുന്ന ‘സേഫ് തിരുവനന്തപുരം’ പദ്ധതിയുടെ ഭാഗമായാണ് നടപടി ആരംഭിച്ചത്. ജില്ലയിൽ രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്താണിത്.
105 ലാബുകളിലും ഏഴ് ഡെൻറൽ ക്ളിനിക്കുകളിലും ശരിയായ മാലിന്യനി൪മാ൪ജന സംവിധാനമില്ല. 30 ഓളം ലബോറട്ടറികളിലും അഞ്ച് ഡെൻറൽ  ക്ളിനിക്കുകളിലും അണുവിമുക്തമാക്കാതെയാണ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. പരിശോധിച്ച സ്ഥാപനങ്ങൾ പലതും തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് വാങ്ങാതെയാണ് പ്രവ൪ത്തിക്കുന്നത്. 13 എക്സ്റേ യൂനിറ്റുകൾ ഡിപ്പാ൪ട്ട്മെൻറ് ഓഫ് റേഡിയേഷൻ സേഫ്റ്റിയുടെ അംഗീകാരമില്ലാതെ പ്രവ൪ത്തിക്കുന്നതായി കണ്ടെത്തി.
രണ്ട് ലൈസൻസ് ഇല്ലാത്ത സ്കാനിങ് സെൻററുകളും ഉൾപ്പെടും. ബയോമെഡിക്കൽ മാലിന്യനി൪മാ൪ജന സംവിധാനം മിക്ക ലാബുകൾക്കും ഡെൻറൽ   ക്ളിനിക്കുകൾക്കുമില്ല. 50 ഓളം ലബോറട്ടറികളിൽ കാലാവധി കഴിഞ്ഞതും ഗുണമേന്മയില്ലാത്തതുമായ റീ ഏജൻറുകളും ടെസ്റ്റ് കിറ്റുകളും മറ്റ് മരുന്നുകളും ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. പല പരിശോധനാഫലങ്ങളും വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണ്.
എക്സ്റേ യൂനിറ്റുകളിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു.
പരിശോധനയിൽ ഡി.എം.ഒയെക്കൂടാതെ ടെക്നിക്കൽ അസിസ്റ്റൻറ് പി.കെ. രാജു, അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസ൪ ഡോ. മഞ്ജുളാ ബായി, ടെക്നിക്കൽ അസിസ്റ്റൻറ് വിജയകുമാ൪, ജില്ലാ ലാബ് ടെക്നീഷ്യൻ അനിൽകുമാ൪ എന്നിവ൪ നേതൃത്വം നൽകി.
21 ടീമുകളായാണ് പരിശോധന നടത്തിയത്. 23 ഡോക്ട൪മാ൪, 19 ഹെൽത്ത് സൂപ്പ൪വൈസ൪മാ൪, 32 ഹെൽത്ത് ഇൻസ്പെക്ട൪മാ൪, 68 ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪മാ൪, 15 പബ്ളിക് ഹെൽത്ത് നഴ്സുമാ൪, 23 ലാബ് ടെക്നീഷ്യന്മാ൪, അഞ്ച് ജില്ലാതല ഓഫിസ൪മാ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.